ലൗഡ് സ്‌പീക്കര്‍ എന്ന ചിത്രത്തിനു ശേഷം ഹാര്‍വെസ്‌റ്റ് ഡ്രീംസ് എന്റര്‍ടൈമെന്റ്‌സ് െ്രെപവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ മമ്മൂട്ടിയും ജയരാജും ഒന്നിക്കുന്ന മലയാള ചലച്ചിത്രമാണ് ദ് ട്രെയിന്‍ . മെയ് മാസം 27ന് തീയറ്ററുകളില്‍ എത്തിയ ചിത്രം , 7/11ന് മുംബയില്‍ അരങ്ങേറിയ ട്രെയിന്‍ സ്‌ഫോടന പരംബരകളെ കുറിച്ചും ഈ സ്‌ഫോടനങ്ങള്‍ ഒരു കൂട്ടം സാധാരണക്കാരുടെ ജീവിതങ്ങളെ എങ്ങനെ മാറ്റി മറിച്ചു എന്നതിനെ കുറിച്ചുമാണു പ്രതിപാദിക്കുന്നത്. മമ്മുട്ടിയുടെ കേദാര്‍ നാഥ് എന്ന കഥാപാത്രം, 2008, നവംബര്‍ 26നു നടന്ന മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എടിഎസ് ചീഫ് ഹേമന്ത് കാര്‍ക്കറെയെ അനുസ്‌മരിപ്പിക്കുന്നതാണെന്ന് ചിത്ര ത്തിന്റെ പരസ്യ വാചകം അവകാശപ്പെടുന്നു. ജയരാജ് തന്നെ കഥയും തിരക്കഥയും എഴുതി സംവിധാനം നിര്‍റ്വഹിച്ചിരിക്കുന്ന ചിത്രം ചിത്രീകരിച്ചിരിക്കുന്നതു പൂര്‍ണ്ണമായും മുംബൈയില്‍ ആണ്. മമ്മൂട്ടി, ജയസൂര്യ, സായികുമാര്‍ , ജഗതി ശ്രീകുമാര്‍ , കോട ശ്രീനിവാസ്, വിനായകന്‍ , അഞ്ചല്‍ സബര്‍വാള്‍ , കെ.പി.എസ്.സി. ലളിത തുടങ്ങിയവര്‍ പ്രഥാന വേഷങ്ങളില്‍ എത്തുന്നു.
ബോളിവുഡ് ചലച്ചിത്രം യേ മേരാ ഇന്‍ഡ്യയുടെ ശക്‌തമായ സ്വാധീനം ഈ ചിത്രത്തിനുണ്ടു എന്നതു പറയാതിരിക്കാനാവില്ല. പ്രത്യക്ഷത്തില്‍ ഒരു ബന്ധവുമില്ലാത്ത ഒരു കൂട്ടം ആളുകളുടെ ഒരു ദിവസത്തെ ജീവിതം എങ്ങിനെ രാത്രി 9 മണിക്കുള്ള വാര്‍ത്തയിലെ ചങ്ങലകളാകുന്നുവെന്നും, നഗര ജീവിതത്തില്‍ നഷ്‌ടപെട്ടു പോകുന്ന അസ്‌തിത്വവും സ്വത്വവും സ്വകാര്യതയും, മാന അഭിമാനങ്ങളും, എല്ലാം പ്രസ്‌തുത സിനിമയില്‍ ചര്‍ച്ചാ വിഷയമാകുന്നു. അതേ പാറ്റേണില്‍ തന്നെയാണ് ദ് ട്രെയിനിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഥാപാത്രങ്ങള്‍ക്കു പോലും ആ സമാനതകള്‍ ഉണ്ട്.ഒരു സൂപ്പര്‍ താരത്തിന്റെ അധിക ബാദ്ധ്യതയില്ലെന്ന സവിശേഷതയും ആ ചിത്രത്തിനുണ്ട്.
ദ് ട്രെയിന്‍ ശരാശരിക്കും മേലേ നിലവാരം പുലര്‍ത്തുന്ന ഒരു ചലച്ചിത്രമാണ് എന്നു പറയാനാകില്ല. അതിനു പല കാരണങ്ങള്‍ ഉണ്ട്. പ്രധാനമായും പറയാനുള്ളതു സ്‌ക്രിപ്‌റ്റില്‍ ഇല്ലാതെ പോയ തുടര്‍ച്ചയെ സംബന്ധിച്ചാണ്. അവിടെയും ഇവിടെയും കിടക്കുന്ന ഒരു കൂട്ടം സംഭവങ്ങളെ ഒരൊറ്റ ക്ലൈമാക്‌സില്‍ കൂട്ടിയിണക്കുംമ്പോള്‍ സംവിധായകന്‍ പാലിക്കേണ്ടിയിരുന്ന സൂക്ഷ്‌മത, ഒരു കുറവായി ചിത്രത്തില്‍ ഉടനീളം അനുഭവപ്പെടുന്നു. ആദ്യ ദിവസം എറണാകുളം ഓബ്രോണ്‍മാളിലാണ് ഈ ചിത്രം ഞാന്‍ കണ്ടതു. ക്ലാരിറ്റി തീരെ ഉണ്ടായില്ല. ഏതാണ്ട് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതു പോലുണ്ട് ചിത്രത്തിന്റെ ആദ്യ രംഗങ്ങള്‍. യ്യെ മേര ഇന്‍ഡ്യയെ മികച്ചതാക്കിയതു, അതില്‍ ഇല്ലാതിരുന്ന അതി ഭാവുകത്വമാണ്. മമ്മൂട്ടിയുടെ വരവും സാന്നിധ്യവും ആ അതി ഭാവുകത്വത്തിനെ തിരിച്ചു കൊണ്ടു വരുന്നു.ചില വേളകളില്‍ മമ്മൂട്ടിയെന്ന മഹാ നടന്‍ ഈ ചിത്രത്തിന് ഒരു തികഞ്ഞ ബാദ്ധ്യതയല്ലേ എന്നു തൊന്നിപ്പിക്കുന്നു.
പ്രത്യക്ഷത്തില്‍ പരസ്‌പരം യാതൊരു ബന്ധവുമില്ലാത്ത നാലു തരം ട്രാക്കുകളിലൂടെ ഈ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നു.ഭൂലോകത്തിന്റെ സ്‌പന്ദനം തീവ്രവാദമാണെന്ന് വിശ്വസിക്കുന്ന മമ്മൂട്ടിയുടെ കേദാര്‍ നാഥ് , തനിക്കു മുന്നിലൂടെ കടന്നു പോകുന്ന ഓരോ ആളിനുമുള്ളീല്‍ അയാള്‍ പോലും അറിയാത്ത ഒരു തീവ്രവാദി ഒളിച്ചിരിപ്പുണ്ടെന്നു വിശ്വസിക്കുകയും അവരെ പിടി കൂടി നിഗ്രഹിച്ച് ദേശസ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഒരു നിമിഷത്തിന്റെ പകുതിയില്‍ കമിതാക്കള്‍ ആകുന്ന ജയസൂര്യയും അഞ്ചല്‍ സബര്‍വാളും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ . ആത്മ ഹത്യ ചെയ്യാന്‍ തായാറൊരുക്കം കഴിഞ്ഞ് ബഹുനില കെട്ടിടത്തില്‍ നിന്നും താഴേക്കു ചാടാന്‍ കുതിക്കുന്ന പെണ്‍കുട്ടിയുടെ മൊബൈലിലേക്ക് വരുന്ന ഒരു റോംഗ് കാള്‍ , അവളെ ജീവിതത്തിലേക്കു മടക്കി കൊണ്ടുവരുന്നു. ഇവര്‍ തമ്മിലുള്ള രസകരവും മനോഹരവുമായ പ്രേമ രംഗങ്ങളിലൂടെയാണ് കഥ സമാന്തരമായി പുരോഗമിക്കുന്നത് .
ഇനിയൊരിടത്ത്, ചുവപ്പു നാടകളില്‍ കുരുങ്ങി കുടക്കുന്ന സ്വാതന്ത്ര്യ സമര പെന്‍ഷന്റെ കുടിശിക ബാക്കി , കൈ കൂലിയില്ലാതെ വാങ്ങി കിട്ടിയിട്ട്, മുസ്ലിം സ്വാതന്ത്ര്യ സമര സേനാനിയായ ബല്ല്യുപ്പുപ്പയെ പിറ്റേന്നു ഹജ്‌ജിനു വിടാന്‍ കഷ്‌ടപ്പെടുന്ന സബിത ജയരാജിന്റെ കഥാ പാത്രം.ഇത്ര നാളും കിട്ടാത്ത മുഴുവന്‍ പെന്‍ഷന്‍ ബാക്കിയും ഒരൊറ്റ ദിവസം കൊണ്ട് വാങ്ങിയെടുക്കാന്‍ ഈ കഥാപാത്രം നടത്തുന്ന ശ്രമങ്ങള്‍ സമന്തരമായി പ്രഥാന കഥക്കൊപ്പം പുരോഗമിക്കുന്നുണ്ട്. ഇനിയുള്ളതൊരു കൊച്ചു മോനും അപ്പുപ്പനും. മുംബൈ നഗരത്തിലെ ഫ്‌ലാറ്റ് ജീവികളായ അച്ചനമ്മമാര്‍ മറന്നു പോയ പിറന്നാള്‍ ആഘോഷിക്കാന്‍ അള്‍ഷിമേഴ്‌സ് രോഗ ബാധിതനായ അപ്പുപ്പനെ, കൊച്ചുമകന്‍ വൃദ്ധ സദനത്തില്‍ നിന്നും പുറത്ത് ചാടിക്കുന്നു. അഡ്രസ് നഷ്‌ടപ്പെട്ട ഇയാള്‍ മകന്റെ വീട് കണ്ട് പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളും സമാന്തരമായി പുരോഗമിക്കുന്നു.
വിധി ഇവരെയെല്ലാം അന്നേ ദിവസം വൈകിട്ട് 6 മണിക്കു സ്‌ഫോടനം നടന്ന ട്രെയിനിനുള്ളില്‍ എത്തിച്ചു. രക്ഷകനായി വേഷമിട്ടു നിന്ന മമ്മൂട്ടിക്ക് ആരെയും രക്ഷിക്കാന്‍ ആയില്ലെന്നു മാത്രമല്ല, ആ സ്‌ഫോടനത്തില്‍ അയാളും കൊല്ലപ്പെട്ടതായി നാം മനസ്സിലാക്കുന്നു. ആരും ആരെയും രക്ഷിക്കാതെ, അവരെല്ലാവരും ആ സ്‌ഫോടനത്തിനു ഇരകളായി, രക്‌തസാക്ഷികളാകുന്നു. ആരൊക്കെയോ ചിലര്‍ മെഴുകുതിരി കത്തിച്ചു പരേതത്മാക്കള്‍ക്ക് ശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നിടത്തു ചിത്രം അവസാനിക്കുന്നു. പ്രധാന നായകനേക്കാള്‍ പ്രാധാന്യമുള്ള മറ്റൊരു കഥാ പാത്രമാണു മൊബൈല്‍ ഫോണ്‍ ഈ ചിത്രത്തില്‍ . മൊബൈല്‍ ഫോണ്‍ എപ്രകാരം നമ്മുടെ നിത്യ ജീവിതത്തില്‍ ഒരിക്കലും ഒഴിചു കൂട്ടാനാകാത ഒന്നാണ് എന്നു ചിത്രം പല വഴികളിലൂടെ സമര്‍ത്ഥിക്കുന്നുണ്ട്. നല്ല കുറെ ചിന്തകള്‍ ചിത്രത്തില്‍ ഒളിഞ്ഞു കിടപ്പുണ്ട്. നഗര ജീവിതത്തില്‍ നമുക്കു നഷ്‌തപെട്ടു പോകുന്ന പലതിനെയും കുറിച്ചു ചിത്രം സൂചനകള്‍ തരുന്നു. സ്‌നേഹം, വെറുപ്പ്, ഭയം, നിസ്സഹായത, എന്നിങ്ങനെ, നഗര ജീവിതത്തിന്റെ എല്ലാ മേഖലകളിലും ചിത്രം എത്തി നോക്കുന്നു.
ജയസൂര്യ എന്ന നടന്റെ അഭിനയത്തില്‍ വന്നു ചേര്‍ന്നിരിക്കുന്ന അനായസത എടുത്തു പറയേണ്ട ഒന്നാണ്. അദ്ദേഹം സ്‌ഥിരമായി ചെയ്‌തു വരാറുള്ള അയലത്തു വീട്ടിലെ വായീ നോക്കി ചെക്കന്‍ വേഷങ്ങളില്‍ നിന്നും വിഭിന്നമായി, ഈ കഥാപാത്രത്തെ മനോഹരമാക്കിയിരിക്കുന്നു. ജയസൂര്യയും അഞ്ചല്‍ സബറ്വാളും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രേമ രംഗങ്ങള്‍ രസകരവും മനോഹരവുമായി ചിത്രീകരിച്ചിരിക്കുന്നു .സബിത ജയരാജിന്റെ വേഷം പലപ്പോഴും ഏച്ചു കെട്ടിയതായി തോന്നി. മമ്മൂട്ടി എല്ലാ അര്‍ത്ഥത്തിലും നിരാശപ്പെടുത്തി. അദ്ദേഹത്തിന്റെ കഥാ പാത്രം മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എടിഎസ് ചീഫ് ഹേമന്ത് കാര്‍ക്കറെയെ അനുസ്‌ന്മരിപ്പിക്കുന്ന്‌താണെന്ന പരസ്യ വാചകം വാസ്‌തവത്തില്‍ ഹേമന്ത് കാര്‍ക്കറെയെ അപമാനിക്കുന്നതാണ്. വഴിയരുകില്‍ നിറുത്തിയിട്ടിരുന്ന ഒരു കാറിന്റെ ഗ്ലാസ്സില്‍ എഴുതിയിട്ടിരുന്ന മൂന്ന് അക്കങ്ങളില്‍ നിന്നും തീവ്ര വാദികളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ , 30 സെക്കണ്ട് പോലുമെടുക്കതെ മമ്മൂട്ടി, ഷേര്‍ലക് ഹോംസിനെ പോലെ മനസ്സിലാക്കിയെടുത്തതു കണ്ട് തീയറ്റര്‍, കോള്‍മയിര്‍ കൊണ്ടു. എഡിറ്റിംഗ് തരക്കേടില്ലായിരുന്നു. ക്യാമറ പക്ഷെ, ചില നേരങ്ങളില്‍ ശരാശരിക്കും താഴെ പോയി.
പൊതുവെ പറഞ്ഞാല്‍ , താരതമ്യേന കുഴ്‌പ്പമില്ലാത്ത ഒരു ശരാശരി മലയാളം സിനിമ. ചൈനാ ടൗണും ഡബിള്‍സുമൊക്കെ കണ്ട് തകര്‍ന്നിരിക്കുന്ന മലയാളിക്ക്, ഒരു താല്‍ക്കലിക ദാഹശമിനി. അത്ര മാത്രമേ ഈ ചിത്രത്തെ പറ്റി പറയാനാകൂ.
തിരനോട്ടം /അഡ്വ. സി.വി. മനുവില്‍സന്‍
1 അഭിപ്രായ(ങ്ങള്):
:(
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ