.

    കൂടുതല്‍ ഇവിടെ ...

160 x 600 Ad Section

സിനിമ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സിനിമ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബ്യൂട്ടിഫുള്‍ ബന്‌ധമുണ്ടെങ്കില്‍ വിവാഹം?‍



സിനിമയിലൊരു ബ്യൂട്ടിഫുള്‍ വിജയം മേനോന്‍ കുമാരന്‌ അനുപമമായി ലഭ്യമായത്‌ ഇപ്പോഴാണ്‌. അതിലെന്താണ്‌ ഇത്ര വലിയ കാര്യമെന്നു ചോദിക്കുന്നവരുണ്ടാകും, അവര്‍ക്കുവേണ്ടി പറയുകയാണ്‌. ഒരു വിജയം ലഭിച്ചാലുടന്‍ വിവാഹമെന്ന വാഗ്‌ദാനം ഇദ്ദേഹം ഒരു യുവതിക്ക്‌ നല്‍കിയിരുന്നതായി ശ്രുതിയുണ്ട്‌. യുവതി അതിനനുസരിച്ചാണ്‌ കാര്യങ്ങള്‍ നീക്കിപ്പോന്നതെന്ന്‌ പറയപ്പെടുന്നു. ഇദ്ദേഹം സഹകരിച്ച എട്ട്‌ ചിത്രങ്ങളിലും യുവതി അവര്‍ണനീയമാംവണ്ണം അഭിനയിച്ചിട്ടുണ്ടത്രെ.

വിവാഹം കഴിക്കാതെ ആണും പെണ്ണും ഒന്നിച്ച്‌ ജീവിക്കുന്ന ലിവിംഗ്‌ ടുഗെദര്‍ രീതിയെ എപ്പോഴും പ്രശംസിച്ച്‌ സംസാരിക്കുന്ന ആളാണ്‌ നായകന്‍. പുതിയ സമൂഹത്തിലെ ഈ ജീവിതരീതിയെ പ്രശംസിച്ചു സംസാരിച്ചിരുന്ന ആളായി ചാനലുകളിലും പത്രങ്ങളിലും ഇദ്ദേഹത്തിന്റെ അഭിമുഖം വരാറുണ്ട്‌. അപ്പോഴൊക്കെ നായകന്‍ ഈ ജീവിതരീതിയെ പുറത്തുനിന്നു പിന്തുണയ്‌ക്കുന്ന ആളായാണ്‌ പലരും കരുതിയതെങ്കിലും അതേ രീതിയില്‍ ജീവിക്കുന്ന ആളാണെന്ന്‌ അടുത്ത സുഹൃത്തുക്കള്‍ക്ക്‌ മാത്രമേ അറിയാമായിരുന്നുള്ളൂവത്രെ.

ഈ ജീവിതരീതി പരസ്യമാകുന്നതിനോട്‌ നായകന്‌ കടുത്ത എതിര്‍പ്പാണുള്ളതെന്ന്‌ പറയപ്പെടുന്നു. അപ്പോഴും ഒരു വിജയം തന്റെ പങ്കാളി ഉണ്ടാക്കിയാല്‍ പരസ്യമായി വിവാഹച്ചടങ്ങ്‌ നടത്തി ഒന്നിച്ചുള്ള ജീവിതം തുടരാമെന്നായിരുന്നു നായിക പ്രതീക്ഷിച്ചുപോന്നത്‌. ഒരു ബ്യൂട്ടിഫുള്‍ വിജയം ഉണ്ടായിട്ടും പരസ്യവിവാഹത്തിന്‌ നായകന്‍ തയാറാകാത്തതിലെ വിഷമം നായിക സുഹൃത്തുക്കള്‍വശം പ്രകടിപ്പിച്ചതായി കേള്‍ക്കുന്നുണ്ട്‌.

നാടകത്തില്‍നിന്നും സിനിമയിലെത്തിയ കഥാനായിക സൂപ്പര്‍താരം നാടകവേഷം കെട്ടി ഭീമന്‍ വിജയം കൊയ്‌ത നാടകത്തിലും അഭിനയിച്ചിട്ടുണ്ട്‌. നിര്‍ഭാഗ്യംകൊണ്ട്‌ കര്‍ണപീയുഷമായി തോന്നേണ്ട നായികയുടെ നാടകാഭിനയത്തെ കര്‍ണഭാരമായി നായകന്‍ കണ്ടാല്‍ എങ്ങനെയൊരു ബ്യൂട്ടിഫുള്‍ ദാമ്പത്യജീവിതം സാധ്യമാകും? വെറും കോക്‌ടെയില്‍ പാര്‍ട്ടികളില്‍ തളച്ചിടാനുള്ളതല്ല സ്‌ത്രീപുരുഷബന്‌ധമെന്നും ആജീവനാന്തം തുടരേണ്ട ദാമ്പത്യബന്‌ധമാണ്‌ നമ്മുടെ സംസ്‌കാരം വിളംബരം ചെയ്യുന്നതെന്നും പ്രചരിപ്പിക്കുവാന്‍ ബാധ്യസ്‌ഥരായവര്‍തന്നെ അതിനു പുറംതിരിഞ്ഞു നിന്നാലോ?

നായകനുമായി ഒന്നിച്ചുതന്നെ നീങ്ങുകയല്ലാതെ നായികയ്‌ക്ക്‌ വേറെ പോംവഴിയില്ല. യുവാവും യുവതിയുമെന്നൊക്കെ ആലങ്കാരികമായി പറയാമെങ്കിലും രണ്ടു പേരും മധ്യവയസിലേക്ക്‌ പ്രവേശിക്കുകയാണ്‌. ഇതിനിടെ എപ്പോഴും ഒന്നിച്ചുണ്ടെങ്കിലും ഇവര്‍ തമ്മില്‍ വേറെ ബന്‌ധമൊന്നുമില്ലെന്ന്‌ നായകനടന്റെ ഉറ്റസുഹൃത്തായ നടന്‍ സൂര്യന്റെ പേരില്‍ സത്യം ചെയ്‌തത്‌ ജയം കണ്ടിട്ടില്ലെന്നാണ്‌ വിവരം. വിവാഹം പരസ്യമായി നടത്താന്‍ നായകന്‍ തയാറാകാതിരുന്നാലും ഒന്നും മിണ്ടാതെ ഇപ്പോഴത്തെ നിലയില്‍ മുന്നോട്ട്‌ പോകുകമാത്രമാണ്‌ നായികയ്‌ക്ക്‌ മുന്നിലുള്ള ഏക പോംവഴി. കുടുംബജീവിതത്തെ പവിത്രമായി കാണുന്നവര്‍ക്ക്‌ ഒന്നിച്ചു കഴിഞ്ഞാല്‍ മാത്രം പോരാ, വിവാഹച്ചടങ്ങും വേണമെന്ന അഭിപ്രായമുണ്ടാകും. നായികയും ഇതേ അഭിപ്രായക്കാരിയാണെന്ന്‌ പറയപ്പെടുന്നു. വിവാഹച്ചടങ്ങില്ലാതെയുള്ള ദാമ്പത്യബന്‌ധം അപൂര്‍ണമാണെന്നാണ്‌ ആ നടിയുടെ അഭിപ്രായമത്രെ.

പി.ഇ. ആനന്ദ്‌

ബ്യൂട്ടിഫുള്‍ കോപ്പിയടി!




ഥയുടെ പുതുമ കൊണ്ടും ട്രീറ്റ്‌മെന്റിന്റെ വ്യത്യസ്‌തത കൊണ്ടും മലയാളികളെ ഇപ്പോഴും തിയേറ്ററുകളിലേക്കാകര്‍ഷിച്ചു കൊണ്ടിരിക്കുന്ന ബ്യൂട്ടിഫുള്‍ 'ഇന്‍ടച്ചബിള്‍'എന്ന ഫ്രെഞ്ച്‌ ചിത്രത്തിന്റെ നഗ്നാനുകരണമാണെന്ന വാര്‍ത്ത പുറത്തുവന്നു. ഒലിവര്‍ നകാച്ചെയും എറിക്‌ ടൊലെ ഡാനോയും ചേര്‍ന്ന്‌ സംവിധാനം ചെയ്‌ത ഇന്‍ടച്ചബിള്‍ പറയുന്നത്‌ സാഹസികമായ പാരാ ഗ്‌ളൈഡിംഗിനിടെ അപകടത്തില്‍പ്പെട്ട്‌ ശരീരം തളര്‍ന്ന്‌ ശയ്യാവലംബിയായിപ്പോവുന്ന ഫിലിപ്പിയുടേയും അയാളെ പരിചരിക്കാനെത്തുന്ന ഡ്രിസ്സിന്റെയും കഥയാണ്‌.

ഡ്രിസ്സ്‌ വളരെ ദരിദ്രമായ ജീവിതച്ചുറ്റുപാടുകളില്‍ നിന്ന്‌ വരുന്ന ആളാണ്‌. മാത്രവുമല്ല ഒരു കേസില്‍പ്പെട്ട്‌ ജയില്‍ ശിക്ഷ അനുഭവിച്ചു തീര്‍ത്ത ഉടനെയാണ്‌ ഡ്രിസ്സിനെ ഫിലിപ്പി തന്റെ സഹായി ആക്കുന്നത്‌. തുടര്‍ന്ന്‌ ഇരുവര്‍ക്കുമിടയില്‍ വികസിക്കുന്ന സൗഹൃദവും അത്‌ ഇരുവരുടേയും ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളുമാണ്‌ ഇന്‍ടച്ചബിള്‍ ദൃശ്യവല്‍ക്കരിക്കുന്നത്‌.

ഇന്‍ടച്ചബിളിലെ തളര്‍ന്നു കിടക്കുന്ന ഫിലിപ്പിയുടെ സ്‌ഥാനത്ത്‌ ബ്യൂട്ടിഫുള്ളിലെ കഥാപാത്രത്തിന്റെ പേര്‌ സ്‌റ്റീഫന്‍ ലൂയിസ്‌ എന്നാണ്‌. ജയസൂര്യ അവതരിപ്പിക്കുന്ന സ്‌റ്റീഫന്‍ ലൂയിസ്‌ ഒരു നാള്‍ ശരീരം തളര്‍ന്ന്‌ ശയ്യാവലംബിയായിപ്പോകുന്നു. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്‌ഥയില്‍ കിടക്കുന്ന കോടിക്ക ണക്കിന്‌ സ്വത്തിന്‌ അവകാശിയായ സ്‌റ്റീഫന്‍ ലൂയിസിന്റെ ബന്ധുക്കളുടെ നോട്ടം മുഴുവന്‍ അയാളുടെ സ്വത്തിലാണ്‌. ധനമോഹികളും സ്വാര്‍ത്ഥമതികളുമായ ബന്ധുക്കളില്‍ നിന്ന്‌ അകലമിട്ട്‌ കഴിയുന്ന സ്‌റ്റീഫന്‍ ഒരു നാള്‍ ഒരു പാട്‌ ജീവിത പ്രശ്‌നങ്ങളുള്ള സംഗീതജ്‌ഞനായ ജോണിനെ (അനൂപ്‌ മേനോന്‍) പരിചയപ്പെടുന്നു. ജീവിതത്തിനു നേരെ പകച്ചു നോക്കി നില്‍ക്കുന്ന ജോണിനെ ജീവിതത്തെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുകയാണ്‌ പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാതെ ശയ്യാവലംബിയായിട്ടും ജീവിതത്തെ അതിരറ്റ ആസക്‌തിയോടെ സ്‌നേഹിക്കുന്ന സ്‌റ്റീഫന്‍ ലൂയിസ്‌.

ഫ്രാന്‍കോയിസ്‌ ക്‌ളൂസെറ്റും ഒമാര്‍സിയുമാണ്‌ യഥാക്രമം ഇന്‍ടച്ചബിളിലെ ഫിലിപ്പിയെയും ഡ്രിസ്സിനെയും അവതരിപ്പിക്കുന്നത്‌. യഥാര്‍ത്ഥ സംഭവത്തെ ആസ്‌പദമാക്കി 2004 ല്‍ പുറത്തു വന്ന ഒരു ഡോക്യുമെന്ററിയാണ്‌ ഇന്‍ടച്ചബിള്‍ എന്ന ഫ്രഞ്ച്‌ ചിത്രമൊരുക്കാന്‍ അതിന്റെ സംവിധായകര്‍ക്ക്‌ പ്രേരണയായത്‌. 2011 നവംബര്‍ 2 ന്‌ റിലീസായ ഈ ചിത്രം ഫ്രാന്‍സില്‍ മെഗാഹിറ്റാണ്‌. 2011 ഡിസംബര്‍ 2 നാണ്‌ ബ്യൂട്ടിഫുള്‍ കേരളത്തില്‍ റിലീസ്‌ ചെയ്‌തത്‌. 'ഗുസാരിഷു'ള്‍പ്പടെ മറ്റനേകം ഇന്ത്യന്‍ ചിത്രങ്ങളുമായി ബ്യൂട്ടിഫുളിന്‌ സാമ്യമുണ്ടെന്ന്‌ പറഞ്ഞു കേട്ടിരുന്നു. എന്നാലവയൊന്നും 'ഇന്‍ടച്ചബിള്‍' എന്ന ഫ്രഞ്ചു ചിത്രവുമായുള്ള സാമ്യത്തോളം വരില്ല. അനൂപ്‌ മേനോന്റെയാണ്‌ ബ്യൂട്ടിഫുളിന്റെ തിരക്കഥ. സംവിധാനം വി.കെ. പ്രകാശ്‌.

പോള്‍ കോക്‌സിന്റെ 'ഇന്നസെന്‍സി'നെ അതേപടി കോപ്പിയടിച്ച്‌ വച്ചിരിക്കയാണെന്നും പറഞ്ഞ്‌ ബ്‌ളെസിയുടെ 'പ്രണയ'ത്തെ ഇന്ത്യന്‍ പനോരമയില്‍ നിന്ന്‌ ഒഴിവാക്കിയത്‌ മുമ്പ്‌ വിവാദമായിരുന്നു.

 മംഗളം 

കമല്‍ കഥക്‌ പഠിക്കുകയാണ്‌








ക്‌ളാസിക്‌ നൃത്തത്തോടും കലകളോടും എന്നും അഭിനിവേശം ഉള്ളയാളാണ്‌ കമല്‍. ഇപ്പോഴിതാ തമിഴിലും ഹിന്ദിയിലുമായി ഒരേസമയം നിര്‍മ്മിക്കുന്ന 'വിശ്വരൂപ'ത്തിനു വേണ്ടി കമല്‍ കഥക്‌ നൃത്തം അഭ്യസിക്കുന്നു. പ്രശസ്‌ത കഥക്‌ കലാകാരനായ ബ്രിന്‍ജു മഹാരാജാണ്‌ കമലിനെ കഥക്‌ നൃത്തം പരിശീലിപ്പിക്കുന്നത്‌.

വിശ്വരൂപത്തിലെ കമല്‍ അവതരിപ്പിക്കുന്ന കഥക്‌ നൃത്തത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും ബ്രിന്‍ജു മഹാരാജാണ്‌. ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ സഞ്‌ജയ്‌ ലീലാ ബന്‍സാലിയുടെ 'ദേവദാസി'നു വേണ്ടിയാണ്‌ ഇതിനു മുന്‍പ്‌ ബ്രിന്‍ജു മഹാരാജ്‌ നൃത്തസംവിധാനം നിര്‍വ്വഹിച്ചത്‌. ദേവദാസില്‍ മാധുരി ദീക്ഷിത്‌ അവതരിപ്പിച്ച 'കഹേ ഛേഠേ ഛേഠേ മോഹേ' എന്ന ഗാനത്തിനാണ്‌ ബ്രിന്‍ജു കഥക്‌ ചുവടുകള്‍ ചിട്ടപ്പെടുത്തിയത്‌. അതിനു ശേഷം നീണ്ട ഒന്‍പതു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ്‌ ഇപ്പോള്‍ ഈ കഥക്‌ നാട്യാ ചാര്യന്‍ ഒരു ഹിന്ദി സിനിമയ്‌ക്കു വേണ്ടി നൃത്തസംവിധാനം നിര്‍വ്വഹിക്കുന്നത്‌.

ശങ്കര്‍ മഹാദേവനാണ്‌ കമല്‍ അവതരിപ്പിക്കുന്ന കഥക്‌ നൃത്തത്തിനു വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്‌. നായകവേഷത്തിനു പുറമേ സംവിധാനവും കമല്‍ തന്നെ നിര്‍വ്വഹിക്കുന്ന വിശ്വരൂപത്തിലെ നായികമാര്‍ ആന്‍ഡ്രിയയും പൂജാകുമാറുമാണ്‌.

മുല്ലപ്പെരിയാര്‍ ആശങ്കയായി 'സ്വാമി'‍


മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകര്‍ന്നാല്‍ തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ ഉണ്ടാകാവുന്ന വരള്‍ച്ചയുടെ കഥ പറയുന്ന 'സ്വാമി' എന്ന ചിത്രം റിലീസിംഗിന്‌ തയ്യാറെടുക്കുന്നു. ചെന്നൈയിലെ ഒരു വ്യവസായ പ്രമുഖനാണ്‌ ഈ ചിത്രത്തിന്‌ പിന്നില്‍. വിജീഷ്‌ മണിയാണ്‌ സംവിധായകന്‍.

തമിഴിലും മലയാളത്തിലുമായി നിര്‍മ്മിക്കുന്ന സ്വാമിയെക്കുറിച്ച്‌ സൈബര്‍ സ്‌പേസില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്‌. യു ട്യൂബില്‍ അപ്‌ലോഡ്‌ ചെയ്‌തിരിക്കുന്ന 'നാരായണ' എന്ന ഗാനത്തില്‍ വരള്‍ച്ചയില്‍ തമിഴ്‌നാട്‌ ഗ്രാമങ്ങള്‍ക്കുണ്ടാകുന്ന നാശം പരമാവധി തീവ്രതയോടെ ചിത്രീകരിച്ചിട്ടുണ്ട്‌. ഡാം തകര്‍ന്നാലും മറ്റൊരിടത്ത്‌ സ്‌ഥാപിച്ചാലും തമിഴ്‌നാടിന്‌ നിലവില്‍ കിട്ടുന്ന ജലം കിട്ടില്ലെന്നും തമിഴ്‌നാട്ടിലെ ഗ്രാമങ്ങള്‍ വരള്‍ച്ച നേരിട്ട്‌ തരിശുഭൂമികളായി മാറുമെന്ന തമിഴ്‌നാടിന്റെ ആശങ്കകളെ ന്യായീകരിക്കുകയാണ്‌ 'സ്വാമി' ചെയ്യുന്നത്‌.

കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ സ്‌ഥിതി ചെയ്യുന്ന ഒരു ഡാം തകര്‍ന്നു കഴിഞ്ഞുള്ള തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിന്റെ അവസ്‌ഥയാണ്‌ ചിത്രം പറയുന്നത്‌. വെള്ളം കിട്ടാതെ ഗ്രാമം വരള്‍ച്ചയെ നേരിടുന്നു. അതോടെ ഗ്രാമത്തിലെ കൃഷി നശിക്കുന്നു. ജനങ്ങള്‍ പട്ടിണിയിലാകുന്നു. നിസഹായരായ അവര്‍ ദൈവങ്ങളെ വിളിച്ച്‌ അലമുറയിട്ട്‌ കരയുന്നു. അതോടെ ഒരു ഗ്രാമീണന്‌ ശബരിമല അയ്യപ്പന്റെ ദര്‍ശനം ഉണ്ടാകുന്നു. ഉത്രം നക്ഷത്രത്തില്‍ പിറന്ന ഒരു ബാലന്‍ നോയമ്പ്‌ നോറ്റ്‌ ശബരിമലയില്‍ എത്തിയാല്‍ ഗ്രാമത്തിന്റെ പ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വത പരിഹാരം ഉണ്ടാകുമെന്നായിരുന്നു ദര്‍ശനം. അങ്ങനെ ശബരിമലയിലേക്ക്‌ തിരിച്ച ബാലന്‍ ഒരു റെയില്‍വേ സ്‌റ്റേഷനില്‍ വച്ച്‌ അപ്രത്യക്ഷനാവുന്നു.

തമിഴിലും മലയാളത്തിലും ചിത്രീകരിച്ച 'സ്വാമി' ഡിസംബര്‍ 30 ന്‌ തമിഴ്‌നാട്ടിലും കേരളത്തിലുമായി റിലീസ്‌ ചെയ്യാനാണ്‌ ശ്രമം നടക്കുന്നത്‌. യുട്യൂബില്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്ന 'സ്വാമി' യെ മലയാളികള്‍ എങ്ങനെയാവും സ്വീകരിക്കുക എന്ന്‌ കാത്തിരുന്നു കാണാം.

പെറ്റമ്മയോടു കെഞ്ചിയിട്ടില്ല പിന്നല്ലേ, ഈ അമ്മ , തിലകന്‍ .


(തിലകന്‍ അഭിമുഖം രണ്ടാം ഭാഗം)

കണ്ണുതുറക്കാത്ത ദൈവങ്ങള്‍ക്കു നേരേ വിരല്‍ചൂണ്ടി ഗര്‍ജ്‌ജിക്കാനുള്ള ആര്‍ജ്‌ജവം. അപകടങ്ങളുടെ പെരുമഴയിലും നടുങ്ങിനില്‍ക്കാതെ മരണത്തിനുനേര്‍ക്കു പോലും വെല്ലുവിളിയുയര്‍ത്തിയ കരളുറപ്പ്‌. കലാകാരന്‍മാരില്‍ ഏറെയൊന്നും കണ്ടിട്ടില്ലാത്ത ഈ ധീരത തിലകന്‍ ആര്‍ജ്‌ജിച്ചെടുത്തതു പരുക്കന്‍ ജീവിതാനുഭവങ്ങളില്‍നിന്നാണ്‌. തോല്‍ക്കാന്‍ മനസില്ലായിരുന്നു തിലകന്‌. വേണമെങ്കില്‍ കൊല്ലാമെന്നു നെഞ്ചില്‍ കൈചേര്‍ത്തു തിലകന്‍ പറയുമ്പോള്‍ ആരുടെയും മനമൊന്നിടറും. വിലക്കില്‍ തകര്‍ന്ന തന്റെ സൗഹൃദങ്ങളെ കുറിച്ചും ജീവിതത്തില്‍ ഒപ്പംകൂടിയ കഥാപാത്രങ്ങളെ കുറിച്ചുമൊക്കെ തിലകന്‍ തുടരുന്നു...

? സൂപ്പര്‍സ്‌റ്റാറുകള്‍ക്കൊപ്പം അഭിനയിക്കുമ്പോഴുള്ള അനുഭവം.

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കുമ്പോള്‍ വ്യത്യസ്‌തമായ അനുഭവമാണ്‌. മമ്മൂട്ടിയുടെ അച്‌ഛനായി അഭിനയിക്കുമ്പോള്‍ അയാള്‍ ഒരിക്കലും എന്റെ മകനായി എനിക്കു ഫീല്‍ ചെയ്യാറില്ല. അതുകൊണ്ടുതന്നെ സീനുകളില്‍നിന്നു സീനുകളിലേക്കുള്ള മാറ്റം പലപ്പോഴും യാന്ത്രികമായിപ്പോകും. അതേസമയം ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ ലാല്‍ എന്റെ സ്വന്തം മകനായിട്ടു തന്നെയാണു ഫീല്‍ ചെയ്യാറുള്ളത്‌. അതുകൊണ്ട്‌ അഭിനയത്തില്‍ സ്വഭാവികത കൂടും. ഞാനും ലാലും തമ്മിലുള്ള കെമിസ്‌ട്രിയൊന്നും എനിക്കു പറയാനറിയില്ല. അങ്ങനെയാണു സംഭവിക്കുന്നതെന്നു മാത്രം. ലാലിനൊപ്പം എത്ര നേരം വേണമെങ്കിലും അഭിനയിക്കാം. ഷൂട്ടിംഗ്‌ തീരാതെ നീണ്ടുപോകാന്‍ ആഗ്രഹിച്ചുപോകും. നാടകത്തില്‍ അങ്ങനെയൊരാളെയേ ഞാന്‍ കണ്ടിട്ടുള്ളൂ; അതു മരിച്ചുപോയ അബൂബക്കറാണ്‌. അബൂബക്കറിനൊപ്പം അഭിനയിക്കുമ്പോള്‍ കര്‍ട്ടന്‍ വീഴാതെ രംഗം നീണ്ടുപോകാന്‍ ആഗ്രഹിക്കുമായിരുന്നു.

? അമ്മയുടെ ജന. സെക്രട്ടറിയെന്ന നിലയ്‌ക്കു ലാലില്‍ നിന്നുണ്ടായ പെരുമാറ്റം വേദനിപ്പിച്ചോ.

ലാലും ഞാനും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷേ, ലാലിനു ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളാണ്‌ അയാളെ എല്ലാത്തില്‍നിന്നും അകറ്റിനിര്‍ത്തുന്നത്‌. ഈ ഉപഗ്രഹങ്ങള്‍ തന്നെയാണ്‌ അയാള്‍ക്കു വിനയാകുന്നതും. അഭിനയത്തിന്റെ കാര്യത്തില്‍ ഒരാനയാണു മോഹന്‍ലാലെന്നു ഞാന്‍ പറയും. ആനയ്‌ക്കു പക്ഷേ, അതിന്റെ വലിപ്പം അറിയില്ലല്ലോ.. ലാലിന്റെ കാര്യത്തില്‍ സംഭവിക്കുന്നതും അതുതന്നെയാണ്‌. അയാള്‍ക്ക്‌ അയാളുടെ പവര്‍ അറിയില്ല. കാമറ പ്രേക്ഷകനാണ്‌. 'കാമറ' എന്ന സാധനം എന്നുവിചാരിച്ച്‌ അതിനുമുമ്പില്‍ നില്‍ക്കരുത്‌. ലാല്‍ വന്നുനില്‍ക്കുന്നതു പ്രേക്ഷകനു മുന്നിലെന്നപോലെയാണ്‌.

അമ്മയുടെ യോഗത്തില്‍ പങ്കെടുത്തു വിശദീകരണം നല്‍കാന്‍ വിലക്കിനു മുമ്പ്‌ എനിക്കു കത്തെഴുതിയത്‌ ഇത്തിരിപ്പോന്ന പിള്ളേരായിരുന്നു. ഞാന്‍ മറുപടി നല്‍കിയില്ല. അവസാനം ലാല്‍ നേരിട്ട്‌ എഴുതിയപ്പോഴാണു ഞാന്‍ ചെന്നത്‌. ആ യോഗത്തില്‍ മോഹന്‍ലാല്‍ എനിക്ക്‌ അനുകൂലമായ നിലപാടൊന്നും എടുത്തില്ല. അയാള്‍ ഉപഗ്രഹങ്ങളുടെ പിടിയിലായിരുന്നു. അതുകൊണ്ടുള്ള പ്രശ്‌നമായിരിക്കും.

? ഫെഫ്‌ക്കയുടെ വിലക്കു നീങ്ങിയതില്‍പിന്നെ മറ്റുള്ളവര്‍ സൗഹൃദം കൂടാറുണ്ടോ.

ആരും കൂട്ടിനു വരാറില്ല. വരുന്നവര്‍ക്കുതന്നെ പേടിയാണ്‌. ഒളിച്ചും പാത്തും വരുന്നതുപോലെയാണ്‌. ഇന്നു രാവിലെ അന്‍വര്‍ റഷീദിന്റെ സിനിമയുടെ പൂജയായിരുന്നു. സരോവരത്തില്‍വച്ച്‌. പൂജയ്‌ക്ക് ഉണ്ണികൃഷ്‌ണനു (ഫെഫ്‌ക്ക ജന.സെക്രട്ടറി)മുണ്ടായിരുന്നു. എന്നെ കണ്ടിട്ടും കാണാത്ത ഭാവത്തില്‍ പോയി. ഇതുവരെ എന്നോട്‌ അയാള്‍ മിണ്ടിയിട്ടില്ല. പൂജാ സ്‌ഥലത്തു നടന്‍ കുഞ്ചനുമുണ്ടായിരുന്നു. അയാള്‍ എന്റെ അടുത്തു വന്നിരുന്നത്‌, മുള്ളിന്‍മേല്‍ ഇരിക്കുന്നതുപോലെയാണ്‌. ആരെങ്കിലും കാണുമോയെന്ന ആശങ്കയായിരുന്നു അയാള്‍ക്ക്‌. ഞാനയാളോടു പറഞ്ഞു; 'ഇനി എന്നോടു സംസാരിച്ച്‌ ഉള്ള അവസരം കൂടി കളയണ്ട. പേടിയുണ്ടെങ്കില്‍ പൊക്കോളൂ'എന്ന്‌. സംഘടിതമായുള്ള വിലക്കിനെ മറികടക്കാനുള്ള പ്രയാസമുണ്ട്‌ എല്ലാവര്‍ക്കും. നിശ്‌ചയദാര്‍ഢ്യമുണ്ടെങ്കില്‍ ഇതൊന്നും പ്രശ്‌നമല്ല. 'കിഴവനും കടലും' എന്ന നോവലിലെ വൃദ്ധനെ ഓര്‍മയില്ലേ.. എട്ടു തവണ കടല്‍ എടുത്തെറിഞ്ഞിട്ടും പിന്നെയും പിന്നെയും കടലിലേക്കു തന്നെ തുഴഞ്ഞ വൃദ്ധന്‍. അയാളെ അവസാനം കടല്‍ വിഴുങ്ങി. അയാളെ കൊല്ലാനേ കടലിന്‌ സാധിച്ചുള്ളൂ; തോല്‍പ്പിക്കാനായില്ല. അതുകൊണ്ടുതന്നെ സുഖമില്ലെങ്കിലും ഞാനിതൊക്കെ അങ്ങു തരണം ചെയ്യും.

? അസുഖം അവസരങ്ങള്‍ക്കു തടയിടുമോ.

അഭിനയത്തെ ബാധിക്കുന്ന തരത്തിലുള്ള അസുഖമൊന്നുമില്ല. നടക്കാന്‍ പ്രയാസമുണ്ട്‌. ഊന്നുവടിയുടെ സഹായത്തോടെയാണു റൂമില്‍പോലും നടക്കുന്നത്‌. എന്നാല്‍ 'ഇന്ത്യന്‍ റുപ്പി'യില്‍ അഭിനയിച്ചപ്പോള്‍ ഒരൊറ്റ സീനില്‍ പോലും ഞാന്‍ ഊന്നുവടി ഉപയോഗിച്ചിട്ടില്ല. അത്‌ അഭിനയത്തിന്റെ ഒരു സാധ്യതയാണ്‌. അഭിനയം അത്രമാത്രം ഊര്‍ജ്‌ജമാണ്‌ എനിക്കു തരുന്നത്‌. പിന്നെ കാലിനു ബാലന്‍സ്‌ കുറയുന്നതിനാല്‍ ഓടാനൊക്കെ ബുദ്ധിമുട്ടുണ്ട്‌. അതുകൊണ്ട്‌ അത്തരം കഥാപാത്രങ്ങളെ ഏറ്റെടുക്കാനും ബുദ്ധിമുട്ടാണ്‌.

മുമ്പു വീണു കിടപ്പിലായപ്പോള്‍ രണ്ടു നടന്‍മാര്‍ തമ്മിലുണ്ടായ സംഭാഷണം ഞാന്‍ മറ്റൊരു വിശ്വസ്‌തന്‍ വഴി അറിഞ്ഞിരുന്നു. തിലകന്‍ചേട്ടന്‍ വീണതിന്റെ ഗുണം കിട്ടിയത്‌ എനിക്കാണെന്ന്‌ ഒരാളും അതല്ല എനിക്കാണെന്നു മറ്റേ ആളും പറഞ്ഞത്രെ. ഇപ്പോള്‍ ഈ രണ്ടു നടന്‍മാരും ജീവിച്ചിരിപ്പില്ല. ഇതില്‍ ഒരാളെ ഞാനാണു നാടകരംഗത്തു നിന്നു കൈപിടിച്ചു സിനിമയിലേക്കു കൊണ്ടുവന്നത്‌. ഇയാളോടു ഞാന്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ നിഷേധിക്കുകയായിരുന്നു. പക്ഷേ, അയാള്‍ പറഞ്ഞിട്ടുണ്ടെന്ന്‌ എനിക്കുറപ്പുമാണ്‌. രണ്ടാമത്തെ നടനുമായി വ്യക്‌തിപരമായ അകല്‍ച്ചയുണ്ടായിരുന്നതിനാല്‍ ഞാന്‍ ചോദിച്ചില്ല. അച്‌ഛന്‍വേഷം കെട്ടുന്ന വേറെ ചില നടന്‍മാരും എന്നെ പുറത്താക്കി വേഷങ്ങള്‍ സ്വന്തമാക്കാന്‍ നമ്പറുകള്‍ ഇറക്കിയിരുന്നു. അതൊക്കെ തരണം ചെയ്‌താണു ഞാനിപ്പോഴും അഭിനയരംഗത്തു സജീവമായി നില്‍ക്കുന്നത്‌. ഇന്ത്യന്‍റുപ്പിക്കു ശേഷം അന്‍വര്‍ റഷീദിന്റെ സിനിമയിലാണ്‌ അഭിനയിക്കുന്നത്‌. മമ്മൂട്ടിയുടെ മകനാണു നായകന്‍. ഡെയ്‌റ്റ് ചോദിച്ചു കോളുകള്‍ ഏറെ വരുന്നുണ്ട്‌. എന്നെ തളര്‍ത്താന്‍ ഒരാള്‍ക്കും ഒരു സംഘടനയ്‌ക്കും സാധിക്കില്ല.

? ഇതിനകം ഒട്ടേറ തവണ അപകടത്തില്‍ പെട്ടിട്ടുണ്ടല്ലോ.

അപകടത്തില്‍പെട്ടതും അതേപോലെ രക്ഷപ്പെട്ടതുമൊക്കെ ദൈവാധീനം കൊണ്ടാണെന്നു നിങ്ങള്‍ പറയും. പക്ഷേ, എനിക്കതു തികച്ചും യാദൃശ്‌ചികമായ സംഭവങ്ങളാണ്‌. ഒന്നും രണ്ടും തവണയല്ല അഞ്ചു തവണ ഞാന്‍ അപകടത്തില്‍പെട്ടിട്ടുണ്ട്‌. ആദ്യത്തെ അപകടം 'മാമാട്ടിക്കുട്ടിയമ്മ' തിയേറ്ററിലെത്തി 90-ാം ദിവസമായിരുന്നു. 1982 ല്‍. അന്ന്‌ അഞ്ചു വാരിയെല്ലുകളാണ്‌ ഒടിഞ്ഞത്‌. മൂന്നര ദിവസം അബോധാവസ്‌ഥയില്‍ ആശുപത്രിയില്‍ കിടന്നു. ഞാന്‍ ഓടിച്ചിരുന്ന കാര്‍ ഫാസ്‌റ്റ് പാസഞ്ചറുമായി കൂട്ടിയിടിക്കുകയായിരുന്നു. അന്നത്തെ അപകടം ആലപ്പുഴ മെഡിക്കല്‍ കോളജിനു മുന്നില്‍ വച്ചായിരുന്നതിനാല്‍ രക്ഷപ്പെട്ടു. '87-ല്‍ ചാലക്കുടിയില്‍ വച്ചും അപകടത്തില്‍പെട്ടു. അന്നു തലയ്‌ക്കാണു പരുക്കേറ്റത്‌. കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു ഞാന്‍ റോഡിലേക്കു തെറിച്ചുവീണു. വീണതു ലോറിക്ക്‌ അടിയിലേക്കും. ശരീരത്തില്‍ ടയര്‍ കയറിയിറങ്ങാതിരുന്നതു ഞാന്‍ ഡീസല്‍ ടാങ്കില്‍ പിടിച്ചു തൂങ്ങിക്കിടന്നതുകൊണ്ടു മാത്രമാണ്‌. 26 ദിവസം ആശുപത്രിയില്‍ കിടന്നു. ആ അപകടത്തിലും അഞ്ചാറു വാരിയെല്ലുകള്‍ ഒടിഞ്ഞു. പിന്നീടൊരിക്കല്‍ പാലായില്‍ വച്ചു കയ്യാലപ്പുറത്തേക്കു കാറ്‌ പാഞ്ഞുകയറി വലിയൊരു അപകടമുണ്ടായി. അവസാനം നടന്നത്‌, അടുത്തിടെ വിലക്കു നിലവിലുള്ളപ്പോള്‍ അലി അക്‌ബര്‍ എന്നെ വച്ചു സംവിധാനം ചെയ്‌ത 'ഐഡിയല്‍ കപ്പിള്‍' എന്ന സിനിമയുടെ ഷൂട്ടിംഗ്‌ കഴിഞ്ഞു വരുമ്പോഴായിരുന്നു. കാര്‍ തകര്‍ന്നെങ്കിലും എനിക്കു കൂടുതലൊന്നും പറ്റിയില്ല. ഇതിനകം ഒട്ടേറെ തവണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. അപകടമല്ലാതെ മറ്റു വിധത്തിലും മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട്‌. '92ലാണു ചെന്നൈയില്‍ ബൈപ്പാസ്‌ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായത്‌. അപ്പോഴും മരണം അടുത്തെത്തി ഒപ്പം കൂട്ടാതെ മടങ്ങി. രക്‌തത്തില്‍ യൂറിയയുടെ അളവു കൂടി അബോധാവസ്‌ഥയില്‍ എട്ടു ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ കിടന്നത്‌ '99 ലാണ്‌. കാലിനൊക്കെ ഓപ്പറേഷന്‍ നടത്തി. ഇപ്പോഴും ഞാന്‍ അഭിനയരംഗത്തു സജീവംതന്നെയല്ലേ... ഈ അസുഖവും അപകടവുമൊന്നും എന്നെ തെല്ലും തളര്‍ത്തിയിട്ടില്ലെന്നു ബോധ്യമായില്ലേ...

? ശരീരം നടന്റെ ആയുധമല്ലേ.

അങ്ങനെ പറയാന്‍ പറ്റില്ല. അവനവന്റെ ശരീരം അവനവന്റെ ആയുധമാണ്‌ എന്നു പറയണം. നല്ല ശരീരവും സുന്ദരനുമായിരിക്കുന്നവര്‍ക്കു മാത്രമേ അഭിനയിക്കാന്‍ സാധിക്കുകയുള്ളൂവെന്നു പറയുമ്പോള്‍ ഇന്ദ്രന്‍സിനെ പോലുള്ളവര്‍ക്കു സിനിമയില്‍ വരാന്‍ പറ്റുമോ...? ഞാന്‍ എത്ര മഹത്തായ അഭിനയം കാഴ്‌ചവയ്‌ക്കുന്ന നടനായാലും ശരി എനിക്കു യേശുവായി അഭിനയിക്കാന്‍ സാധിക്കില്ല. പകരം യൂദാസായി വേണമെങ്കില്‍ അഭിനയിക്കാന്‍ പറ്റും. എന്റെ ശരീരപ്രകൃതിയുടെ അവസ്‌ഥയാണിത്‌. അതേപോലെതന്നെയാണു ലാലിന്റേതും. പ്രായത്തിനൊത്തുള്ള വേഷം മാത്രം സ്വീകരിക്കുന്നത്‌ അഭിനയമല്ല. ഞാന്‍ പത്തൊമ്പതാം വയസില്‍ അഭിനയിച്ച നാടകത്തില്‍ ജോസ്‌ പ്രകാശിന്റെ അച്‌ഛനായാണു വേഷമിട്ടത്‌. ജോസ്‌ പ്രകാശിനന്നു 30 വയസുകാണും. 22-ാമത്തെ വയസില്‍ വൃദ്ധനായ 'ഔതച്ചേട്ടന്‍' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ഞാന്‍ കൈയടി നേടിയിട്ടുണ്ട്‌. ഞാനാണ്‌ ആ കഥാപത്രത്തെ അവതരിപ്പിച്ചതെന്നറിഞ്ഞു കാണികള്‍ക്കു വിസ്‌മയമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പു നെടുങ്കണ്ടത്ത്‌ ഒരു നാടകം കളിച്ചതിന്റെ ഓര്‍മ ഇപ്പോഴുമുണ്ട്‌. മഴക്കാലമായിരുന്നു. നല്ല മഴയുടെ കോളുകണ്ടപ്പോള്‍ നാടകത്തിന്റെ സമയം കുറച്ചു. പക്ഷേ, കാണികള്‍ക്കതു പിടികിട്ടി. അവര്‍ സ്‌റ്റേജിനടുത്തെത്തി നാടകം മുഴുവന്‍ കളിക്കണമെന്ന്‌ നിര്‍ബന്ധിച്ചു.

? കിരീടത്തിലെ 'അച്‌ഛനാടാ പറയുന്നെ...' എന്ന ഡയലോഗ്‌ കാലത്തെ അതിജീവിച്ചതാണ്‌. ചിത്രീകരണസമയത്ത്‌ അത്രമാത്രം ബോധവാനായിരുന്നോ.

ഷൂട്ടിംഗ്‌ സമയത്ത്‌ ഈ ഡയലോഗ്‌ എഴുതിയിരുന്നില്ല. മോഹന്‍ലാല്‍ കീരിക്കാടന്‍ ജോസിനെ കുത്തിവീഴ്‌ത്തി വിഭ്രാന്തി ബാധിച്ച അവസ്‌ഥയില്‍ നില്‍ക്കുകയാണ്‌. അപ്പോള്‍ സ്‌ഥലത്തെത്തിയ പോലീസിന്‌ അയാളെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. എസ്‌.ഐക്കു നേരേപോലും 'അടുക്കരുതെന്ന്‌'പറഞ്ഞ്‌ അയാള്‍ കത്തിവീശുന്നുണ്ട്‌. ഞാനും യൂണിഫോമിലല്ലാതെ അവിടെയെത്തിയെങ്കിലും എന്നിലും അയാള്‍ കാണുന്നത്‌ ഒരു പോലീസുകാരനെതന്നെയാണ്‌.

ചിത്രീകരിച്ചുകൊണ്ടിരുന്നപ്പോള്‍ സേതുവിന്റെ (ലാലിന്റെ കഥാപാത്രം) കൈയില്‍നിന്നു കത്തി എങ്ങനെ താഴെ വീഴ്‌ത്തുമെന്ന കാര്യത്തില്‍ ചര്‍ച്ച നടന്നു. തിരക്കഥാകൃത്തു ലോഹിതദാസും സംവിധായകന്‍ സിബി മലയിലും ഞാനും ചേര്‍ന്നാണു ചര്‍ച്ച. കത്തി താഴെയിടെടാ... എന്നു നാലു തവണ നാലു ഭാവത്തില്‍ പറയാനും അവസാനം 'അച്‌ഛനാടാ പറയുന്നെ' യെന്നതിലേക്കു മാറ്റാനും ഞാന്‍ തന്നെയാണു നിര്‍ദ്ദേശം വച്ചത്‌. അതു വിജയിക്കുമോയെന്ന്‌ അവര്‍ക്കു സംശയമുണ്ടായിരുന്നു. ഞാന്‍ പറഞ്ഞും അഭിനയിച്ചും തെളിയിച്ചുകൊടുത്തു. ഇങ്ങനെ നാലു തവണ വ്യത്യസ്‌ത ഭാവത്തോടെയും ശബ്‌ദത്തോടെയും ഒരേ സീനില്‍ ഒരേ ഡയലോഗ്‌ ആര്‍ക്കെങ്കിലും പറയാന്‍ സാധിച്ചാല്‍ ഞാന്‍ അംഗീകരിച്ചുകൊടുക്കാം. ഇക്കാര്യത്തില്‍ എനിക്കു വെല്ലുവിളിക്കാന്‍ സാധിക്കും.

? ചെറുപ്പംമുതലേ കൂടെയുള്ളതാണോ ഈ പരുക്കന്‍ ഭാവം.

ഞാന്‍ പരുക്കനാണോ..? ഇത്രയും സൗഹാര്‍ദ്ദമായി നമ്മള്‍ സംസാരിച്ചതു ചിരിച്ചും ചിന്തിച്ചുമല്ലേ..? നാടോടിക്കാറ്റില്‍ എന്റെ കഥാപാത്രം പോലീസിനെ ഭയന്നു കഴിയുന്ന ഒരു കള്ളക്കടത്തുകാരനാണ്‌. നിന്നനില്‍പ്പില്‍ തീവണ്ടിവേണമെങ്കിലും അയാള്‍ കടത്തിക്കളയും. എന്നാലോ പേടി വേട്ടയാടുന്ന കണ്ണുകളും ഭാവവുമായാണു കഴിയുന്നതും. വാതില്‍ കൊട്ടിയടയുമ്പോഴും ഫോണ്‍ബെല്ലടിക്കുമ്പോഴും അയാള്‍ പ്രത്യേക ഭാവത്തില്‍ ഞെട്ടുന്നുണ്ട്‌. അതൊന്നും സീനില്‍ എഴുതിവച്ചതല്ല. അപ്പപ്പോള്‍ ഞാന്‍ ചെയ്‌തതാണ്‌. ഇതുകണ്ടു സത്യനു (സംവിധായകന്‍ സത്യന്‍ അന്തിക്കാട്‌) ചിരിയടക്കാന്‍ വയ്യായിരുന്നു.

ഞാനാര്‍ക്കും ചാഞ്ഞു കൊടുക്കാറില്ല. അഭിമാനബോധത്തെ അടിയറവയ്‌ക്കാറുമില്ല. ചാഞ്ഞു നില്‍ക്കുന്ന മരമാണെന്നു കരുതി എല്ലാവര്‍ക്കും ഓടിക്കയറാന്‍ നിന്നുകൊടുത്തിട്ടില്ല. തെറ്റ്‌ എവിടെ കണ്ടാലും തുറന്നുപറയും. ഈ നാട്ടിലെ ഒരു പൗരനാണു ഞാന്‍. അനീതികണ്ടാല്‍ പ്രതികരിക്കാന്‍ എനിക്കു ബാധ്യതയുണ്ട്‌. അതുകൊണ്ട്‌ എനിക്കു മിണ്ടാതിരിക്കാനാവില്ല. പ്രതികരിക്കുന്നതുകൊണ്ട്‌ അവസരങ്ങള്‍ നഷ്‌ടപ്പെടുന്നുണ്ടോയെന്നത്‌ എനിക്കൊരു പ്രശ്‌നമല്ല. പിന്നെ കുട്ടിക്കാലവും എന്നെ സ്വാധീനിച്ചിട്ടുണ്ടാകാം. എസ്‌റ്റേറിലെ ജീവിതമാണ്‌ എനിക്കു കുട്ടിക്കാലത്തെ അനുഭവമായി ഓര്‍ക്കാനുള്ളത്‌. വീടിനു പുറത്തിറങ്ങുന്നതു കുറവ്‌. തേയിലയും റബ്ബറും മാത്രമായിരുന്നു ചുറ്റിലും. വീട്ടിലുണ്ടായിരുന്ന 35 പശുക്കളുമായിട്ടായിരുന്നു ചങ്ങാത്തം കൂടുതലും. മനുഷ്യന്റെ സ്‌നേഹം അനുഭവിച്ചറിഞ്ഞതു ചുരുക്കം. ഞാന്‍ അനുഭവിച്ചതിലേറെയും ജീവിതത്തിന്റെ പരുക്കന്‍ മുഖംതന്നെയായിരുന്നു. നാടകത്തില്‍ അഭിനയിച്ചതുകൊണ്ടു നാടുവിട്ടുപോകേണ്ടിവന്നു. പിന്നെ ജീവിക്കാനായി അല്‍പ്പസ്വല്‍പ്പം ഗുണ്ടായിസമൊക്കെ വേണ്ടിവന്നു. ചന്തപ്പിള്ളേരെപ്പോലെ കറങ്ങിനടപ്പ്‌. കള്ളുഷാപ്പില്‍തന്നെയായി കിടപ്പും ഉറക്കവും. അവിടെ എല്ലാവരും സമന്‍മാരാണ്‌. അവര്‍ക്കിടയില്‍ രഹസ്യങ്ങളില്ല. വലുപ്പച്ചെറുപ്പങ്ങളില്ല. കള്ളുകുടിയന്‍മാരുടെ മാനറിസങ്ങള്‍ ഞാന്‍ പകര്‍ത്തിയെടുത്തു. പിന്നീടുള്ള അഭിനയയാത്രയില്‍ അതെനിക്കേറെ ഗുണകരവുമായി.

? ഇത്രയും കാലത്തിനിടയിലെ ഏറ്റവും മികച്ച കഥാപാത്രം.

അങ്ങിനെ പ്രത്യേകമായി ഒന്നുമാത്രം ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ല. 'കുടുംബവിശേഷ'ത്തില്‍ മരിച്ച ഭാര്യയുടെ തല മടിയിലെടുത്തുവച്ച്‌ ആകെ തകര്‍ന്ന അവസ്‌ഥയില്‍ വള്ളത്തില്‍ പോകുന്ന ഒരു രംഗമുണ്ട്‌. പലപ്പോഴായി, പല ദിവസങ്ങളിലായാണ്‌ ഈ രംഗം ഷൂട്ട്‌ ചെയ്‌തത്‌. കട്ട്‌ പറഞ്ഞു പിന്നെ ലൈറ്റും സെറ്റുമൊക്കെ ശരിയാക്കി വേണം ഷൂട്ട്‌ തുടരാന്‍. അപ്പോഴൊക്കെയും അതേ ഭാവത്തില്‍ ഞാന്‍ വള്ളത്തില്‍ വീണ്ടുമിരിക്കണം. അതേപോലെയാണു 'മാമാട്ടിക്കുട്ടിയമ്മ'യില്‍ കുഞ്ഞിനെ തിരികെ ചോദിക്കാനായി ഞാന്‍ ചെല്ലുന്ന രംഗം. ബസില്‍ നീണ്ട യാത്രക്കിടയിലാണ്‌ ആ വീട്ടിലെത്തുന്നത്‌. വീട്ടിലെത്തുമ്പോള്‍ കുട്ടി അവളുടെ കളിപ്പാട്ടങ്ങളും വസ്‌ത്രങ്ങളും മറ്റും ഓടിനടന്നു കാണിച്ചുതരികയാണ്‌. കുട്ടിയെ തിരിച്ചുതന്നില്ലെങ്കില്‍ പള്ളിയില്‍ ചെന്നു കാത്തുനില്‍ക്കുന്ന സ്‌ത്രീയോട്‌ എന്തു പറയുമെന്ന മാനസിക സംഘര്‍ഷം പേറുന്ന നിഷ്‌കളങ്കനായ വികാരിയുടെ കഥാപാത്രം. അങ്ങനെയൊരുപാട്‌ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തെടുക്കാനുണ്ട്‌.

? ഏതെങ്കിലും കഥാപാത്രം പിന്നീടു വേട്ടയാടിയിട്ടുണ്ടോ.

മേയ്‌ക്കപ്പണിഞ്ഞാല്‍പിന്നെ ഞാന്‍ കഥാപാത്രമാണ്‌. തിലകനല്ല. പിന്നെ മനസ്‌ ഏകാഗ്രതമാകും. അപ്പോള്‍ പിന്നെ മറ്റൊന്നും ആലോചിക്കില്ല. കഥാപാത്രങ്ങളുടെ മാനറിസങ്ങള്‍ നമ്മള്‍ ഉള്‍കൊള്ളണം. 'ജാതകം' എന്ന സിനിമയില്‍ മരുമകളെ കൊന്നു കിണറ്റിലിട്ട കഥാപാത്രമാണ്‌ എന്റേത്‌. എന്നാല്‍ ഈ വിവരം പ്രേക്ഷകന്‍ അറിയുന്നത്‌ സിനിമയുടെ അവസാനത്തിലാണ്‌. അതുവരെ എന്റെ എല്ലാ സീനിലും ഞാന്‍ നെറ്റിതടവിക്കൊണ്ടിരിക്കുകയാണ്‌. ഈ പ്രകടനം മരുമകളെ കൊന്നതിലുള്ള കുറ്റബോധംകൊണ്ടാണെന്നു പ്രേക്ഷകന്‍ തിരിച്ചറിയുന്നത്‌ അവസാന സീനിലാണ്‌. അതാണു കഥാപാത്രത്തെ ഉള്‍കൊള്ളുന്നതിലെ പ്രത്യേകത.

(കട്ടിലിനു സമീപത്തെ മേശമേലുള്ള ഡിജിറ്റല്‍ കാമറ കൈയിലെടുത്തു തിലകന്‍ ചിത്രങ്ങള്‍ പരിചയപ്പെടുത്തിതുടങ്ങി. കാനഡയിലെ നഗരക്കാഴ്‌ചയും നാട്ടിലെ മഴക്കാലവും സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം കാമറയുടെ സ്‌ക്രീനില്‍ തെളിഞ്ഞു)

? ഫോട്ടോഗ്രഫി ഇപ്പോഴുമുണ്ടോ.


എവിടെ പോയാലും ഈ കാമറ കൂടെയുണ്ടാകും. ഒരു മൂവികാമറയുമുണ്ട്‌. കഴിഞ്ഞ തവണ കാനഡയില്‍ പോയപ്പോള്‍ കണ്ടതത്രയും പകര്‍ത്തിയിട്ടുണ്ട്‌. എന്റെ ഫ്രെയിം എന്റേതു മാത്രമാണ്‌. ഇതുപോലെ മറ്റൊരാള്‍ക്കും പകര്‍ത്താന്‍ പറ്റില്ല. (സ്‌ഥാനം തെറ്റിയ ജാലകവിരിയിലൂടെ അരിച്ചെത്തുന്ന അസ്‌തമയകിരണങ്ങള്‍ മുന്നില്‍ ചിത്രം നെയ്യവെ, തിലകന്‍ കാമറയിലേക്ക്‌ അവ അതിസൂക്ഷ്‌മം ആവാഹിക്കുന്നു)

? ഇനി അമ്മയില്‍ അംഗത്വത്തിനായി അപേക്ഷ നല്‍കുമോ.

ഇനി അമ്മയിലേക്കില്ല. മുമ്പു പെറ്റമ്മ തള്ളിപ്പറഞ്ഞപ്പോള്‍ അവരോടുപോലും കെഞ്ചിനിന്നിട്ടില്ല. അന്ന്‌ പെറ്റമ്മയാണല്ലോ എന്നോര്‍ത്തു വിട്ടു. പിന്നല്ലേ, ഈ 'അമ്മ'. എനിക്കാരുടെയും ഔദാര്യവും അംഗത്വവും വേണ്ട. അല്ലാതെയും ജീവിക്കാന്‍ എനിക്കറിയാം...



തയ്യാറാക്കിയത്‌: ജിനേഷ്‌ പൂനത്ത്‌

ഗാനഗന്ധര്‍വന്‌ എന്തുപറ്റി?



ഇത്രയും നാള്‍ മ്യൂസിക്‌ റിയാലിറ്റി ഷോകളെ കുറ്റം പറഞ്ഞ്‌ നടന്നിരുന്ന നമ്മുടെ പ്രിയ ഗായകന്‍ യേശുദാസ്‌ ഒരു പ്രമുഖ ചാനലിന്റെ മ്യൂസിക്‌ റിയാലിറ്റി ഷോയില്‍ സെലിബ്രിറ്റി ഗസ്‌റ്റായി വന്നതില്‍ ആര്‍ക്കും ആശയക്കുഴപ്പം തോന്നിയേക്കാം. പാട്ടുകാരന്‍ ഭിക്ഷ യാചിക്കും പോലെ എസ്‌.എം.എസ്‌ യാചിക്കരുത്‌, പാട്ടുകാരന്‌ ആത്മാഭിമാനം വേണം, പാട്ടുപാടുന്നവര്‍ തുള്ളരുത്‌ എന്നെല്ലാം ചാനലുകളിലെ റിയാലിറ്റി ഷോകളെയും അതില്‍ പങ്കെടുക്കുന്നവരെയും വിമര്‍ശിച്ചു നടന്നിരുന്ന നമ്മുടെ പ്രിയ ഗായകന്‍ എങ്ങനെ അവരുടെ വലയില്‍ വീണു എന്ന്‌ അന്വേഷിക്കുമ്പോഴാണ്‌ എല്ലാം പണത്തിന്റെ 'പവറല്ലേ' എന്ന തോന്നല്‍ ശക്‌തമാവുന്നത്‌.

ഗായകന്റെ ആലാപനത്തിന്റെ അന്‍പതാം വര്‍ഷത്തിന്റെ ആഘോഷമുള്‍പ്പടെ എല്ലാം കൂടി ഒരു വന്‍ തുക കൊടുത്ത്‌ ചാനല്‍ വിലയ്‌ക്കു വാങ്ങുകയായിരുന്നത്രെ. മ്യൂസിക്‌ റിയാലിറ്റി ഷോയുടെ അഞ്ചാം ഗ്രാന്‍ഡ്‌ ഫിനാലെ നടക്കുമ്പോള്‍ ഗായകനെ രാത്രി പന്ത്രണ്ടു മണി വരെ വേദിയില്‍ ഇരുത്തുന്നതിലും ചാനലിന്‌ സാധിച്ചു. ജൂറിമാര്‍ വിധി പറയും മുന്‍പേ ഒരു ഫൈനലിസ്‌റ്റിനെ പുകഴ്‌ത്തിക്കൊണ്ട്‌ എഴുന്നേറ്റ്‌ നിന്ന്‌ കൈയ്യടിച്ച ഗായകന്‍ എസ്‌.എം.എസില്‍ പിന്നിലായിരുന്ന ഗായികയെ മുന്നിലെത്തിക്കുകയും ചെയ്‌തു!

മാറിയുടുക്കാന്‍ വസ്‌ത്രമില്ലാതിരുന്നതിനാല്‍ വെള്ള നിറം ഉപയോഗിച്ചതും, ചെമ്പൈയുടെ കാര്‍ഷെഡില്‍ ഉറങ്ങിയതും, ഡ്രൈവറായ സുഹൃത്തു നല്‌കിയ പതിനാറു രൂപയും കൊണ്ട്‌ മദ്രാസിനു പോയതുമൊക്കെ നാഴികയ്‌ക്ക് നാല്‌പതുവട്ടം ക്യാമറകള്‍ക്കു മുന്നിലും പത്രക്കാരോടുമെല്ലാം ഗായകന്‍ പറയാറുണ്ട്‌. എന്നാലിന്ന്‌ യേശുദാസ്‌ ഏറ്റവും മികച്ച ഗായകന്‍ മാത്രമല്ല മികച്ച ബിസിനസുകാരന്‍ കൂടിയാണ്‌ എന്നാണോ ഈ അണിയറക്കഥകള്‍ വ്യക്‌തമാക്കുന്നത്‌?


ഞാന്‍ കണ്ണൂരുകാരി, രക്‌തത്തിളപ്പു കൂടുതലുണ്ട്,സനൂഷ



കണ്ണൂര്‍ താണെയില്‍നിന്ന്‌ ഇടത്തോട്ടു നീളുന്ന മെലിഞ്ഞ റോഡിലൂടെ നടന്നാല്‍ 'സ്വപ്‌ന'ത്തിലെത്താം. അതു നടി സനൂഷയുടെ സ്വപ്‌നങ്ങള്‍ക്കു ചിറകേകുന്ന ഇടമാണ്‌. സനൂഷയുടെ സ്വന്തം വീട്‌.

ബാല്യത്തിന്റെ നിഷ്‌കളങ്കതയോടെ മലയാളപ്രേക്ഷകര്‍ക്കിടയിലേക്കു കടന്നുവന്ന കൊച്ചുമിടുക്കിയില്‍ നിന്നു സനൂഷ ഇപ്പോള്‍ ഏറെ വളര്‍ന്നു. യൂണിഫോമണിയുന്ന പ്ലസ്‌ടുക്കാരി ഇന്നു സിനിമയില്‍ സാരിയണിയുന്ന നായിക കൂടിയാണ്‌.

ഒട്ടേറെ തമിഴ്‌സിനിമകളില്‍ നായികയായി കസറിയശേഷമാണു 'മിസ്‌റ്റര്‍ മരുമകനി'ലൂടെ മലയാളത്തിലേക്കുള്ള സനൂഷയുടെ വരവ്‌. 'അഭ്രപാളിയില്‍ അമ്പതു കല്ല്യാണം കഴിഞ്ഞ' ദിലീപാണു മലയാളത്തിലെ ആദ്യനായകന്‍. അമ്മയായി വേഷമിടുന്ന ഖുശ്‌ബുവിനു ചിത്രീകരണത്തിനിടെ വീണു പരുക്കേറ്റതിനാല്‍ ഷൂട്ടിംഗ്‌ നിര്‍ത്തിവച്ചിരിക്കുകയാണിപ്പോള്‍. ഈ ഇടവേള പ്ലസ്‌ടു പരീക്ഷയ്‌ക്കു തയ്യാറെടുക്കാന്‍ ഉപയോഗിക്കുകയാണു സനൂഷ.

കാവ്യയെപ്പോലെ സനൂഷയും നീലേശ്വരത്തു ജനിച്ചു നമ്മുടെ കണ്‍മുന്നില്‍ വളര്‍ന്ന കുട്ടിയാണ്‌. കാഴ്‌ച, മാമ്പഴക്കാലം തുടങ്ങി ഒരുപാടു സിനിമകളില്‍ ബാലതാരമായിരുന്ന സനൂഷ അല്‍പ്പനേരത്തേക്കു പാഠപുസ്‌തകം അടച്ചുവച്ചു കൗതുകംനിറഞ്ഞ സിനിമാ ജീവിതം തുറക്കുന്നു.



? മലയാളത്തില്‍ നായികയാകാന്‍ ഇത്തിരി വൈകിപ്പോയോ.

ഞാനിപ്പോള്‍ പ്ലസ്‌ ടുവിലല്ലേ പഠിക്കുന്നത്‌. ഇത്ര ചെറിയ പ്രായത്തിലേ നായികയായില്ലേ... അതുകൊണ്ടു വൈകിയെന്നൊന്നും എനിക്കു തോന്നുന്നില്ല. പിന്നെ തമിഴില്‍ ഒരുപാടു സിനിമയുണ്ടായിരുന്നു. അതൊക്കെ ചെയ്‌തുതീര്‍ക്കേണ്ടതിനാല്‍ മലയാളത്തില്‍ വന്നഅവസരങ്ങളൊന്നും മുമ്പു സ്വീകരിക്കാന്‍ പറ്റിയില്ല. പ്ലസ്‌ ടുവായതുകൊണ്ടു പഠിക്കാനും ഏറെയുണ്ടായിരുന്നു. സിനിമ എല്ലാക്കാലത്തും ഉണ്ടാവില്ലല്ലോ. നമ്മുടെ നാട്ടില്‍ നായികമാര്‍ക്കു പെട്ടെന്നു പ്രായമാകും. അതുകൊണ്ടു പഠനം വിട്ടൊരു കളിയുമില്ല.

? ഛോട്ടാ മുംബൈയ്‌ക്കു ശേഷമാണു മലയാളത്തില്‍ കാണാതായത്‌. ബോധപൂര്‍വ്വമായ പിന്മാറ്റമായിരുന്നോ.

ബോധപൂര്‍വം തന്നെയായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണു ഞാന്‍ ഛോട്ടാ മുംബൈയില്‍ അഭിനയിച്ചത്‌. എട്ടു കഴിഞ്ഞിട്ടും ബാലതാരം തന്നെയായി നില്‍ക്കുന്നതു ശരിയല്ലല്ലോ. എല്‍.കെ.ജി യില്‍ തുടങ്ങിയതാണ്‌ അഭിനയം. നായികയാവാറായി എന്നു തോന്നിത്തുടങ്ങിയപ്പോള്‍ 'ഇനി ബാലതാരമായി ഇല്ലെന്ന്‌' എല്ലാവരും കേള്‍ക്കെ പറഞ്ഞാണു പഠനത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചത്‌.

എങ്കിലും മറ്റൊരു കാരണം കൂടിയുണ്ട്‌ കേട്ടോ... വീട്ടില്‍നിന്നു മാറിനിന്നിട്ടു വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുവരുമ്പോള്‍ നമ്മളോട്‌ എല്ലാവര്‍ക്കും ഭയങ്കര സ്‌നേഹമായിരിക്കും. തൊട്ടുതലോടി നീയങ്ങു മെലിഞ്ഞു പോയല്ലോ എന്നൊക്കെ പറഞ്ഞ്‌ ഓമനിക്കും. ആ സ്‌നേഹമൊന്ന്‌ അറിയാമെന്നു കരുതിക്കൂടിയാണു ഞാന്‍ മാറിനിന്നത്‌.

? എപ്പോഴുമുള്ള ഈ ചിരിയുടെ രഹസ്യം.


ചെറുപ്പംമുതലേ എന്റെ മുഖത്തു ചിരിയുണ്ട്‌. എന്നെ അങ്ങനെ കാണാനാണ്‌ എല്ലാവര്‍ക്കും ഇഷ്‌ടം. ഞാന്‍ സീരിയലിലുണ്ടായിരുന്ന സമയത്തു കരയുന്ന കഥാപാത്രത്തെയെങ്ങാനും അവതരിപ്പിച്ചാല്‍ പലരും വിളിച്ചുപറയുമായിരുന്നു: 'സനൂഷേ... മോളു കരയരുത്‌. ചിരിക്കുന്ന കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ചാല്‍ മതി' എന്ന്‌. എന്റെ പ്ലസ്‌പോയിന്റ്‌ ഈ ചിരിയാണ്‌. ബാലനടിയായിരുന്നപ്പോള്‍ ഉണ്ടായിരുന്ന ചിരി ഇപ്പോള്‍ നായികയാകുമ്പോഴും ഞാന്‍ കൈവിട്ടിട്ടില്ല. പക്ഷേ ദേഷ്യം വന്നാല്‍ എനിക്കു പ്രശ്‌നമാണ്‌. നിയന്ത്രിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടും.



? ആദ്യമായി മലയാളനായിക ആകുമ്പോള്‍ പരിഭ്രമമുണ്ടോ.

എന്തിനു പരിഭ്രമം...ഞാനിവിടത്തെതന്നെയുള്ള കുട്ടിയല്ലേ. ജനിച്ചുവളര്‍ന്നതുതന്നെ മലയാള സിനിമയിലാണെന്നു പറയാം. ദാദാസാഹിബും വാര്‍ ആന്‍ഡ്‌ ലൗ വുമൊക്കെ എന്റെ എല്‍.കെ.ജി കാലത്തെ പടങ്ങളാണ്‌. കണ്ണൂര്‍ ജില്ലാ കലോത്സവത്തില്‍ അവതരിപ്പിച്ച നൃത്തത്തിന്റെ ഫോട്ടോ പത്രത്തില്‍ കണ്ടിട്ടാണു വിനയന്‍ സാര്‍ എന്നെ സിനിമയിലേക്കു വിളിച്ചത്‌. അന്നുമുതല്‍ എനിക്ക്‌ എല്ലാവരുടേയും സ്‌നേഹം കിട്ടി. ഇന്നും അതു തുടരുന്നുണ്ട്‌. സെറ്റിലുള്ള എല്ലാവരും പരിചയക്കാരാണ്‌. അതുകൊണ്ട്‌ അന്യതാബോധം ഒട്ടും തോന്നിയില്ല. തമിഴ്‌സിനിമകളിലൊക്കെ ഞാന്‍ നായികയായി അഭിനയിച്ചിട്ടുമുണ്ടല്ലോ.

? ഷീല... ദിലീപ്‌...ഖുശ്‌ബു...

നായികയുടെ അംഗചലനങ്ങളെക്കുറിച്ചും കണ്ണുകള്‍ ചലിപ്പിക്കേണ്ടതിനെക്കുറിച്ചുമൊക്കെ ഷിലാമ്മ പറഞ്ഞുതന്നു. നല്ല കമ്പനിയാണവര്‍. എന്നെ നന്നായി കെയര്‍ ചെയ്യുന്നുണ്ട്‌. എല്ലാ കാര്യങ്ങളും പറഞ്ഞുതരും. വലിയ നടിയല്ലേ... എത്രകാലമായി ഫീല്‍ഡിലുള്ളതാണ്‌! ഇന്നും അവരുടെ സൗന്ദര്യത്തിന്‌ ഒരു കോട്ടവും തട്ടിയിട്ടില്ല. ഖുശ്‌ബു ആന്റിയും കാര്യങ്ങളൊക്കെ നന്നായി പറഞ്ഞുതരും.

ദിലീപേട്ടനും കാവ്യേച്ചിയും നായകനും നായികയുമായി അഭിനയിച്ച മീശമാധവനില്‍ ഞാനുമുണ്ടായിരുന്നു. കാവ്യേച്ചിയുടെ അനുജത്തിയായിരുന്നു ഞാനതില്‍. കാവ്യേച്ചി ആദ്യം നായികയായ 'ചന്ദ്രനുദിക്കുന്ന ദിക്കി'ല്‍ ഞാനാണു ചേച്ചിയുടെ കുട്ടിക്കാലം അവതരിപ്പിച്ചത്‌. ആ സിനിമയിലും ദിലീപേട്ടനായിരുന്നല്ലോ നായകന്‍. മിസ്‌റ്റര്‍ മരുമകന്റെ സെറ്റില്‍വച്ചു ദിലീപേട്ടന്‍ പറയുവാ...'എന്റെ നായികയായിട്ടേ സമാധാനമുള്ളൂ എന്നു പറഞ്ഞ്‌ ഈ കൊച്ച്‌ എന്നെ വിടാതെ കാത്തിരിക്കുകയായിരുന്നു' എന്ന്‌.

? ദിലീപിന്റെ നായികയായിത്തന്നെ തുടങ്ങണമെന്ന്‌ ആഗ്രഹിച്ചിരുന്നോ.

അങ്ങനെയൊന്നുമില്ല. നേരത്തേ വന്ന സിനിമകളൊന്നും ശരിയാവാതിരുന്നതുകൊണ്ടാണു മലയാളത്തില്‍ ഞാന്‍ നായികയാവുന്ന ആദ്യചിത്രമായി മിസ്‌റ്റര്‍ മരുമകന്‍ മാറിയത്‌. ദിലീപേട്ടനൊപ്പം ആദ്യം നായികയാകുന്നതു ഭാഗ്യമാണെന്നു കരുതുന്നവരുണ്ട്‌. അങ്ങനെ വന്നാല്‍ രക്ഷപ്പെട്ടുവെന്നാണു ചിലര്‍ പറയുക. മഞ്‌ജുച്ചേച്ചി, കാവ്യച്ചേച്ചി, മീരാനന്ദന്‍, മീരാജാസ്‌മിന്‍... എത്ര പേരെ വേണമെങ്കിലും ഉദാഹരണമായി പറയാം. അക്കൂട്ടത്തില്‍ സനൂഷ എന്ന പേരുകൂടെ വരുന്നതില്‍ എനിക്കു വിരോധമില്ലെന്നേ... (ചിരിക്കുന്നു)

? ദിലീപിന്റെ സ്‌ഥിരം നായികയാണു കാവ്യ. സനൂഷ ആ സ്‌ഥാനത്തേക്കു വന്നപ്പോള്‍ കാവ്യയ്‌ക്കു കുശുമ്പു തോന്നിക്കാണുമോ.

പാവമാണു കാവ്യേച്ചി. എന്റെ അച്‌ഛന്റെ വീട്‌ നീലേശ്വരത്താണ്‌. ഞാന്‍ വളര്‍ന്നതൊക്കെ നീലേശ്വരത്താണ്‌. അക്കാലം മുതലേ കാവ്യേച്ചിയെ അറിയാം. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ നൃത്തമത്സരത്തില്‍ എനിക്കു സമ്മാനം കിട്ടിയിരുന്നു. സ്‌കൂളില്‍ നടന്ന ആ പരിപാടിയില്‍ സമ്മാനം തന്നതു കാവ്യേച്ചിയാണ്‌. അന്നു കാവ്യേച്ചി രണ്ടുമൂന്നു സിനിമകളിലൊക്കെ അഭിനയിച്ചു നില്‍ക്കുന്ന സമയമാണ്‌.

ഞാന്‍ നായികയാകാന്‍ പോവുകയാണെന്നു കാവ്യേച്ചിയോടു പറഞ്ഞിരുന്നു. നല്ല കാര്യമാണെന്നും നിലനില്‍ക്കാന്‍ നന്നായി ശ്രദ്ധിക്കണമെന്നുമൊക്കെ പറഞ്ഞു. ഫോണില്‍ പലപ്പോഴും സംസാരിക്കാറുണ്ട്‌. എന്റെ നല്ല ഫ്രണ്ടാണു കാവ്യേച്ചി. ചേച്ചി മൂകാംബികയില്‍ വരുമ്പോള്‍ പലപ്പോഴും ഞാനും പോകാറുണ്ട്‌.

? ഏതെങ്കിലും സിനിമ കണ്ടിട്ട്‌ അതിലെ നായികയെപ്പോലെ അഭിനയിക്കണമെന്നു തോന്നിയിട്ടുണ്ടോ.

മണിച്ചിത്രത്താഴില്‍ ശോഭനയാന്റി അവതരിപ്പിച്ച നാഗവല്ലിയും നന്ദനത്തില്‍ നവ്യച്ചേച്ചി അവതരിപ്പിച്ച ബാലാമണിയും എനിക്ക്‌ ഏറെ ഇഷ്‌ടപ്പെട്ട കഥാപാത്രങ്ങളാണ്‌. നൃത്തത്തോടു വളരെ ഇഷ്‌ടമാണെനിക്ക്‌. ചെറുപ്പം മുതലേ നൃത്തം പഠിക്കാന്‍ പോയിത്തുടങ്ങി. എല്ലാത്തരം നൃത്തവും ചെയ്യും. ക്ലാസിക്കലും സിനിമാറ്റിക്കും എല്ലാം. നൃത്തത്തോടുള്ള ഈ താല്‍പ്പര്യമാണ്‌ നാഗവല്ലിയോടുള്ള അടുപ്പത്തിനും കാരണം. കൃഷ്‌ണനോടുള്ള ഇഷ്‌ടം ബാലാമണിയെ സ്‌നേഹിക്കാന്‍ കാരണമായി.

ഒരു പ്രത്യേക ഇഷ്‌ടമാണു കൃഷ്‌ണനോടെനിക്ക്‌.

? എന്നിട്ടാണോ കൃഷ്‌ണന്റെ അമ്പലത്തിനടുത്തുള്ള വീടുവിട്ടു താണെയിലേക്കു മാറിയത്‌.

പുതിയ വീടുവയ്‌ക്കാന്‍ സ്‌ഥലം നോക്കിയപ്പോള്‍ ഇവിടെയാണ്‌ ഒത്തുവന്നത്‌. എന്നാലും പള്ളിക്കുന്നില്‍ ആദ്യം താമസിച്ചിരുന്ന വാടകവീട്‌ ഞങ്ങള്‍ ഒഴിഞ്ഞിട്ടൊന്നുമില്ല. അവിടെയടുത്താണു സ്‌കൂള്‍. ഇവിടെനിന്നു സ്‌കൂളില്‍ പോകാന്‍ വലിയ ബുദ്ധിമുട്ടാണ്‌. ഒരു റെയില്‍വേഗേറ്റുണ്ട്‌. വണ്ടിപോകാനുള്ളതുകൊണ്ടു മിക്കപ്പോഴും അത്‌ അടഞ്ഞുകിടക്കും. പിന്നെ സ്‌കൂളിലെത്തുമ്പോഴേക്കും വൈകും. അതുകൊണ്ടു പലപ്പോഴും പള്ളിക്കുന്നിലാണ്‌ ഉണ്ടാവാറുള്ളത്‌. അവിടെയടുത്തുള്ള കൃഷ്‌ണന്റമ്പലത്തില്‍ മിക്കദിവസവും പോകാറുമുണ്ട്‌. ഏറെ ആഗ്രഹിച്ചു സ്വന്തമാക്കിയ ഈ വീടും എനിക്ക്‌ ഒരുപാട്‌ ഇഷ്‌ടമാണ്‌.

? സ്വപ്‌നത്തിലുണ്ടായിരുന്ന വീടായതുകൊണ്ടാണോ വീട്ടുപേരും 'സ്വപ്‌ന'മെന്നായത്‌.

സത്യത്തില്‍ ഇതെന്റെ സ്വപ്‌നവീടു തന്നെയാണ്‌. ഞാന്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ള സ്വപ്‌നം ഒരുപക്ഷേ വീടിനെക്കുറിച്ചായിരിക്കും. പല നിറത്തിലും തരത്തിലുമുള്ള വീടുകള്‍ സ്വപ്‌നങ്ങളില്‍ നിറഞ്ഞിരുന്നു. പല വീടുകളില്‍ ഞാന്‍ താമസിച്ചിട്ടുണ്ട്‌. അതെല്ലാം വാടകവീടായിരുന്നു. ഇതാണു സ്വന്തമായുള്ള ഞങ്ങളുടെ ആദ്യവീട്‌. സിനിമയില്‍നിന്നുള്ള എന്റെ സമ്പാദ്യംകൊണ്ടു നിര്‍മ്മിച്ചതാണ്‌. എന്റെ ആദ്യസീരിയലിന്റെ പേരും സ്വപ്‌നം എന്നായിരുന്നു. ആദ്യമായി എന്നെ കാമറയ്‌ക്കു മുന്നില്‍ കൊണ്ടുവന്നത്‌ ആ സീരിയലായിരുന്നല്ലോ. ഇതെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ വീടിന്റെ പേര്‌ 'സ്വപ്‌നം' എന്നുതന്നെയാക്കി.

? ഇപ്പോള്‍ കാറും സ്വന്തമാക്കി അല്ലേ...

നേരത്തേ ഒരു കാറുണ്ടായിരുന്നു. അതു വിറ്റ്‌ ഇപ്പോള്‍ പുതിയൊരെണ്ണം വാങ്ങിച്ചതാണ്‌. പ്ലസ്‌ടുവിനു പഠിക്കുമ്പോള്‍ത്തന്നെ ഒരു വീടുവയ്‌ക്കാനും കാര്‍ വാങ്ങാനും സാധിച്ചതില്‍ എനിക്കഭിമാനമുണ്ട്‌. പോക്കറ്റ്‌ മണിപോലും എനിക്കു ചോദിക്കേണ്ടി വരാറില്ല. പ്ലസ്‌ടു പഠിക്കുന്ന ഒരു കുട്ടിക്ക്‌ ഇതു സാധിക്കുന്നതു ഭാഗ്യമല്ലേ... കാറിനൊപ്പം എനിക്കൊരു സ്‌കൂട്ടറുമുണ്ട്‌. ചിലപ്പോഴൊക്കെ അതില്‍ കയറി പുറത്തോട്ടു പോകും. അധികം ദൂരേക്കൊന്നും പോകാറില്ല. കാരണം എനിക്കു ലൈസന്‍സില്ല. പോലീസ്‌ പിടിച്ചാല്‍ പണിയാവില്ലേ...

? സ്‌കൂളില്‍ താരപദവി കിട്ടുന്നുണ്ടോ.

ഏയ്‌... ഞാന്‍ എല്‍.കെ.ജി മുതല്‍ പഠിച്ചുവളര്‍ന്ന സ്‌കൂളാണ്‌. എല്ലാവരും എന്നെ അന്നുമുതല്‍ കാണാന്‍ തുടങ്ങിയതാണ്‌. അന്നത്തെ മിസ്‌മാരൊക്കെത്തന്നെയാണ്‌ ഇന്നും അവിടെയുള്ളത്‌. എല്‍.കെ.ജി മുതല്‍ ഒപ്പം പഠിക്കുന്നവരാണു ക്ലാസിലുള്ളപലരും. അവര്‍ക്കൊക്കെ ഞാന്‍ സനൂഷ മാത്രമാണ്‌. അവരുടെ സഹപാഠിയായ സനൂഷ. പക്ഷേ ടൗണിലോട്ടൊക്കെ ഇറങ്ങിയാല്‍ പലരും കൗതുകത്തോടെ നോക്കിനില്‍ക്കുന്നതു കാണാം. ചിലര്‍ അടക്കം പറയും. മറ്റുചിലര്‍ അടുത്തുവന്നു സനൂഷയല്ലേയെന്നു ചോദിക്കും. കൊച്ചിയിലെപ്പോലെ ഇവിടെ കണ്ണൂരിലൊന്നും ഒരു പാടു സിനിമാനടിമാരില്ലല്ലോ...

? ബാലനടിയെന്ന ലേബല്‍ മാറിയതോടെപ്രണയാഭ്യര്‍ത്ഥനയൊക്കെ വരുന്നുണ്ടോ.

ഞാന്‍ പറഞ്ഞില്ലേ... എന്റെ സ്‌കൂളിലെ ആര്‍ക്കും എന്നെ അങ്ങനെയൊന്നും കാണാന്‍ പറ്റില്ല. ആണ്‍കുട്ടികളുമായി നല്ല ഫ്രണ്ട്‌ഷിപ്പാണ്‌. അല്ലാതെ ആരുമായും 'ലൗ'വൊന്നുമില്ല. അങ്ങനെയാരും ഇതുവരെ പറഞ്ഞിട്ടുമില്ല. അതിനുള്ള പ്രായമൊന്നും ആയിട്ടില്ലല്ലോ. ഞാന്‍ പറഞ്ഞില്ലേ, ഡ്രൈവിംഗ്‌ലൈസന്‍സ്‌ എടുക്കാനുള്ള പ്രായംപോലും എനിക്കില്ല. ഒരു കൊല്ലംകൂടെ കഴിഞ്ഞാല്‍ ലൈസന്‍സുമെടുക്കാം, വോട്ടും ചെയ്യാം.

? കാവ്യ വോട്ടുചെയ്യാന്‍ പോയതുപോലെ വിവാദം സൃഷ്‌ടിക്കാനാണോ.

കാവ്യേച്ചീടെ കാര്യം... പാവമല്ലേ...! കഷ്‌ടായി പ്പോയി. എനിക്കു വോട്ടുചെയ്യാന്‍ മാത്രമല്ല, രാഷ്‌ട്രീയത്തില്‍ സജീവമായി ഇറങ്ങാനും ആഗ്രഹമുണ്ട്‌. സമൂഹത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം. അതിനു രാഷ്‌ട്രീയംതന്നെയാണു നല്ലത്‌. നിയമം ലംഘിക്കുന്നവര്‍ക്കു കടുത്ത ശിക്ഷതന്നെ നല്‍കണം.

? നക്‌സലൈറ്റാണോ...

ഏയ്‌... അങ്ങനെയൊന്നുമില്ല. രക്‌തത്തിനു കുറച്ചു തിളപ്പു കൂടുതലുണ്ട്‌. കണ്ണൂരല്ലേ സ്‌ഥലം. ഏതു രാഷ്‌ടീയപ്പാര്‍ട്ടിയോടാണു താല്‍പ്പര്യമെന്നൊന്നും ഇപ്പോള്‍ പറയുന്നില്ല. വോട്ടവകാശമായിട്ട്‌ അതൊക്കെ പറയുന്നുണ്ട്‌. ഇങ്ങനെയൊക്കെയാണെങ്കിലും കളിയും ചിരിയുമായി നടക്കുന്ന ഒരു സാധാരണ പെണ്‍കുട്ടികൂടിയാണു ഞാന്‍ കേട്ടോ...

? പ്രണയിച്ചിട്ടില്ലാത്ത സനൂഷ പ്രണയം അഭിനയിക്കുമ്പോള്‍ നാണിക്കുമോ.

ഏയ്‌.. എന്തിനാ നാണിക്കുന്നേ? അതൊക്കെ അഭിനയമല്ലേ. അഭിനയം വേ... റിയല്‍ ലൈഫ്‌ റേ...കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിലൊക്കെ നമ്മള്‍ അഭിനയിക്കേണ്ടതല്ലേ? പ്രണയം അഭിനയിക്കണമെങ്കില്‍ ജീവിതത്തില്‍ പ്രണയിക്കണമെന്നൊന്നുമില്ല. കാമറയ്‌ക്കു മുന്നില്‍ വരുമ്പോള്‍ അതൊക്കെ ശരിയായിക്കോളും. പിന്നെ എനിക്കു പരിചയമുള്ളവരൊക്കെയാണല്ലോ സെറ്റിലുമുള്ളത്‌. അതുകൊണ്ടു നാണമൊന്നും തോന്നിയില്ല.

? ദിലീപിന്റേത്‌ അമ്പതാമത്തെ കല്ല്യാണമായിരുന്നു മിസ്‌റ്റര്‍ മരുമകനില്‍. സനൂഷയുടെ ആദ്യ മിന്നുകെട്ടും...

അതേ. ദിലീപേട്ടന്‍ ഇതിനുമുമ്പു പല സിനിമകളിലായി അമ്പതു കല്ല്യാണങ്ങളാണു കഴിച്ചത്‌. സെറ്റില്‍വച്ചാണു ഞാനീ വിവരമറിഞ്ഞത്‌. എനിക്കു തമിഴ്‌സിനിമകളില്‍വച്ചു 'കല്ല്യാണ'മൊക്കെ കഴിഞ്ഞതാണ്‌. എന്നാല്‍ അതൊക്കെ മാലചാര്‍ത്തല്‍ മാത്രമായിരുന്നു. മിസ്‌റ്റര്‍ മരുമകനില്‍വച്ചു ദിലീപേട്ടന്‍ എന്നെ ആദ്യമായി താലികെട്ടി! അതിനാല്‍ ഇനി താലികള്‍ കഴുത്തില്‍ ഒരുപാടു വീഴുമെന്ന്‌ ഞാന്‍ അപ്പോള്‍ത്തന്നെ പറഞ്ഞിട്ടുമുണ്ട്‌. ദിലീപേട്ടന്‍ സെറ്റില്‍ ഒരു ഓള്‍റൗണ്ടറാണ്‌. എല്ലായിടത്തുമുണ്ടാകും. കിച്ചണില്‍.. കാമറയ്‌ക്കു മുന്നില്‍...പിന്നില്‍... എന്നുവേണ്ട എവിടെ നോക്കിയാലും കാണാം. ദിലീപേട്ടന്‍ ഉള്ള സെറ്റ്‌ നല്ല രസാ...

? സിനിമയിലെ കൂട്ടുകാരികള്‍.

ചേച്ചിമാരാണ്‌ എന്റെ ഫ്രണ്ട്‌സ്. കാവ്യേച്ചി അധിക സമയവും വിളിക്കും. ഭാവനച്ചേച്ചിയും ആന്‍ ചേച്ചിയും ഭാമച്ചേച്ചിയുമൊക്കെ നല്ല കൂട്ടാണ്‌. ഭാമച്ചേച്ചി എന്നെപ്പോലെ ഒരു അമ്പലവാസിയാണു കേട്ടോ... അമ്പലങ്ങളെകുറിച്ചൊക്കെ എന്നോടു സംസാരിക്കാറുണ്ട്‌.

? ബാലനടിയിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍...

നല്ല അനുഭവമായിരുന്നു. എല്ലാവരും എന്നെ അറിഞ്ഞില്ലേ. പിന്നെ ഒരുപാട്‌ അംഗീകാരങ്ങളും ലഭിച്ചല്ലോ. 'കാഴ്‌ച'യിലെ അഭിനയത്തിനു സംസ്‌ഥാന അവാര്‍ഡ്‌ കിട്ടി. ഒരുപാടു സ്‌ഥലങ്ങളില്‍ പോകാനും കഴിഞ്ഞിട്ടുണ്ട്‌. 'കുരുക്ഷേത്ര'യില്‍ അഭിനയിക്കാന്‍ കാശ്‌മീരിലൊക്കെ പോയതു ഭയങ്കര റിസ്‌ക്കെടുത്തിട്ടാണ്‌. നല്ല തണുപ്പായിരുന്നു അവിടെ. കിടുകിടാ വിറച്ചുപോകും. കുറച്ചുദിവസം അവിടെ നിന്നപ്പോഴേക്കും എന്റെ കവിളൊക്കെ ചുവന്നുതടിച്ചു കാശ്‌മീരികളെപ്പോലെയായി.

? നായികയായപ്പോള്‍ വരുത്തിയ മാറ്റങ്ങള്‍...

കാര്യമായിട്ടൊന്നും മാറിയില്ല. ശരീരം മെലിയുന്നതാണു നല്ലതെന്നൊക്കെ എനിക്കറിയാം. അതിപ്പോള്‍ നായികയായാലും അല്ലെങ്കിലും ആരോഗ്യത്തിനു നല്ലതു പൊണ്ണത്തടിയില്ലാത്തതാണ്‌. ഞാന്‍ കുറച്ചുദിവസമൊക്കെ ഇവിടെയടുത്തൊരു ഹെല്‍ത്ത്‌ ക്ലബ്ബില്‍ പോയിരുന്നു. പിന്നെ രാവിലെ എഴുന്നേല്‍ക്കാന്‍ മടിയായി. അതോടെ വ്യായാമം നിലച്ചു.

എന്തുകിട്ടിയാലും വാരിവലിച്ചു തിന്നുന്നത്‌ എന്റെയൊരു ശീലമാണ്‌. കെ.എം.സി (കണ്ണൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍) എന്നാണു ഞാന്‍ എന്നെത്തന്നെ വിശേഷിപ്പിക്കാറ്‌. എന്തു സാധനമായാലും എന്റെ മുന്നിലേക്കു വച്ചുതന്നാല്‍മതി. നിമിഷനേരംകൊണ്ടു ഞാന്‍ അകത്താക്കും.

? തമിഴില്‍...

റെനിഗുണ്ടയില്‍ നായികയായിരുന്നു. ദന്തി, എത്തന്‍ തുടങ്ങിയ സിനിമകളൊക്കെ റിലീസ്‌ ചെയ്‌തു. പരിമണതിരൈ അരംഗം എന്ന പടം അടുത്തമാസം റിലീസ്‌ ചെയ്യും. 'നാടെ നമതെ'യുടെ ഷൂട്ടിംഗ്‌ നടന്നുകൊണ്ടിരിക്കുന്നു.

(ഇന്റര്‍വ്യൂ പുരോഗമിക്കുമ്പോഴൊക്കെ ഒരാള്‍ ഞങ്ങള്‍ക്കു മുന്നില്‍ കുട്ടിക്കരണം മറിഞ്ഞും 'അല്ലു അര്‍ജജുന്‍' ആയും ശ്രദ്ധിയാകര്‍ഷിച്ചുകൊണ്ടിരുന്നു. എന്നിട്ടൊന്നും രക്ഷയില്ലാതെ വന്നതോടെ എളിയില്‍ കൈതാങ്ങി 'എന്തേ, ഞാനുമൊരു സൂപ്പര്‍സ്‌റ്റാറല്ലേ' എന്ന മട്ടിലായി നില്‍പ്പ്‌. മറ്റാരുമല്ല, സനൂഷയുടെ ഏകസഹോദരന്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന സനൂപ്‌ എന്ന ഉണ്ണി. രണ്ടു സിനിമയിലും ഒരു സീരിയലിലും ഈ കൊച്ചുമിടുക്കന്‍ ഇതിനകം അഭിനയിച്ചുകഴിഞ്ഞു)

? ചേച്ചിയുടെ ഏതു സിനിമയാണ്‌ ഉണ്ണിക്ക്‌ ഏറെയിഷ്‌ടം.

മാമ്പഴക്കാലം.. (ഉടന്‍ വന്നു ഉത്തരം. ഒപ്പം സനൂഷയുടെ വക കൂട്ടിച്ചേര്‍ക്കലും. 'അവനു ഞാന്‍ സിനിമയില്‍ കരയുന്നതു കാണാന്‍ ഇഷ്‌ടമല്ല. അവനും കൂടെയിരുന്നു കരയും.')

? ആരുടെ കൂടെ അഭിനയിക്കാനാണ്‌ ഇഷ്‌ടം.

ചേച്ചിയുടെ അനുജനായി അഭിനയിക്കാനാ ഇഷ്‌ടം..

(ഇവനാണ്‌ എന്റെ ആദ്യ വിമര്‍ശകന്‍ എന്നു സനൂഷയുടെ സാക്ഷ്യം. ''സിനിമ നന്നായെങ്കിലും ഇല്ലെങ്കിലും ഇവന്‍ തുറന്നു പറയും. ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണു കൂടെ അഭിനയിക്കാന്‍ ഒരു ആണ്‍കുട്ടിയെ വേണ്ടിവന്നത്‌. അങ്ങനെ ഇവനെ പിടികൂടി സിനിമയിലിട്ടു. വിചാരിച്ചതിലും നന്നായി അഭിനയിച്ചു. സംവിധായകരൊക്കെ നല്ല അഭിപ്രായമാണു പറഞ്ഞത്‌. പിന്നെ ഒരു സീരിയല്‍ ഷൂട്ടിംഗുകാര്‍ വന്നപ്പോഴും കണ്ടിഷ്‌ടപ്പെട്ട്‌ അവരും അഭിനയിപ്പിച്ചു. അവനു ചിലപ്പോള്‍ സ്‌പോര്‍ട്‌സ്കാരനാകാനാണു മോഹം..മറ്റു ചിലപ്പോള്‍ അല്ലു അര്‍ജ്‌ജുനാകാന്‍...''- കുഞ്ഞനുജന്റെ വിശേഷണങ്ങള്‍ പറയുമ്പോള്‍ സനൂഷയ്‌ക്ക് നൂറുനാവ്‌..)

ജിനേഷ്‌ പൂനത്ത്‌

ദൈവത്തെ വിളിച്ചിട്ടില്ല ഇനിയൊട്ടു വിളിക്കുകയുമില്ല..തിലകന്‍



കൊച്ചിയിലെ ഹോട്ടല്‍മുറിയില്‍ കൈലിമുണ്ടുടുത്തു കട്ടിലില്‍ കമിഴ്‌ന്നു കിടക്കുകയായിരുന്നു തിലകന്‍. പരുക്കന്‍ മുഖവും കഷണ്ടി കയറിയ തലയും ചുരുണ്ട രോമങ്ങള്‍ കെട്ടുപിണഞ്ഞ ശരീരവും. എന്നാല്‍ ഇതിനൊട്ടും യോജിക്കാത്ത തരത്തില്‍ ശോഷിച്ചതായിരുന്നു ഇരു കാലുകളും. കാല്‍പത്തി ഇരുവശങ്ങളിലേക്കും മുകളിലേക്കും താഴേക്കും കറക്കിക്കൊണ്ടായിരുന്നു തിലകന്റെ കിടപ്പ്‌.

''കാലിനു ബാലന്‍സ്‌ കുറവാണ്‌. പല വിധത്തിലുള്ള മരുന്നുകളും പ്രയോഗിച്ചുനോക്കി. ശര്യാവുന്നില്ല. ഇപ്പോഴുമുണ്ട്‌ അലോപ്പതിയും ആയുര്‍വേദവുമായി മരുന്നുകളേറെ..'' കട്ടിലിന്റെ ഇരുവശങ്ങളിലും മരുന്നുകുപ്പികളും പായ്‌ക്കറ്റുകളും നിരത്തിവച്ചിട്ടുണ്ട്‌. ചുമരിനോടു ചാരി ഊന്നുവടിയും.

തിലകനെന്ന നടനെ നോക്കിയിരിക്കെ, ഓര്‍മകളില്‍ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ കടന്നുപോയി. വെള്ളിത്തിരയുടെ മിനുപ്പില്‍ പരുക്കന്‍ ഭാവങ്ങളോടെ തലയുയര്‍ത്തിനിന്നു മനസിലേക്കു കുടിയേറിയ ഒട്ടേറെ കഥാപാത്രങ്ങള്‍... 'അച്‌ഛനാടാ പറയുന്നെ കത്തി താഴെയിടാന്‍...' എന്ന കിരീടത്തിലെ ഡയലോഗ്‌ കാതിലപ്പോള്‍ മുഴങ്ങി.

മണിച്ചിത്രത്താഴു തുറന്നു പുറത്തു കടന്ന നാഗവല്ലിയെ കുടിയേറിയ ദേഹത്തുനിന്ന്‌ ഒഴിപ്പിക്കാനായി അഭിനയത്തിന്റെ മാന്ത്രികവിദ്യ പ്രകടമാക്കിയ ഈ അതുല്യ നടനെ ചിലരൊക്കെ ചേര്‍ന്നു മണിച്ചിത്രത്താഴിട്ടു പൂട്ടിയതു മലയാള സിനിമാ ചരിത്രത്തിലെ വേദനിക്കുന്ന അനുഭവമായി. ഉള്ളില്‍ പിടഞ്ഞ കഥാപാത്രങ്ങളെ പുറത്തിറക്കാനാവാതെ ഈ മനുഷ്യന്‍ നാടുമുഴുക്കെ അലഞ്ഞു. മെലിഞ്ഞു തുടങ്ങിയ കാലുകള്‍ ഇടറിയെന്നാലും പതറിയില്ല മനമൊരു മാത്ര പോലും.

''അമ്മയുടെ ഓഫീസിലെത്തി ഒരു സോറി പറഞ്ഞാല്‍ മാത്രം മതിയായിരുന്നു, എനിക്കു ഡാം 999 ല്‍ അഭിനയിക്കാന്‍. പക്ഷേ, കീഴടങ്ങാന്‍ എനിക്കു മനസില്ലായിരുന്നു. ഇപ്പോഴുമില്ല. ഒടുവില്‍ എനിക്കുള്ള വിലക്കു നീക്കാന്‍ ഫെഫ്‌ക്ക തയ്യാറായില്ലേ... അതാണു കലാകാരന്റെ വിജയം...'' ഇടറാത്ത മനസ്സോടെ തിലകന്‍ ഇന്നലെകളുടെ നിലവറയിലേക്കു കുത്തുവിളക്കുമായി പതിയെ ഇറങ്ങുകയാണ്‌. ഇരുളും വെളിച്ചവും കെട്ടുപിണയുന്ന നിലവറക്കാഴ്‌ചകളില്‍ പലതും രസിക്കാത്ത സത്യങ്ങളുമാണ്‌...

? ഹോളിവുഡില്‍പോലും ചര്‍ച്ചയായ 'ഡാം 999' ല്‍നിന്നു തിലകന്‍ചേട്ടനെ മാറ്റിയതു വിലക്കു കൊണ്ടു മാത്രമായിരുന്നോ.

ആ സിനിമയിലേക്ക്‌ എന്നെ ക്ഷണിച്ചുകൊണ്ടു സംവിധായകന്‍ സോഹന്‍റോയി നേരിട്ടു വന്നു കാണുകയായിരുന്നു. ഡാം പൊട്ടുമെന്നു പ്രവചിക്കുന്ന സുപ്രധാന കഥാപാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്‌. എന്നെ മനസില്‍ കണ്ടാണ്‌ ആ കഥാപാത്രത്തെ രൂപപ്പെടുത്തിയതും തിരക്കഥയെഴുതിയതുമെന്നാണു സോഹന്‍ പറഞ്ഞത്‌. ഞാന്‍ എന്തായാലും സിനിമയില്‍ അഭിനയിക്കണമെന്നും നിര്‍ബന്ധിച്ചു. അങ്ങനെയാണു കരാറില്‍ ഒപ്പിട്ടത്‌.

അപ്പോഴാണ്‌ എനിക്കു ഫെഫ്‌ക്കയുടെ വിലക്കു വന്നത്‌. ആലപ്പുഴയിലെ ഹോട്ടലില്‍ ഞാന്‍ അഞ്ചു ദിവസം താമസിച്ചു. ആദ്യദിവസം ആരും വന്നു ഷൂട്ടിംഗിനു വിളിച്ചില്ല. അഞ്ചാം ദിവസവും ഷൂട്ടിംഗിന്‌ എന്നെ വിളിക്കാതായപ്പോള്‍ സംവിധായകനെ നിര്‍ബന്ധമായും കാണണമെന്നു ഞാന്‍ പറഞ്ഞു. അങ്ങനെ മുറിയിലെത്തിയ സോഹന്‍ എന്റെ മുന്നില്‍ നിലത്തിരുന്നു മുട്ടില്‍ കൈവച്ച്‌, 'ഞാന്‍ കാറു വിളിക്കാം, നമുക്കു തിരുവനന്തപുരം വരെ ഒന്നു പോയി അമ്മയുടെ ഓഫീസിലെത്തി 'സോറി' എന്നൊരു വാക്കു പറയാം' എന്നു പറഞ്ഞു. പറഞ്ഞില്ലെങ്കിലോ എന്നായി ഞാന്‍.

ഇല്ലെങ്കില്‍ ചേട്ടനെ അഭിനയിപ്പിക്കരുതെന്നും അഭിനയിപ്പിച്ചാല്‍ മറ്റുള്ളവരൊന്നും സഹകരിക്കില്ലെന്നുമാണു ഫെഫ്‌ക്കയുടെ നിലപാടെന്നു സോഹന്‍ പറഞ്ഞു. 'ഞാന്‍ സോറി പറയില്ല, അപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുമെന്നാ'യി ഞാന്‍. 'എങ്കില്‍ വേറെ ആളെക്കൊണ്ട്‌ അഭിനയിപ്പിക്കേണ്ടിവരുമെന്ന്‌' സോഹന്‍ നിസ്സഹായതയോടെ പറഞ്ഞു. 'എങ്കില്‍ അങ്ങനെ തന്നെയായിക്കോ' എന്നു ഞാനും പറഞ്ഞു. അത്രതന്നെ.

? ആ സിനിമയുടെ ട്രെയിലര്‍ പ്രദര്‍ശനത്തിനു താങ്കളെയാണു മുഖ്യാഥിതിയായി ക്ഷണിച്ചത്‌. സിനിമ കണ്ടപ്പോള്‍ എന്തു തോന്നി.

കലാരംഗത്തു കലാകാരന്റെ കണ്ണീര്‍ വീഴരുത്‌. വീണാല്‍ അതു കലാരംഗത്തിന്റെ മൊത്തം നാശത്തിനു കാരണമാകും. വെറുതെ പറയുന്നതല്ല. അതാണ്‌ അനുഭവം. മനസു നൊന്തു പറഞ്ഞാല്‍ അതേല്‍ക്കും. സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ഞാന്‍ കണ്ടു. അവിടെ കൂടിയിരുന്നവരൊക്കെയും കണ്ടു. എന്നാല്‍ അവരില്‍നിന്നെല്ലാം വ്യത്യസ്‌തമായിരുന്നു എന്റെ മനസ്‌. അതില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്ന എനിക്കതിനു സാധിക്കാതെ പോയതു സംഘടനകളുടെ വിലക്കിനെ തുടര്‍ന്നു മാത്രമാണ്‌. കലാകാരന്‍മാരെ സ്വതന്ത്രമായി വിടണം. അല്ലാതെ വിലക്കിന്റെ കയറുകൊണ്ടു വരിഞ്ഞുമുറുക്കരുത്‌. ഓസ്‌ക്കാര്‍ നോമിനേഷന്‍ ലഭിക്കുന്ന ഒരു സിനിമയില്‍ അഭിനയിക്കാനുള്ള ഭാഗ്യമാണ്‌ എനിക്കു ലഭിക്കാതെ പോയത്‌. അതൊക്കെ പൊറുക്കാന്‍ പറ്റുന്നതാണോ..? വിലക്കിയവര്‍ക്കു തിരിച്ചു തരാന്‍ പറ്റുന്നതാണോ..? സംഘടനയ്‌ക്കു ഞാനെതിരല്ല. എന്നാല്‍ അതിന്‌ ഒരു എത്തിക്‌സ് വേണം. ഇപ്പോള്‍ മലയാള സിനിമയില്‍ ചില സ്വാര്‍ത്ഥ താല്‍പ്പര്യക്കാര്‍ക്കു വേണ്ടിയാണു സംഘടന രൂപീകരിച്ചിട്ടുള്ളത്‌.

? സിനിമാ മേഖലയില്‍ വന്ന മാറ്റം...

നിങ്ങളൊക്കെ പറയാറില്ലേ, മലയാള സിനിമയുടെ വസന്തകാലമാണ്‌ എണ്‍പതുകളെന്ന്‌. അക്കാലത്തും തിലകന്‍ മലയാള സിനിമയുടെ ഭാഗമായിരുന്നു. ഇന്നുമുണ്ട്‌. എന്നാല്‍ അന്നത്തേതില്‍നിന്നു സിനിമ ഏറെ മാറി. പ്രേക്ഷകര്‍ക്കു നല്‍കാന്‍ സിനിമയില്‍ അന്നൊരു സന്ദേശമുണ്ടായിരുന്നു. അതു നന്മയുടെ സന്ദേശമായിരുന്നു. എന്നാലിന്നോ, ക്രൂരതയുടെ സന്ദേശമാണു മലയാള സിനിമ മുന്നോട്ടുവയ്‌ക്കുന്നത്‌. നിയമത്തെ ലംഘിക്കാനാണു സിനിമ വിളംബരം ചെയ്യുന്നത്‌. ഇതാണോ സിനിമയുടെ വഴിയെന്ന്‌ ഓരോരുത്തരും സ്വയം ചോദിച്ചു വിലയിരുത്തണം.

? അഭിനയിക്കാത്ത രണ്ടു വര്‍ഷം... എങ്ങനെ ചെലവഴിച്ചു.

ഒരിടത്തും അഭിനയിക്കാന്‍ സമ്മതിക്കില്ലെന്ന വാശിയിലായിരുന്നു സംഘടനകള്‍. ഫെഫ്‌ക്കയാണു വിലക്കിയതെങ്കിലും താരസംഘടനയായ 'അമ്മ'യ്‌ക്കു വേണ്ടിയായിരുന്നു ആ വിലക്ക്‌. അഭിനയമാണ്‌ എന്റെ തൊഴില്‍. തൊഴിലില്ലാതായപ്പോള്‍ സാമ്പത്തിക പ്രായസവും ഏറി. സിനിമയില്ലെങ്കില്‍ സീരിയലില്‍ അഭിനയിച്ചെങ്കിലും ജീവിക്കാമെന്നു കരുതിയാണു കഥകേട്ട്‌, അഡ്വാന്‍സ്‌ വാങ്ങിയത്‌. എന്നാല്‍ അതിനും അവര്‍ സമ്മതിച്ചില്ല. ഇന്നത്തെ മന്ത്രി കെ. ബി. ഗണേഷ്‌കുമാറായിരുന്നു സീരിയല്‍ നടന്‍മാരുടെ സംഘടനയായ 'ആത്മ'യുടെ അന്നത്തെ പ്രസിഡന്റ്‌. സീരിയലിലേക്കുള്ള എന്റെ വേഷത്തിന്‌ ആവശ്യമായ ഡ്രസ്സ്‌ തയ്‌പ്പിക്കാന്‍ രാത്രി 12 മണി കഴിഞ്ഞാണു സീരിയലിന്റെ ആളുകള്‍ വീട്ടിലെത്തി എന്റെ അളവെടുത്തത്‌. എന്നാല്‍ പിറ്റേദിവസം അവര്‍ പറയുന്നത്‌, ചേട്ടനെ അഭിനയിപ്പിക്കാന്‍ സാധിക്കില്ലെന്നാണ്‌. ഞാന്‍ അഭിനയിച്ചാല്‍ മറ്റുള്ളവര്‍ അഭിനയിക്കില്ലത്രെ. സീരിയലുകാരും ഞാനും തമ്മില്‍ ഒരു പ്രശ്‌നവുമില്ലല്ലോ, പിന്നെന്തിനാണ്‌ ഇവിടെയും വിലക്കുന്നതെന്നു ചോദിച്ചപ്പോള്‍, ഫെഫ്‌ക്കയുടെ വിലക്കുണ്ടെങ്കില്‍ ഇവിടെയും വിലക്കാണെന്നാണു മറുപടി പറഞ്ഞത്‌. ഇങ്ങനെ ഒരുതരത്തിലും അഭിനയിക്കാന്‍ സമ്മതിക്കാതെ, മുന്നില്‍ നിന്നപ്പോഴാണു ഞാന്‍ ഇവരെ 'മാഫിയ' എന്നു വിശേഷിപ്പിച്ചത്‌.

? സിനിമയിലേക്കു വീണ്ടുമെത്തിയത്‌...

ഇതിനിടെ ഞാന്‍ പഴയ നാടകവേദിയിലേക്കുതന്നെ മടങ്ങി. ഒരു നാടകത്തില്‍ അഭിനയിച്ചു. ശക്‌തമായ വേഷമായിരുന്നു. മറ്റൊന്ന്‌ ഇപ്പോള്‍ ഒരുങ്ങിക്കഴിഞ്ഞു. ഇതിനിടെയാണു രഞ്‌ജിത്‌ എന്റെ മകനെ വിളിച്ച്‌ 'ഇന്ത്യന്‍ റുപ്പി'യില്‍ ഞാന്‍ അഭിനയിക്കുമോയെന്ന്‌ അന്വേഷിച്ചത്‌. നേരിട്ടു വിളിക്കാന്‍ പറയെന്നു ഞാനും പറഞ്ഞു. മുമ്പു ്‌ഞ്ജിത്തിന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ അസിസ്‌റ്റന്റുമായി പ്രശ്‌നമുണ്ടായിരുന്നു. അന്നു രഞ്‌ജിത്ത്‌ അസിസ്‌റ്റന്റിന്റെ ഭാഗത്താണു നിന്നത്‌. ആ പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നു കരുതിയിട്ടാണ്‌ എന്നെ നേരിട്ടു വിളിക്കാന്‍ മടിച്ചത്‌. പിന്നീട്‌ എന്നെ നേരിട്ടു വിളിച്ചുതന്നെ കാര്യം പറഞ്ഞു. മുമ്പത്തെ സംഭവമൊക്കെ അപ്പോള്‍ തന്നെ വിട്ടതാണെന്നു ഞാനും പറഞ്ഞു. ഈ വേഷം ഞാന്‍ തന്നെ ചെയ്യണമെന്നു രഞ്‌ജിത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. ഒരു ഫ്രോഡ്‌ ഓള്‍ഡ്‌ മാന്റെ വേഷമായിരുന്നെനിക്ക്‌.

? ഫെഫ്‌ക്കയുടെ വിലക്ക്‌ അപ്പോഴേക്കും അവസാനിച്ചത്‌ അനുകൂലമായി അല്ലേ.

രഞ്‌ജിത്തിന്‌ ആ കഥാപാത്രം അവതരിപ്പിക്കാന്‍ ഞാന്‍ തന്നെ വേണമായിരുന്നു. അക്കാര്യത്തില്‍ ഒരു കോമ്പ്രമൈസിനും രജ്‌ഞിത്ത്‌ തയ്യാറാവില്ലെന്നും അവര്‍ക്കറിയാം. വിലക്കുണ്ടെങ്കിലും രഞ്‌ജിത്ത്‌ എന്നെ അഭിനയിപ്പിക്കുമെന്നു തീര്‍ച്ചയാണ്‌. അതു മനസിലാക്കിയാണു ഫെഫ്‌ക്ക എനിക്കുള്ള വിലക്കു നീക്കി രംഗത്ത്‌ വന്നത്‌. അല്ലാതെ അവരുടെ മനസിന്റെ വലുപ്പമൊന്നുമല്ല.

? മന്ത്രി ഗണേഷ്‌കുമാറുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നോ.

ഒരിക്കലുമില്ല. ഗണേഷ്‌കുമാറിനെയൊന്നും അംഗീകരിക്കാനാവില്ല. ഒരു നല്ല ഭരണാധികാരിയല്ല താനെന്ന്‌ അയാള്‍ മന്ത്രിയായി മാസങ്ങള്‍ കൊണ്ടുതന്നെ തെളിയിച്ചുകഴിഞ്ഞു. പിന്നെ അമ്മയുടെ ഭാരവാഹിയായി നില്‍ക്കുമ്പോഴുള്ള അവസ്‌ഥ പറയേണ്ടതുണ്ടോ..? അമ്മയുടെ രൂപീകരണത്തിലടക്കം ഗണേഷ്‌കുമാറിനു നല്ല പങ്കുണ്ട്‌. ഗണേഷ്‌കുമാറിനു വ്യക്‌തമായ രാഷ്‌ട്രീയമുണ്ട്‌. ഈ രാഷ്‌ട്രീയം അമ്മയുടേതുമാക്കാനുള്ള ശ്രമമാണു ഗണേഷ്‌കുമാര്‍ തുടക്കത്തിലേ നടത്തിയത്‌. അതിലയാള്‍ വിജയിക്കുകയും ചെയ്‌തു. ഈ വസ്‌തുതയാണു തിരിച്ചറിയാതെ പോകുന്നതും.

? മനംമടുത്ത്‌ ഇനി അഭിനയിക്കാനില്ലെന്ന്‌ എപ്പോഴെങ്കിലും തോന്നിയിരുന്നോ.

ഒരിക്കലുമില്ല. അഭിനനയമാണ്‌ എനിക്കു ജീവിതം. മറ്റെങ്ങുനിന്നും ലഭിക്കാത്ത അനുഭൂതിയാണ്‌ എനിക്ക്‌ അഭിനയത്തില്‍ നിന്നു ലഭിക്കുന്നത്‌. 19-ാം വയസില്‍ നാടകവേദിയിലൂടെ അഭിനയരംഗത്തെത്തിയവനാണു ഞാന്‍. ഒരുപാട്‌ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. നാടകവേദിയില്‍നിന്നും സിനിമയില്‍നിന്നും ഒരുപാട്‌ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. അഭിനയം എനിക്കൊരു ധ്യാനമാണ്‌. ദൈവത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ട്‌ അഭിനയം ദൈവികമാണെന്നു ഞാന്‍ പറയില്ല. മറിച്ച്‌, ഒരു പ്രതിഭാസമാണ്‌. ധ്യാനമൂര്‍ഛയിലൂടെ നമുക്കു കിട്ടുന്ന ആനന്ദമില്ലേ, അതുതന്നെയാണ്‌ അഭിനയത്തിലൂടെ എനിക്കു ലഭിക്കുന്നതും. ചിലര്‍ക്കു കള്ളുകുടിക്കുമ്പോഴാകും ഈ ലഹരി ലഭിക്കുക. നമ്മെത്തന്നെ മറന്നു പോകുന്ന അവസ്‌ഥ. ആ എകാഗ്രതയാണ്‌ അഭിനയിക്കുമ്പോഴുണ്ടാകുന്നത്‌. ഷൂട്ടിംഗ്‌ സമയത്തു ഞാന്‍ ഈയൊരവസ്‌ഥയിലേക്കാണു മാറിപ്പോകുന്നത്‌. അപ്പോള്‍ എന്റെ മകന്‍ മുന്നില്‍വന്നു നിന്നാല്‍പോലും ഞാനറിയാറില്ല. അതുകൊണ്ടുതന്നെ അഭിനയം വിട്ടു മറ്റൊന്നും ആലോചിക്കാനും എനിക്കു സാധിച്ചിട്ടില്ല.

? അഭിനയിക്കാതിരുന്നാല്‍ സിദ്ധി നഷ്‌ടപ്പെടുമോ എന്ന ആശങ്കയാണെന്നു മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്‌.

ഏയ്‌, അങ്ങനെ നഷ്‌ടപ്പെടുന്നതല്ല ഈ സിദ്ധി. ഇതു കൂടപ്പിറപ്പാണ്‌. എത്രകാലം കഴിഞ്ഞാലും ഇതേ ഭാവത്തിലും അവസ്‌ഥയിലും ഞാന്‍ അഭിനയിക്കും. ലാല്‍ അങ്ങനെ പറയുന്നത്‌ ഓടിനടന്ന്‌ അഭിനയിക്കുന്നതിനുള്ള കാരണമായിട്ടായിരിക്കും. അതു പണത്തിനു വേണ്ടിയാണ്‌. കലാകാരന്‍ പണം കൂടുതല്‍ ആഗ്രഹിക്കരുത്‌. രണ്ടു വര്‍ഷമാണ്‌ എനിക്കു വിലക്കു മൂലം പുറത്തു നില്‍ക്കേണ്ടിവന്നത്‌. എന്നിട്ട്‌ എനിക്ക്‌ അഭിനയിക്കാനുള്ള കഴിവ്‌ നഷ്‌ടമായോ..? 'ഇന്ത്യന്‍ റുപ്പി'യില്‍ എനിക്കു തിളങ്ങാന്‍ സാധിച്ചതും ഈയൊരു വസ്‌തുത കൊണ്ടുതന്നെയാണ്‌. വിലക്കു വന്നാലും ശരി, ഞാനിനിയും പറയും. സംഘടനകള്‍ ഉണ്ടാക്കുന്ന പ്രതിസന്ധി എന്റെ അഭിനയത്തെ ബാധിക്കുന്ന ഘടകമല്ല.

? ഇത്രയേറെ പ്രതിസന്ധിയുണ്ടായിട്ടും ഒരിക്കല്‍പോലും ഈശ്വരനെ വിളിച്ചിട്ടില്ലേ.

ഞാനൊരു ദൈവവിശ്വാസിയല്ല. ഇന്നും ഒരു കറകളഞ്ഞ കമ്യൂണിസ്‌റ്റാണു ഞാന്‍. ഗണേഷ്‌കുമാര്‍ പറഞ്ഞാലൊന്നും ഞാന്‍ കമ്മ്യൂണിസ്‌റ്റല്ലാതാകില്ല. ഗണേഷന്‍ മുട്ടില്‍ ഇഴയുന്ന പ്രായത്തില്‍ കമ്മ്യൂണിസ്‌റ്റായവനാണു ഞാന്‍. പിന്നെ പിച്ചവച്ചു നടക്കാന്‍ പഠിച്ചു കുറേകഴിഞ്ഞാണു ഗണേഷന്‍ രാഷ്‌ട്രീയക്കാരനും മന്ത്രിയുമൊക്കെയായത്‌. ദൈവം എന്ന ഒന്നുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. നിങ്ങള്‍ പറയുന്ന ഈ ദൈവമുണ്ടല്ലോ, അതു നമ്മുടെ മനസാണ്‌. മനസാണു നമ്മെ പലതും മുന്‍കൂട്ടി അറിയിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമൊക്കെ. അത്‌ ഈ പ്രപഞ്ചത്തിന്റെ മനസാണ്‌. അതീന്ദ്രിയജ്‌ഞാനത്തിനു കാരണവും പരമാത്മാവും ഇതുതന്നെ. ഞാനൊരിക്കലും ദൈവത്തെ വിളിച്ചിട്ടില്ല. ഇനി വിളിക്കുകയമില്ല. ദൈവത്തിനു മുന്നില്‍ കള്ളത്തരമാകാം. എന്നാല്‍ മന:സാക്ഷിക്കുമുന്നില്‍ കഴിയില്ല. എന്നാലിപ്പോള്‍ പലരും 'ദൈവങ്ങളേ... ഈശ്വരന്‍മാരേ' എന്നൊക്കെയാണു വിളിക്കുന്നത്‌. എന്റെയൊക്കെ കുട്ടിക്കാലത്തു ദൈവമേ.. എന്നു മാത്രമേ വിളിച്ചുകേട്ടിരുന്നുള്ളൂ. വന്നുവന്നു സൂപ്പര്‍സ്‌റ്റാറുകളെപ്പോലും ദൈവമായി കണ്ടുതുടങ്ങി. പാലഭിഷേകവും പൂവിതറലുമൊക്കെയായില്ലേ...!

? സൂപ്പര്‍സ്‌റ്റാറുകളോട്‌ എന്തിനാണിത്ര പക.

അതു പകയല്ല. സിനിമ നശിപ്പിക്കപ്പെടുന്നതു കാണുമ്പോഴുള്ള വേവലാതിയാണ്‌. സൂപ്പര്‍സ്‌റ്റാര്‍ എന്ന ഒരു പദവിയില്ല. ഒരു സിനിമ വിജയിച്ചാല്‍ സൂപ്പര്‍സ്‌റ്റാറാകുമെങ്കില്‍ അടുത്ത സിനിമകള്‍ പരാജയപ്പെട്ടാല്‍ സൂപ്പര്‍സ്‌റ്റാര്‍ അല്ലാതെയും ആകേണ്ടതല്ലേ...? അതു സംഭവിക്കുന്നില്ലല്ലോ..? സ്‌റ്റാര്‍ഡം എന്ന വാക്കൊക്കെ കച്ചവട സിനിമയുടേതാണ്‌. കോടികളാണ്‌ അവരുടെ പ്രതിഫലം. മലയാള സിനിമയ്‌ക്കു താങ്ങാനാവുന്നതല്ല ഇത്‌.

? സൂപ്പര്‍താരങ്ങള്‍ വേണ്ടന്ന നിലപാടു തന്നെയാണോ.

സൂപ്പര്‍താരമായി ആരും അഭിനയിക്കേണ്ട ആവശ്യമേയില്ല. എല്ലാവരും നടന്‍മാരാണ്‌. കച്ചവടക്കാരന്റെ തെറ്റിധാരണ മാത്രമാണു സൂപ്പര്‍താര പ്രേമം. സൂപ്പര്‍താരങ്ങള്‍ക്കു പുതുമ നല്‍കാന്‍ സാധിക്കുന്നില്ല. ഈ നായകസങ്കല്‍പ്പംതന്നെയാണു മലയാള സിനിമയിലെ പ്രധാന പ്രതിസന്ധിയും. സൂപ്പര്‍താരങ്ങളെ സ്‌ക്രീനില്‍ കാണുമ്പോള്‍ ശ്രദ്ധിച്ചാലറിയാം. 'ഉപഗ്രഹ'ങ്ങളില്‍ മിക്കതും കൂടെ കാണും. ജനങ്ങള്‍ക്കു മടുത്തുതുടങ്ങി. അതുകൊണ്ടുതന്നെയാണു സൂപ്പര്‍താര ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതും. പുതു പരീക്ഷണങ്ങള്‍ പ്രേക്ഷകന്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നില്ലേ... ട്രാഫിക്കും സോള്‍ട്ട്‌ ആന്റ്‌ പെപ്പറുമൊക്കെ ഇങ്ങനെയല്ലേ വിജയം നേടിയത്‌. സിനിമയുടെ നിലവാരത്തകര്‍ച്ചയ്‌ക്കു മാത്രമേ സൂപ്പര്‍താര ഇമേജ്‌ ഉപകരിക്കുകയുള്ളൂവെന്നാണ്‌ എന്റെ വിശ്വാസം.

? ഇന്ത്യന്‍ റുപ്പിയുടെ നിര്‍മാതാവുകൂടിയായ പൃഥ്വിരാജും സൂപ്പര്‍സ്‌റ്റാറെന്നാണു സ്വയം വിശേഷിപ്പിക്കുന്നത്‌.

അവനും(പൃഥിരാജിന്‌)മാറ്റങ്ങള്‍ വന്നിട്ടുണ്ട്‌. സൂപ്പര്‍സ്‌റ്റാര്‍ ആണെന്നൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ടാകാം. അവന്‍ കൂളിംഗ്‌ഗ്ലാസൊക്കെ വച്ചു തുടങ്ങിയിട്ടുണ്ട്‌. അതിനര്‍ത്ഥം ഇതുതന്നെയാണ്‌. നമ്മള്‍ ഇങ്ങനെ നിരീക്ഷണത്തിലൂടെയാണ്‌ ആളുകളെ വിലയിരുത്തുന്നത്‌. സുകുമാരന്റെയല്ലേ മോന്‍. അവന്റെ അമ്മയാണ്‌ അവനെ വഷളാക്കുന്നത്‌. എനിക്കും ലാലിനുമൊക്കെ ഒരു ഗുണമുണ്ടായിരുന്നു; നിരീക്ഷണം. സമൂഹത്തിലുള്ള ഓരോ തരക്കാരെയും നിരീക്ഷിക്കും. കഥാപാത്രങ്ങളെ ഏറ്റെടുക്കുമ്പോള്‍ ഈ ശീലം ഏറെ ഗുണം ചെയ്യും. 'മൂന്നാംപക്ക'ത്തില്‍ ഞാന്‍ അഭിനയിക്കുമ്പോള്‍ മുന്നില്‍ കണ്ടത്‌ എന്റെ മുത്തച്‌ഛനെയായിരുന്നു. 'സ്‌ഫടിക'ത്തിലെ ചാക്കോമാഷ്‌ എന്റെ അച്‌ഛന്‍ തന്നെയായിരുന്നു. ഇന്നു ലാലിനും എനിക്കുമൊന്നും അതു നടക്കില്ല. കാരണം, പുറത്തേക്കിറങ്ങുമ്പോഴേക്കും ആളുകൂടും. പൃഥ്വി ആദ്യം ചെയ്യേണ്ടത്‌ ഇത്തരത്തില്‍ നിരീക്ഷണ പാടവം ഉണ്ടാക്കിയെടുക്കലാണ്‌. അവനൊക്കെ സിനിമയിലേക്കു വന്നിട്ടേയുള്ളൂ. കുറേ കാര്യങ്ങള്‍ ഇനിയും പഠിക്കാനുണ്ട്‌. അതിനുമുന്നെ സൂപ്പര്‍സ്‌റ്റാര്‍ കളിച്ചു നടന്നാല്‍ അവനുതന്നെയാണു ദോഷം. 



ജിനേഷ്‌ പൂനത്ത്‌

നികേഷ് കുമാര്‍, സന്തോഷ്‌ പണ്ഡിറ്റ്‌ ഒരു കൊലപാതകം


ഗണേഷ് വില്ലാധിവില്ലന്‍ ?



വില്ലന്മാര്‍ പൊതുവെ പാവങ്ങളാണ്. ടി.ജി.രവിയും ബാലന്‍ കെ. നായരും ക്യാപ്റ്റന്‍ രാജുവുമൊക്കെ സ്നേഹസമ്പന്നരായ വ്യക്തികളാണ്. തെല്ലുമില്ല അവരില്‍ വില്ലനിസം. അത് കേരളത്തിലെ ജനങ്ങള്‍ക്കെല്ലാമറിയാം. പക്ഷേ, കീഴൂട്ട് ബാലകൃഷ്ണപിള്ള ഗണേഷ് കുമാറിനെ മാത്രം ജനങ്ങള്‍ ഓണ്‍സ്ക്രീനിലും ഓഫ്സക്രീനിലും വില്ലനായിട്ടു കാണുന്നത് എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. കെ.ജി. ജോര്‍ജിന്‍െറ ‘ഇരകളി’ല്‍ കൗമാരക്കുറ്റവാളിയായി അഭിനയിച്ച പത്തൊമ്പതാം വയസ്സില്‍ തുടങ്ങിയതാണ് വില്ലന്‍വേഷങ്ങള്‍ അണിയുന്ന പതിവ്. കണ്ടാലൊരു ചുള്ളന്‍ ചെക്കന്‍. എന്നിട്ടോ, കിട്ടിയതില്‍ മുക്കാലും വില്ലന്‍ വേഷങ്ങള്‍. ഇപ്പോള്‍ വയസ്സ് 45 ആയി. എന്നിട്ടും മാറിയിട്ടില്ല ജീവിതത്തിലും തുടരുന്ന വില്ലന്‍ പരിവേഷം. പേരുദോഷങ്ങളുടെ പ്രളയത്തില്‍ മുങ്ങിത്തപ്പാനാണ് എന്നും വിധി.
വി.എസിന് കാമപ്രാന്താണ്, ഞരമ്പുരോഗമാണ് എന്നൊക്കെ പറഞ്ഞത് മന്ത്രി ഗണേഷ് കുമാര്‍ അല്ല, അദ്ദേഹത്തിലെ വില്ലന്‍ നടന്‍ ആണെന്ന് വിശ്വസിച്ചാല്‍ തീരുന്നതേയുള്ളൂ പ്രശ്നങ്ങള്‍. ഇടക്കിടെ ഉള്ളിലെ വില്ലന്‍ നടന്‍ ഗണേഷ്കുമാര്‍ എന്ന രാഷ്ട്രീയപ്രവര്‍ത്തകനിലേക്ക് ഒരു പരകായപ്രവേശം നടത്തും. അതിന് അദ്ദേഹത്തെ കുറ്റം പറയാന്‍ പാടില്ല. മനസ്സിനെ മനുഷ്യന് നിയന്ത്രിക്കാന്‍ പറ്റില്ല. സിനിമയിലാണെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് മുറിച്ചുമാറ്റുമായിരുന്ന സംഭാഷണങ്ങള്‍ മാത്രമായിരുന്നു അവ എന്നു വിശ്വസിക്കാന്‍ സിനിമാ,ചാനല്‍ന്യൂസ് പ്രേക്ഷകര്‍ക്ക് എന്താണിത്ര വൈമുഖ്യം? ഇതിനാണ് ദ്വന്ദ്വവ്യക്തിത്വം, സ്പ്ളിറ്റ് പേഴ്സനാലിറ്റി എന്നൊക്കെ പറയുന്നത്. നാഗവല്ലിയെ പേടിച്ച് മാടമ്പിള്ളിലേക്ക് ഒറ്റക്കുപോവാന്‍ പേടിച്ച് മുട്ടുവിറച്ച ദാസപ്പനായി വേഷമിട്ട ഗണേഷിനും ഒടുവില്‍ അതുവന്നു. ഇത്രയേയുള്ളൂ മനുഷ്യന്‍െറ കാര്യം. ഗംഗ ദുര്‍ഗാഷ്ടമിനാളില്‍ ഇളക്കം വന്ന് നാഗവല്ലിയാവും. അപ്പോള്‍ നല്ല ചെന്തമിഴ് നാവില്‍നിന്ന് അനര്‍ഗളം പ്രവഹിക്കും. അത്രയൊക്കെയേ ഗണേഷിനും സംഭവിച്ചിട്ടുള്ളൂ. ബോധം വന്നപ്പോള്‍ മാപ്പു പറയുകയും ചെയ്തല്ളോ. അതിന്‍െറ പേരില്‍ ഒരു സ്വഭാവനടനെ ക്രൂശിക്കരുത്.
ഗുരുതരമല്ലാത്ത ചില പ്രശ്നങ്ങള്‍ തനിക്കുണ്ടെന്ന് ആത്മഭാഷണങ്ങളില്‍ തുറന്നു പറഞ്ഞിട്ടുള്ളതാണ്.  ഒരിക്കല്‍ അമൃതാനന്ദമയി പറഞ്ഞു: മോനേ, ഒരു സൈക്യാട്രിസ്റ്റിനെ കണ്ട് നീ ഒരു കൗണ്‍സലിങ് നടത്തണം. ഗണേഷിന് ഭ്രാന്താണെന്നാണ് അമൃതാനന്ദമയി സൂചിപ്പിച്ചതെന്നും അതു ശരിയായില്ളെന്നും അമ്മ പറഞ്ഞു. എന്നിട്ടും പോയി പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ.പി.എം. മാത്യു വെല്ലൂരിനെ കണ്ടു. ബാലകൃഷ്ണപിള്ള എന്ന ജൈജാന്‍റിക് ഫിഗര്‍ നിങ്ങളുടെ ഉള്ളില്‍ മറഞ്ഞുകിടക്കുകയാണ്, അത് അടിച്ചു പുറത്തുകളഞ്ഞാല്‍ നിങ്ങള്‍ രക്ഷപ്പെടുമെന്ന് ഡോക്ടര്‍ പറഞ്ഞു. ഉള്ളില്‍ കൊണ്ടുനടന്ന അച്ഛന്‍െറ നിഴലായിരുന്നു ഒരു കാലത്ത് എല്ലാ പുകിലും ഉണ്ടാക്കിയത്. (അച്ഛന്‍െറ നിഴലിനെ തൊഴിച്ചുമാറ്റുന്ന ഒരു കൗണ്‍സലിങ്കേന്ദ്രം മന്ത്രിപുത്രന്മാര്‍ക്കായി തുടങ്ങുന്ന കാര്യം സര്‍ക്കാറിന് ആലോചിക്കാവുന്നതാണ്.) എല്ലാ കലാകാരന്മാര്‍ക്കും ഇത്തിരി വട്ടുണ്ട്, ശകലം എന്‍െറ മനസ്സിലുമുണ്ട് എന്ന് ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഈ പ്രസ്താവനയില്‍ കലാകാരനാണ് എന്ന അവകാശവാദത്തില്‍ മാത്രമേ ആര്‍ക്കെങ്കിലും അഭിപ്രായവ്യത്യാസമുണ്ടാവൂ എന്ന് അസൂയാലുക്കള്‍ പറയും.
പത്തൊമ്പതാം വയസ്സില്‍ അഭിനയം തുടങ്ങിയതാണ്. വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നു വീണവന് സിനിമയില്‍നിന്നു കിട്ടുന്ന കാശ് വീട്ടില്‍ കൊടുക്കേണ്ടതില്ലായിരുന്നു. സിനിമയിലെ മാടമ്പിമാര്‍ക്കും പ്രമാണിമാര്‍ക്കുമിടയിലായിരുന്നു പൊറുതി. ബിസിനസ് ചെയ്തു നോക്കി. അതു പൊളിഞ്ഞു. പുതിയ പുതിയ മോഡല്‍ കാറുകള്‍ വാങ്ങിക്കൂട്ടി. റോള്‍സ് റോയ്സ് വരെ ഓടിച്ചു. ഫ്ളയിങ് ക്ളബില്‍ പരിശീലനം നേടി വിമാനം പറത്തി. ട്രെയിന്‍ ഓടിക്കാന്‍ കഴിഞ്ഞില്ല എന്നത് ജീവിതദുഃഖമായി അവശേഷിക്കുന്നു. വിലകൂടിയ കാറുകള്‍, വിലയേറിയ ഭക്ഷണം, വിദേശയാത്രകള്‍, മുന്തിയ ഹോട്ടലുകളിലെ താമസം. ജീവിതത്തിന്‍െറ ആഡംബരവും സുഖലോലുപതയും നന്നായി ആസ്വദിച്ചു. ലോകം മൊത്തം കണ്ടു. എല്ലാം കഴിഞ്ഞു തിരിച്ചുവന്നപ്പോള്‍ ഇതിലൊന്നിലും അള്‍ട്ടിമേറ്റായ സുഖം കിട്ടുന്നില്ളെന്ന് മനസ്സിലായി. സിനിമയില്‍ അഭിനയിച്ചുകിട്ടിയതു മുഴുവന്‍ ധൂര്‍ത്തടിച്ചു. സാമ്പത്തികമായും മാനസികമായും തകര്‍ന്നു. തിരുക്കുറള്‍ വരെ വായിച്ചപ്പോള്‍ ഇതുവരെയുള്ള ജീവിതയാത്ര അര്‍ഥമില്ലാത്തതാണെന്നു മനസ്സിലായി. പുതിയ ഒരു മനുഷ്യനാവാന്‍ തീരുമാനിച്ചു. അതിന്‍െറ ആദ്യപടിയായിരുന്നു അച്ഛന്‍െറ ദുര്‍ബല പ്രതിബിംബമായ ഗണേഷ്കുമാറിനെ സ്വന്തം വ്യക്തിത്വത്തില്‍ നിന്ന് പുറത്താക്കുക എന്നത്. എസ്.എസ്.എല്‍.സി ബുക്കില്‍ കെ.ബി. ഗണേഷ്കുമാര്‍ എന്നാണ് പേരെങ്കിലും യഥാര്‍ഥ കെ.ബി. ഗണേഷ്കുമാര്‍ ജനിക്കുന്നത് ആ തിരിച്ചറിവിന്‍െറ ഘട്ടത്തിലാണ്. പുതിയ സ്വത്വം കൈവന്നപ്പോള്‍ സാത്വികനായി. സദ്ഗുണങ്ങളുടെ വിളനിലമായ നിഷ്കളങ്കമനസ്സില്‍നിന്ന് മുത്തച്ഛന്‍െറ പ്രായമുള്ള ഒരു നേതാവിനെതിരെ ഇങ്ങനെയുള്ള പദാവലികള്‍ പുറപ്പെടണമെങ്കില്‍ അത് തീര്‍ച്ചയായും നേരത്തേ പറഞ്ഞ വില്ലന്‍െറ പരകായപ്രവേശം കൊണ്ടാവാനേ തരമുള്ളൂ.
ബിനീഷ് കോടിയേരിക്കു മുമ്പ് ‘വഴിപിഴച്ച മന്ത്രിപുത്രന്‍’ എന്ന പ്രതിച്ഛായ കുറെക്കാലം സാമാന്യം ഭേദപ്പെട്ട നിലയില്‍ കൊണ്ടുനടന്ന മകന്‍ എന്ന നിലയിലും കേരളത്തിന്‍െറ രാഷ്ട്രീയ ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. എണ്‍പതു വയസ്സു വരെ ആയുസ്സുണ്ടെന്നും സ്ത്രീകളുമായി ബന്ധപ്പെട്ട അപഖ്യാതി കേട്ടു മരിക്കും എന്നും ജാതകത്തിലുള്ളതുകൊണ്ട് എല്ലാം വിധിനിയോഗം എന്നു കരുതി സമാധാനിക്കുകയാണ് പതിവ്. കല്യാണത്തിനു മുമ്പ് ഭാര്യ പഠിച്ചിരുന്ന മെഡിക്കല്‍ കോളജില്‍ ഈ ‘പെണ്‍കുട്ടിയെ രക്ഷിക്കൂ’ എന്ന് പോസ്റ്റര്‍ എഴുതി വെച്ചവരുണ്ട്. ഗണേഷിന് എയ്ഡ്സ് രോഗമാണെന്നായിരുന്നു പ്രചാരണം. ആദ്യം തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ആറു ഭാര്യമാരുണ്ടെന്ന് പുസ്തകത്തില്‍ അടിച്ചിറക്കിയിരുന്നു സി.പി.ഐക്കാര്‍. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ പ്രതിച്ഛായ മോശമായതിനാല്‍ ദാമ്പത്യബന്ധം ആടിയുലഞ്ഞു. വര്‍ഷങ്ങള്‍ പിരിഞ്ഞു കഴിഞ്ഞ ശേഷം യാമിനി തങ്കച്ചിയുമായി ഒത്തുതീര്‍പ്പിലെത്തി. രണ്ട് ആണ്‍കുട്ടികളുണ്ട്.
വി.എസിന് ഞരമ്പുരോഗമാണെന്നു പറഞ്ഞ ഗണേഷിനെ ഞരമ്പുരോഗം തെല്ലും ബാധിച്ചിട്ടേയില്ല. പക്ഷേ, ജാതകവശാല്‍ അപഖ്യാതി കേട്ടുകൊണ്ടേയിരിക്കുന്നു എന്നു മാത്രം. 1996ല്‍ കൊയിലാണ്ടി ഗുരുകുലം ബീച്ചിലെ കടലോരവാസികള്‍ കൈകാര്യം ചെയ്തത് ഇത്തരമൊരു വിധിനിയോഗത്തിന്‍െറ ഭാഗമായാണ്. നഗരസഭ വനിതാകൗണ്‍സിലറെയും ബന്ധുവായ പെണ്‍കുട്ടിയെയും ജാതകവശാല്‍ പിന്തുടര്‍ന്ന് ജാതകവശാല്‍ കൈയേറ്റം ചെയ്യുകയായിരുന്നു. നാട്ടുകാര്‍ ഗണേഷിന്‍െറ ജാതകം വായിച്ചിട്ടില്ലാത്തതുകൊണ്ട് സാമാന്യം ഭംഗിയായി പെരുമാറി. അന്ന് അടിപിടിക്കിടെ നഷ്ടമായ റാഡോ വാച്ച് കൊയിലാണ്ടി കോടതിയില്‍ ഇപ്പോഴും തൊണ്ടിമുതലായി ഉണ്ട്. കേസ് ഒത്തുതീര്‍പ്പായപ്പോള്‍ കൈപ്പറ്റണമെന്ന് അറിയിപ്പ് അയച്ചിട്ടും വാച്ച് വാങ്ങിയിട്ടില്ല. കുപ്രസിദ്ധമായ റാഡോ വാച്ച് ലേലം ചെയ്യാനാണത്രെ നീക്കം. സില്‍ക്ക് സ്മിത കടിച്ച ആപ്പിള്‍ വന്‍തുകക്കാണ് ലേലത്തില്‍ വിറ്റുപോയത്. ജാതകവിധി പ്രകാരമുള്ള ഞരമ്പുരോഗത്തിന്‍െറ ജീവിക്കുന്ന തെളിവായ റാഡോ വാച്ച് മ്യൂസിയത്തിന് കൈമാറുന്നതായിരിക്കും അഭികാമ്യം.
അടിയന്തരാവസ്ഥക്കാലത്ത് അച്ഛന്‍ യോഗങ്ങള്‍ക്കു പോകുമ്പോള്‍ ഞാനും വരട്ടേ എന്നു ചോദിക്കുമായിരുന്നു. നിന്നെ സഞ്ജയ് ഗാന്ധിയാക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്നു പറഞ്ഞ പിള്ള ഇപ്പോള്‍ പൂജപ്പുര ജയിലിലാണ്. 34ാം വയസ്സില്‍ ഗതാഗതമന്ത്രിയായ മകന്‍ ഇപ്പോള്‍ വനം, പരിസ്ഥിതി, സ്പോര്‍ട്സ്, സിനിമ ഒക്കെ ഭരിക്കുന്നു. ഗതാഗതമന്ത്രിയായിരിക്കെ ഭരണമികവു തെളിയിച്ച ഗണേഷ് പുതിയ അവതാരത്തില്‍ സഞ്ജയ് ഗാന്ധിയുടെ വില്ലന്‍വേഷമാണോ എടുത്തണിയാന്‍ പോവുന്നത് എന്നാണ് ജനങ്ങളുടെ ആശങ്ക. ഇന്‍റര്‍നെറ്റിലെ അശ്ളീല വെബ്സൈറ്റുകള്‍, അശ്ളീലസിനിമകള്‍, കേരള നിയമസഭയുടെ നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍, കെ.ബി. ഗണേഷ്കുമാര്‍, പി.സി. ജോര്‍ജ്, എം.വി. ജയരാജന്‍ തുടങ്ങിയവരുടെ പ്രസംഗങ്ങള്‍ എന്നിവ കാണാതെയും കേള്‍ക്കാതെയും നമ്മുടെ കുട്ടികള്‍ വളരട്ടെ.

എല്ലാവരും ഓരോ സന്തോഷ് പണ്ഡിറ്റുമാരല്ലേ?



എന്റെ ഒരു സുഹൃത്ത് കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിലെ പ്രമുഖ പുസ്തകശാലയ്ക്ക് വേണ്ടി ഒരു ഇംഗ്ലീഷ് നോവല്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ഉത്തരേന്ത്യയിലെ ചേരികളിലെ നാടന്‍ മനുഷ്യര്‍ പ്രയോഗിക്കുന്ന തെറികള്‍ നോവലിസ്റ്റ് ഇംഗ്ലീഷിലാക്കിയിട്ടുണ്ട്. ആ പ്രയോഗങ്ങളെ അതേ പ്രഹരശേഷിയോടെ മലയാളത്തില്‍ ആവഹിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സുഹൃത്ത് ഇടക്കിടെ ചില പ്രയോഗങ്ങളുടെ മലയാളം ചോദിക്കാറുണ്ട്. ശബ്ദതാരാവലിയും ശബ്ദസാഗരവും റിവേഴ്സ് ഡിക്ഷനറിയുമൊക്കെ തപ്പിത്തടഞ്ഞ് പരാജയപ്പെട്ടായിരിക്കും ചങ്ങാതി സംശയ നിവാരണം സ്വന്തം സുഹൃത്തുക്കളോട് ലേശം നാണത്തോടെ ചോദിക്കുക.
അത്തരം സന്ദര്‍ഭങ്ങളില്‍ യൂ ട്യൂബ് തപ്പാനാണ് ഞങ്ങള്‍ സുഹൃത്തിനെ ഉപദേശിക്കാറ്. അതില്‍ 'സില്‍സില' എന്ന ആല്‍ബത്തിന്റെയും 'കൃഷ്ണനും രാധയും' എന്ന സിനിമയിലെ പാട്ടുരംഗങ്ങളുടെയും അടിയില്‍ കമന്റിന്റെ രൂപത്തില്‍ കേരളത്തിലെ ചെറുപ്പക്കാര്‍ നല്‍കിയിരിക്കുന്ന പ്രയോഗങ്ങള്‍ നല്ലൊന്നാന്തരം ഒരു റഫറന്‍സ് ഗ്രന്ഥമാണ്. കൊടുങ്ങല്ലൂരിലെ പൂരപ്പാട്ടുകളും നിയമസഭയിലെ സ്ഥിരം കലാപരിപാടിയുമൊന്നും ഇതിന്റെ 32 അയലത്തുപോലും വരില്ല.
അത്രമേല്‍ 'സ്വീകാര്യര്‍' ആണ് സില്‍സിലയുടെ രചന, സംഗീതം, സംവിധാനം, പാട്ട്, അഭിനയം എല്ലാം ചേര്‍ത്ത് നിര്‍വഹിച്ച ഹരിശങ്കറും നാട്ടിലുള്ള സകല കലാപരിപാടികളും മൊത്തമായി ഏറ്റെടുത്ത് നിര്‍വഹിച്ച സന്തോഷ് പണ്ഡിറ്റും. അങ്ങനെ യൂ ട്യൂബില്‍ കിടന്ന് കറങ്ങിയിരുന്ന യുവത്വത്തിന് എല്ലാ കെട്ടുകളും പൊട്ടിച്ച് പുറത്തുവരാന്‍ സാക്ഷാല്‍ സന്തോഷ് പണ്ഡിറ്റ്തന്നെ അവസരമൊരുക്കി ഈ കഴിഞ്ഞ വെള്ളിയാഴ്ച.
ഇന്റര്‍നെറ്റില്‍ സര്‍വര്‍ ബ്ലോക്ക് സൃഷ്ടിച്ച സന്തോഷ് പണ്ഡിറ്റ് വെള്ളിയാഴ്ച ഉച്ചയ്ക്ക് എറണാകുളം എം.ജി. റോഡിലും തൃശൂര്‍ ബിന്ദു തിയറ്ററിന്റെ മുന്നിലും ട്രാഫിക് ബ്ലോക്ക്തന്നെ തീര്‍ത്തു.
കോടിക്കണക്കിന് രൂപ മുടക്കി സൂപ്പര്‍ താരങ്ങള്‍ ഹോങ്കോങ്ങിലും സീഷെല്‍സിലും ദുബായിലും മരുഭൂമിയിലും കൊടുങ്കാട്ടിലുമൊക്കെ ഘോരഘോരമായി കഷ്ടപ്പെട്ട് പിടിച്ചെടുത്തിട്ടും ആദ്യദിവസം തന്നെ തിയറ്ററിലെ ഇരുട്ടില്‍ തലകുത്തി വീഴുന്ന മലയാള സിനിമയില്‍ ആദ്യദിവസംതന്നെ 'കൃഷ്ണനും രാധയും' എന്ന സിനിമാ വൈകൃതം സൂപ്പര്‍ ഹിറ്റ്.
സാധാരണ ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാണ് പുതുമുഖമായ ഒരു നടനും സംവിധായകനുമൊക്കെ സൂപ്പര്‍ സ്റ്റാറുകള്‍ ആവുക. ഉദയാനാണ് താരത്തിലെ സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിനെ കണ്ടവര്‍ ആ കഥാപാത്രം അതിശയോക്തികള്‍ നിറഞ്ഞതാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ടാവാം. അവരുടെയും വായടപ്പിക്കും ഈ പണ്ഡിതന്‍. അത്രയ്ക്ക് സൂപ്പറായി കഴിഞ്ഞു. ഒരൊറ്റ സിനിമ കൊണ്ട്.
പടം റിലീസായ വെള്ളിയാഴ്ചത്തെ ആദ്യ ഷോയ്ക്ക് യുവജനങ്ങളുടെ തിക്കും തിരക്കും നിയന്ത്രിക്കാന്‍ എറണാകുളം എം.ജി. റോഡിനരികിലെ കാനൂസ് തിയറ്ററിനുമുന്നില്‍ പൊലീസിന് നന്നേ പണിപ്പെടേണ്ടിവന്നു. നടന്നുപോകാന്‍ അല്ലെങ്കില്‍തന്നെ ബുദ്ധിമുട്ടുള്ള കൊച്ചിയിലെ റോഡില്‍ വാഹനങ്ങള്‍ നിരന്നുകിടന്നു നിലവിളിച്ചു.
ചുവരുകളില്‍ ഒട്ടിച്ചുവെച്ചിരിക്കുന്ന സന്തോഷ് പണ്ഡിറ്റിന്റെ 'സുന്ദരമായ' പോസ്റ്ററുകള്‍ നോക്കി ജയ് വിളിക്കുന്ന ചെറുപ്പക്കാര്‍.
തിയറ്ററിനകത്ത് പടം തുടങ്ങുന്നതിനുമുമ്പുതന്നെ തകര്‍പ്പന്‍ പൂരപ്പാട്ടുകള്‍. ടൈറ്റിലുകള്‍ എഴുതിക്കാണിക്കാന്‍ അല്‍പം സമയം മതി. കാരണം കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നൃത്തം, ഗാനരചന, സംഗീതം, സംഘട്ടനം തുടങ്ങി ഒരു സിനിമയില്‍ ക്യാമറ ഒഴികെ മറ്റെന്തെല്ലാമുണ്ടോ അതെല്ലാം ഈ മൂപ്പര്‍ ഒറ്റയ്ക്കാണ് നിര്‍വഹിച്ചിരിക്കുന്നത്. ആ വകുപ്പില്‍ വേണമെങ്കില്‍ ഒരു ഗിന്നസ് സാധ്യതയുമുണ്ട്. ക്യാമറ മൂപ്പിലാന് പറ്റാത്ത പണിയായതുകൊണ്ടല്ല. ക്യാമറയ്ക്ക് പിന്നില്‍ നിന്നാല്‍ പിന്നെ മുന്നില്‍നിന്ന് 70 എം.എം വിസ്താരമുള്ള ചിരി പാസാക്കാന്‍ പിന്നെ ആരെ കിട്ടും? ആ ഒരൊറ്റ കാണത്താലാണ് ടിയാന്‍ ആ മേഖലയില്‍ കൈവെക്കാതിരുന്നത്. ദോഷം പറയരുതല്ലോ നായികമാരെല്ലാം സുന്ദരിമാര്‍തന്നെയാണ്.
ഇത്രയും കാലത്തെ യൂ ട്യൂബ് സഹവാസത്താല്‍ ചിരപരിചിതമായ ദൃശ്യങ്ങള്‍ സ്ക്രീനില്‍ കാണുമ്പോള്‍ ഭ്രാന്തമായ ആവോശത്തോടെ ഒരു തിയറ്റര്‍ ഒന്നാകെ നൃത്തം വെയ്ക്കുന്നു. ശരിക്കും ഭ്രാന്ത്തന്നെ. മുന്നിലെ ദൃശ്യം തടസ്സപ്പെടുത്തിയതിന്റെ പേരില്‍ ആരും ആരെയും കുറ്റപ്പെടുത്തുന്നില്ല. അവരും തുള്ളുന്നു.
ഓരോ സീനിലും സന്തോഷ് പണ്ഡിറ്റ് നിറഞ്ഞങ്ങനെ നില്‍ക്കുന്നു. കൂക്കിവിളികളില്‍ ഒരു വാക്കുപോലും കേള്‍ക്കാന്‍ പറ്റുന്നില്ല. ഇടയ്ക്കിടെ സരോജ്കുമാറിനെപ്പോലെ മുഖം വക്രിച്ചും ഗോഷ്ഠികള്‍ കാണിച്ചും സന്തോഷ് പണ്ഡിറ്റ് കാണികളെ വെല്ലുവിളിക്കുന്നു.
സന്തോഷ് പണ്ഡിറ്റ് ഇടിക്കുന്നു. സന്തോഷ് പണ്ഡിറ്റ് ഡയലോഗുകള്‍ ചറപറാന്ന് പറയുന്നു. എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.
എല്ലാം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ദാ നിരന്നുനില്‍ക്കുന്നു ചാനല്‍ കാമറകള്‍. ചോദിക്കുന്നവരും ഉത്തരം പറയുന്നവരും ചിരിച്ച് അര്‍മാദിക്കുന്നു. വൈകിട്ട് ചാനലില്‍ സന്തോഷ് പണ്ഡിറ്റ് കുഷ്യനില്‍ അമര്‍ന്നിരുന്ന് തന്റെ സിനിമയെക്കുറിച്ച് അതിവാചാലമായി സംസാരിക്കുന്നു. എല്ലാ ചാനലുകള്‍ക്കും കൂടി ഒരു സന്തോഷ് പണ്ഡിറ്റ്.
സി.ഐ.ഡി. മൂസയില്‍ ദിലീപ് പറയുന്നപോലെ ഇടയ്ക്കിടെ ''അറിയുമോ, ഞാനൊരു സംഭവമാ'' എന്ന മട്ടില്‍ സ്വയം പ്രശംസിച്ചുകൊണ്ടേയിരിക്കുന്നു.
നല്ല സിനിമകള്‍ ഇറങ്ങിയിരുന്ന ഒരു കാലത്ത്് ഏറ്റവും ഭ്രാന്തനായ ആളുപോലും ഇത്തരമൊരു സാഹസത്തിന് മുതിരുമായിരുന്നില്ല. ഇപ്പോള്‍ ആഴ്ചതോറും ഇറങ്ങിക്കൊണ്ടിരിക്കുന്ന സിനിമകള്‍ ഇത്തരമൊരു ചിത്രത്തെ സാധൂകരിക്കുന്നുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജുമൊക്കെ അഭിനയിച്ച് പുറത്തുവരുന്ന സിനിമകള്‍ സന്തോഷ് പണ്ഡിറ്റ് സിനിമകളെക്കാള്‍ ഏറെയൊന്നും മുന്നിലല്ല.  കുറച്ചുകൂടി പരിചയസമ്പന്നരായവര്‍ എടുക്കുന്നുവെന്നേയുള്ളു. പിന്നെ എല്ലാ പണിയും ഒരാള്‍തന്നെ എടുക്കുമ്പോള്‍ ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളു എന്നു കരുതി സമാധാനിക്കുക. കാരണം ഇനിയുള്ള നാളുകള്‍ സന്തോഷ് പണ്ഡിറ്റുമാരുടേതാണ്. സിനിമയിലും രാഷ്ട്രീയത്തിലും സാഹിത്യത്തിലും ജീവിതത്തിലും.
അല്ലെങ്കില്‍ നമ്മളെല്ലാം ഓരോ സന്തോഷ് പണ്ഡിറ്റുമാരല്ലേ?

തൊടുകുറി: ഒന്നുകില്‍ ഇയാള്‍ ലോകത്തിലെ ഏറ്റവും വലിയ വിഢിയാണ്. അല്ലെങ്കില്‍ ഈ കാലഘട്ടത്തെ നോക്കി അയാള്‍ അസാമാന്യമായ ഒരു ലോജിക്കോടെ സമര്‍ഥമായി ചിരിച്ചുകൊണ്ട് അയാള്‍ അല്ലാത്ത എല്ലാവരെയും വിഢികളാക്കുകയാണ്.
നമ്മുടെ സിനിമക്കാര്‍ സിനിമയെന്ന പേരില്‍ പടച്ചുവിടുന്ന വൈകൃതങ്ങള്‍തന്നെയാണ് സന്തോഷ് പണ്ഡിറ്റുമാരെ സൃഷ്ടിച്ചത്. നാളെ അവര്‍ ഇയാളുടെ വീട്ടിനുമുന്നില്‍ ഡേറ്റിന് വേണ്ടി കാത്തുകിടക്കില്ലെന്ന് ആരു കണ്ടു?


എ. ശാന്തന്‍

നടി മുക്ത തമിഴില്‍ ഐറ്റം നമ്പറില്‍ പ്രത്യക്ഷപ്പെടുന്നു



പ്രശാന്ത്‌ നായകനാകുന്ന പൊന്നാര്‍ ശങ്കര്‍ എന്ന ചിത്രത്തിലാണു മുക്ത ഐറ്റം നമ്പര്‍ ചെയ്യുന്നത്‌. താമരഭരണി എന്ന ചിത്രത്തിലൂടെ 15ം വയസില്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ച മുക്തയ്ക്കു കൈയെത്തും ദൂരത്താണു തമിഴിലെ മുന്‍നിര നായികാപദവി നഷ്ടമായത്‌. താമരഭരണിയില്‍ തകര്‍പ്പന്‍ പ്രകടമാണു മുക്ത കാഴ്ച വച്ചത്‌.15ം വയസില്‍ ഗ്ളാമറസായി അഭിനയിച്ചതു വന്‍വാര്‍ത്താപ്രാധാന്യവും അന്നു നേടിയത്‌. തമിഴിലെ മുന്‍നിരനായികയായി മുക്ത വളരുമെന്നു പലരും വ്യക്തമാക്കിയിരുന്നു. എന്നാല്‍ എന്തോ ചില കാരണങ്ങളാല്‍ തമിഴില്‍ നിന്നും കാര്യമായ അവസരങ്ങള്‍ ഈ നടിയ്ക്കു ലഭിച്ചില്ല. താമരഭരണിയ്ക്കു ശേഷം അഴഗര്‍ മലൈ എന്ന തമിഴ്ചിത്രത്തില്‍ അഭിനയിച്ചെങ്കിലും ആ ചിത്രം കാര്യമായ ചലനം സൃഷ്ടിക്കുകയും ചെയ്തില്ല.


കഴിഞ്ഞ വര്‍ഷം ഒരു ചിത്രം പോലും തമിഴളില്‍ നിന്നും മുക്തയ്ക്കു ലഭിച്ചില്ല. തനിക്കു നഷ്ടമായ താരറാണിപ്പട്ടം പിടിച്ചെടുക്കാന്‍ തന്നെയാണു ഇപ്പോള്‍ മുക്ത തീരുമാനിച്ചിരിക്കുന്നതെന്നാണു വിവരം. ഈ വര്‍ഷം കോളിവുഡില്‍ തണ്റ്റെ സ്ഥാനം ഉറപ്പിക്കാനാണത്ര മുക്ത;യുടെ തീരുമാനം. നായികയാകുന്നതിനു പുറമേ ഐറ്റം നമ്പര്‍ ചെയ്യാനും മുക്ത തയ്യാി൪ാായത്‌ ആ ലക്ഷ്യം വച്ചു കൊണ്ടാണെന്നാണു സൂചന. എസ്‌ എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന സട്ടപ്പടി കുറ്റം എന്ന തമിഴ്‌ ചിത്രത്തില്‍ നായികയായി അഭിനയിച്ചു കൊണ്ടിരിക്കുകയാണു മുക്തയിപ്പോള്‍. അതിനു പുറമെയാണു ഐറ്റം നമ്പര്‍ നര്‍ത്തകിയുമാകുന്നത്‌. ചിത്രത്തിലെ സ്പെഷ്യല്‍ ഐറ്റം നമ്പരിലാണു മുക്ത പ്രത്യക്ഷപ്പെടുന്നത്‌. കേരളത്തില്‍ താമസിക്കുന്ന ഞാന്‍ വിവാഹിതയായെന്നും അഭിനയം നിര്‍ത്തിയെന്നും കോളിവുഡില്‍ ഗോസിപ്പ്‌ പരന്നതിനാലാണു എനിക്ക്‌ അവിടെ അവസരങ്ങള്‍ നഷ്ടമാകുന്നത്‌. ഇക്കാര്യത്തില്‍ മുക്തയുടെ പ്രതികരണം ഇങ്ങനെയാണ്‌. മലയാളത്തിലും കാര്യമായ അവസരങ്ങള്‍ മുക്തയ്ക്കിപ്പോഴില്ല. മലയാളത്തില്‍ മുന്‍നിരനായകന്‍മാര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രങ്ങളൊന്നും മുക്തയ്ക്കു മലയാളത്തില്‍ ഇപ്പോഴില്ല.

ഇംഗ്ലീഷ് കൊത്തിയ മലയാളം സിനിമകള്‍




'അവതാര്‍' എന്ന് കേട്ടപ്പോള്‍ പലര്‍ക്കും ആദ്യം തോന്നിയത് അതൊരു മലയാള സിനിമയോ മിനിമം ഹിന്ദിയെങ്കിലുമോ ആയിരിക്കുമെന്നാണ്.'ബാങ്കോക്ക് സമ്മര്‍' എന്നു കേട്ടപ്പോഴുമുണ്ടായി ഇങ്ങനെ ഒരു ഉള്‍പ്രേക്ഷ. ഒരു ഇംഗ്ലീഷ് സിനിമയായിരിക്കും അതെന്ന് കരുതിയവരേറെ. എല്ലാവരെയും തിരുത്തിക്കൊണ്ട് 'അവതാര്‍' ഇംഗ്ലീഷും 'ബാങ്കോക്ക് സമ്മര്‍ മലയാളവും' മൊഴിഞ്ഞു.
ഇപ്പോഴത്തെ സിനിമയുടെ, പ്രത്യേകിച്ച്, മലയാള സിനിമകളുടെ പേരുകള്‍ മാത്രം നോക്കിയാല്‍ മലയാളമാണോ അതെന്ന് തിരിച്ചറിയണമെങ്കില്‍ സംവിധായകന്റെയും അഭിനേതാക്കളുടെയും പേരും വിലാസവുമൊക്കെ വായിച്ചുനോക്കണം. ഇനി സിനിമ ഒറിജിനല്‍ മലയാളിയാണോ എന്നറിയണമെങ്കില്‍ തിയറ്ററില്‍ ചെന്ന് ടിക്കറ്റെടുത്ത് അകത്ത് കയറിയേ പറ്റൂ. പല സിനിമകളും ഹോളിവുഡിലോ യൂറോപ്പിലോ ഒക്കെ ഇറങ്ങി ഹിറ്റായവയാരിക്കും. അങ്ങനെയാണ്  'ബിഗ് ബി' എന്ന് കേട്ട് ചെല്ലുമ്പോള്‍ 'ഫോര്‍ ബ്രദേഴ്സ്' ആയി മാറുന്നതും,  'അന്‍വര്‍' എന്നത് 'ട്രെയിറ്റര്‍' ആയും 'ഗോല്‍മാല്‍' എന്നാല്‍ 'സെവന്‍ ക്വീന്‍സുംദ, 'മുല്ല' എന്ന മലയാളം മണക്കുന്ന സിനിമ 'ത്സോസി' എന്ന ആഫ്രിക്കനും 'കോക്ടെയില്‍' എന്നത് 'ബട്ടര്‍ഫ്ളൈ ഓണ്‍ എ വീല്‍സ്' ആയും ഒക്കെ മാറുന്നതും.
സിനിമ അപ്പാടെ കോപ്പിയടിക്കുന്നത് പുതിയ സംഭവമൊന്നുമല്ല. പ്രിയദര്‍ശനായിരുന്നു ഒരുകാലത്ത് മലയാളത്തില്‍ ഇതിന്റെ ഉസ്താദ്. വീഡിയോ കസറ്റുകളുടെ അക്കാലത്ത് കോപ്പിയടി കണ്ടുപിടിക്കാന്‍ ഇമ്മിണി പണിയായിരുന്നു. ഇന്ന് ഇന്റര്‍നെറ്റും ഡിജിറ്റല്‍ വിപ്ലവവും വന്ന  'ഈ' കാലത്ത് ഈ കുറ്റാന്വേഷണകല കൊച്ചുകുട്ടികള്‍ക്കുപോലും അനായാസമായിട്ടുണ്ട്.
പറഞ്ഞുവന്നത് സിനിമകളുടെ പേരിനെക്കുറിച്ചാണ്. 2011ല്‍ ഇതുവരെ പ്രദര്‍ശനത്തിനെത്തിയത് 70 ചിത്രങ്ങളാണ്. അതില്‍ പകുതിയെണ്ണത്തിന്റെയെങ്കിലും പേര് മലയാളമേ അല്ല. ക്രിസ്ത്യന്‍ ബ്രദേഴ്സ്, സീനിയേഴ്സ്, ചൈനാ ടൌണ്‍, ട്രാഫിക്, മേക്കപ്പ് മാന്‍, സാള്‍ട്ട് ആന്റ് പെപ്പര്‍ തുടങ്ങി ബോക്സ് ഓഫീസില്‍ പിടിച്ചുനിന്ന ചിത്രങ്ങളുടെ എല്ലാം പേര് ഇംഗ്ലീഷ്.
എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ വരുന്ന ഫെര്‍നാണ്ടോ മെയ്റില്‍സ് എന്ന ബ്രസീലിയന്‍ സംവിധായകന്റെ 'സിറ്റി ഓഫ് ഗോഡ്' എന്ന ചിത്രത്തിന്റെ അതേ പേരില്‍ പോലും ഈ വര്‍ഷം മലയാളത്തില്‍ സിനിമ ഇറങ്ങി. പക്ഷേ, സാമ്പത്തികമായി ചിത്രം പച്ചപിടിച്ചില്ല. നോട്ടൌട്ട്, ദ മെട്രോ, റേസ്, ഡബിള്‍സ്, ലക്കി ജോക്കേഴ്സ്, മഹാരാജാ ടാക്കീസ്, ദ ട്രെയിന്‍, ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇന്‍ ആക്ഷന്‍, ത്രീ കിംഗ്സ്, ദ ഫിലിം സ്റ്റാര്‍, കലക്ടര്‍, ബാങ്കോക്ക് സമ്മര്‍, സീന്‍ നമ്പര്‍ 0, സെവന്‍സ്, തേജാഭായി ആന്റ് ഫാമിലി, ഡോക്ടര്‍ ലൌ  തുടങ്ങിയവയാണ് തലക്കെട്ടില്‍ ഇംഗ്ലീഷ് പേരുകള്‍ കൊത്തി തിയറ്ററിലെത്തിയത്. ഇപ്പോഴത്തെ ഒരു ഫാഷനാണ് ഇതെന്ന് മനസ്സിലാക്കാന്‍ ഇത്രയും മതി.
സിനിമ തനി മലയാളമായാലും ടൈറ്റിലില്‍ മലയാളം തൊടാത്ത ഒരു കൂട്ടരുണ്ട്. പഴയകാല സൂപ്പര്‍ ഹിറ്റ് സംവിധായക ജോഡിയായ സിദ്ദീഖ് ലാല്‍. സംവിധായകരെന്ന നിലയിലെ ആദ്യ ചിത്രമായ 'റാംജി റാവു സ്പീക്കിംങ്' തൊട്ടു തുടങ്ങിയ ഒരു ശീലമാണിത്. ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല, മാന്നാര്‍ മത്തായി സ്പീക്കിംങ് (മാണി സി. കാപ്പന്റെ പേരാണ് ഔദ്യോഗികമായി സംവിധായകസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്) എന്നിവയാണ് ഈ ജോഡിയുടെ ചിത്രങ്ങള്‍. രണ്ടാളും രണ്ടു വഴിക്ക് തിരിഞ്ഞെങ്കിലും വിത്തു ഗുണം കൈവിട്ടിട്ടില്ല. സ്വതന്ത്രന്മാരായപ്പോഴും അതേ ശീലം തുടര്‍ന്നു. സിദ്ദീഖ് ഹിറ്റ്ലര്‍, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലന്‍, ബോഡിഗാര്‍ഡ് എന്നൊക്കെ പേരിട്ടപ്പോള്‍ ലാലും മോശമാക്കിയില്ല. പഴയ മഹാദേവനെയും ഗോവിന്ദന്‍കുട്ടിയെയും അപ്പുക്കുട്ടനെയും തോമസ് കുട്ടിയെയും പൊടി തട്ടിയെടുത്ത് 'ടു ഹരിഹര്‍ നഗറും' 'ഇന്‍ ഗോസ്റ്റ് ഹൌസും' ആക്കി ശീലക്കേട് മാറിയിട്ടില്ലെന്ന് തെളിയിച്ചു. അടുത്ത പടത്തിന് 'ടൂര്‍ണമെന്റ്' എന്ന് പേരുമിട്ടു. ഷൂട്ടിംഗ് തുടങ്ങിയിട്ടില്ലാത്ത അടുത്ത പടത്തിനും ഇംഗ്ലീഷ് ചുവയുള്ള പേരാണ് ലാല്‍ കണ്ടെത്തിയിരിക്കുന്നത്. 'കോബ്രാ ദ കോട്ടയം ബ്രദേഴ്സ്'.
ഇനി വരാനിരിക്കുന്ന കുറേ ചിത്രങ്ങള്‍ക്കുകൂടി ഈ മറുനാടന്‍ ചുവയുണ്ട്. ഇന്ത്യന്‍ റുപ്പീസ്, കലക്ടര്‍ ആന്റ് കമ്മീഷണര്‍, ദി റിപ്പോര്‍ട്ടര്‍.
മലയാളത്തിലെ സിനിമകളുടെ ടൈറ്റിലില്‍ ഇംഗ്ലീഷ് വരുന്നതിനെതിരെ ഇതുവരെ ആരും പരാതിപ്പെട്ടിട്ടില്ല. മാത്രവുമല്ല ഏറ്റവും വലിയ അന്ധവിശ്വാസികളായ സിനിമക്കാരുടെ മറ്റൊരു വിശ്വാസമായ ഈ മലയാളവിരോധം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. 'സ്നേഹവീട്' എന്നൊക്കെ സീരിയല്‍ മാതൃകയില്‍ പേരിടുന്നതിനെക്കാള്‍ നല്ലതല്ലേ എന്ന് സമാശ്വസിക്കുവരുമുണ്ട്.പക്ഷേ, തമിഴില്‍ ഈ പണി നടക്കില്ല. അവിടുത്തുകാര്‍ കടുത്ത ഭാഷാ സ്നേഹികളാണ്. ഇടക്കാലത്ത് ഇംഗ്ലീഷ തലക്കെട്ടുള്ള സിനിമകള്‍ക്കെതിരെ കലാപം വരെ നടന്നിരുന്നു. കമലിന്റെ 'മുംബൈ എക്സ്പ്രസ്', രജനിയുടെ 'ശിവാജി ദ ബോസ്' എന്നീ ചിത്രങ്ങളുടെ പേര് മാറ്റണമെന്ന് ശക്തമായ വാദം ഉയര്‍ന്നിരുന്നു. കമലും രജനിയുമായതുകൊണ്ടാവണം തമിഴര്‍ അത് പൊറുത്തു. പക്ഷേ, അപ്രഖ്യാപിതമായ ആ വിലക്ക് മറികടക്കാന്‍ തമിഴ് സിനിമക്കാരില്‍ മിക്കവര്‍ക്കും ഇപ്പോഴും പേടിയാണ്. സെവന്‍ത് സെന്‍സ് എന്ന് പേരിടാമായിരുന്നിട്ടും 'ഏഴാം അറിവ്' എന്ന് അവര്‍ പേരിടുന്നത് അതുകൊണ്ടാണ്.

എ. ശാന്തന്‍

ആസിഫ്‌ അലിക്ക്‌ പൃഥ്വിയുടെ മറുപടി




മമ്മൂട്ടിയും മോഹന്‍ലാലും അഭിനന്ദിച്ചിട്ടില്ല എന്ന്‌ പരാതി പറഞ്ഞ പൃഥ്വിരാജിനെതിരേ ആഞ്ഞടിച്ച ആസിഫ്‌ അലിക്ക്‌ പൃഥ്വിയുടെ മറുപടി. ഒരുദിവസം രാവിലെ എഴുന്നേറ്റ്‌ ഇത്തരത്തില്‍ താന്‍ പ്രസ്‌താവന നടത്തുകയായിരുന്നില്ല എന്നാണ്‌ പൃഥ്വി ചൂണ്ടിക്കാട്ടിയത്‌. ഇതു സംബന്ധിച്ച്‌ പൃഥ്വിയുടെ വാക്കുകള്‍:

മമ്മൂട്ടിയും മോഹന്‍ലാലും വിളിച്ച്‌ അഭിനന്ദിയ്‌ക്കുന്നില്ലെന്ന്‌ ഒരു ദിവസം രാവിലെ എഴുന്നേറ്റ്‌ വാര്‍ത്താക്കുറിപ്പിറക്കുകയായിരുന്നില്ല. മൊഴിയെന്ന തമിഴ്‌ ചിത്രം കണ്ടതിന്‌ ശേഷം രജനി സര്‍ എന്നെ വിളിച്ച്‌ അഭിനന്ദിച്ചിരുന്നു. അക്കാലത്ത്‌ നടന്ന ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ച്‌ ചോദ്യമുണ്ടായി. രജനി സര്‍ അരമണിക്കൂറോളം സംസാരിച്ചുവെന്നും അഭിനന്ദിച്ചുവെന്നും മറുപടി നല്‍കി. തുടര്‍ന്നുണ്ടായ ചോദ്യം മമ്മൂട്ടിയും ലാലും ഇത്തരത്തില്‍ വിളിച്ച്‌ അഭിനന്ദിയ്‌ക്കാറുണ്ടോയെന്നായിരുന്നു. എന്റെ അഭിനയം കണ്ട്‌ അവര്‍ ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ചിട്ടില്ലെന്ന്‌ ഞാന്‍ തുറന്നുപറഞ്ഞു. ഈ വാചകമാണ്‌ വിവാദത്തിലെത്തിയത്‌.

അതേസമയം നേരില്‍ കാണുമ്പോള്‍ മമ്മൂട്ടി തന്റെ സിനിമകളെക്കുറിച്ചും അഭിനയത്തേക്കുറിച്ചുമെല്ലാം സംസാരിക്കാറുണ്ടെന്നും പൃഥ്വി പറയുന്നു. മമ്മൂക്ക നേരില്‍ കാണുമ്പോള്‍ പലപ്പോഴും എന്റെ സിനിമകളെക്കുറിച്ചും അഭിനയത്തെക്കുറിച്ചും പറയാറുണ്ട്‌. അടുത്തകാലത്ത്‌ അദ്ദേഹത്തിന്റെ വീട്ടില്‍ പോയ സമയത്ത്‌ മാണിക്യക്കല്ല്‌ എന്ന സിനിമയിലെ എന്റെ അഭിനയശൈലിയെ അദ്ദേഹം അഭിനന്ദിച്ച്‌ സംസാരിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടിയും ലാലും ഫോണില്‍ വിളിക്കാറുണ്ടോയെന്ന ചോദ്യത്തിന്‌ താന്‍ പറഞ്ഞ മറുപടി അടര്‍ത്തിയെടുത്ത വിവാദമാക്കുകയായിരുന്നു എന്നാണ്‌ പരിഭവം.

ആസിഫ്‌ അലിയെ താന്‍ ഇതുവരെ വിളിച്ച്‌ അഭിനന്ദിച്ചിട്ടില്ലെന്നും പൃഥ്വിരാജ്‌ വെളിപ്പെടുത്തി. ആസിഫ്‌ അലി പറഞ്ഞത്‌ ശരിയാണ്‌, ഞാന്‍ അദ്ദേഹത്തെ ഇതുവരെ വിളിച്ച്‌ അഭിനന്ദിച്ചിട്ടില്ല. കാരണം. ഞാന്‍ അസിഫ്‌ അലി അഭിനയിച്ച ഒരു സിനിമ മാത്രമേ കണ്ടിട്ടുള്ളൂ. ട്രാഫിക്ക്‌. അതു കണ്ടതിന്‌ ശേഷം സിനിമയുടെ തിരക്കഥാക്കൃത്തിനെയും സംവിധായകനെയും അഭിനന്ദിക്കാനാണ്‌ എനിയ്‌ക്ക് തോന്നിയത്‌. അങ്ങനെ തന്നെ ഞാന്‍ ചെയ്‌തു.- പൃഥ്വി പറഞ്ഞു.


മംഗളം

സിനിമയും പകര്‍ച്ചപ്പനിയും !



കാട്ടിലൂടെ നടക്കുമ്പോള്‍ പുതിയൊരു വഴി വെട്ടിയുണ്ടാക്കാന്‍ പറ്റിയില്ളെങ്കില്‍ ഒരെളുപ്പവഴിയുണ്ട്. മുമ്പ് ആരെങ്കിലും വെട്ടിയുണ്ടാക്കിയ വഴിത്താരയുണ്ടെങ്കില്‍ അതിലേ പോവുക. ഈ തന്ത്രം ഏറ്റവും നന്നായി പ്രയോഗിക്കുന്നവര്‍ സിനിമക്കാരല്ലാതെ മറ്റാരുമല്ല. ഒരു പടം ക്ളച്ച് പിടിച്ചാല്‍ പിന്നെ വരവായി അതേ പാറ്റേണിലെ ഒരുപിടി സിനിമകള്‍. ആശയദാരിദ്ര്യം കൊണ്ട് നട്ടംതിരിയുന്ന മലയാളത്തില്‍ ഇപ്പോള്‍ റീമേക്കുകളുടെ കാലമാണ്. പാട്ടുകള്‍ മാത്രമല്ല പടങ്ങള്‍ അപ്പാടെ പുതിയ കുപ്പിയിലാക്കി ഇറക്കുകയാണിവിടെ.
ഇപ്പോഴത്തെ ട്രെന്‍റ് ഒരു ഭാഷയില്‍ വിജയിച്ച സിനിമ മറ്റ് ഭാഷകളിലേക്ക് പറിച്ചുനടുക എന്നതാണ്. ഇതും പണ്ടേക്കുപണ്ടേ പ്രചാരം നേടിയ ഒരു തന്ത്രമാണ്. പക്ഷേ, ഇപ്പോള്‍ ഇതൊരു പകര്‍ച്ചപ്പനിപോലെ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നു. മലയാളത്തില്‍ സര്‍വകാല ഹിറ്റുകളില്‍ ഒന്നായിരുന്ന ‘മണിച്ചിത്രത്താഴ്’ മലയാളത്തിലും ഹിന്ദിയിലുമൊക്കെ വിജയം ആവര്‍ത്തിച്ചു. അടുത്തിടെ ഈ പണി ഏറ്റവും നന്നായി പയറ്റിയത് സംവിധായകന്‍ സിദ്ദീഖാണ്. ദിലീപിനെ നായകനും നയന്‍താരയെ നായികയുമാക്കി മലയാളത്തില്‍ ഇറക്കിയെങ്കിലും വലിയ സംഭവമാകാതെ പോയ ‘ബോഡിഗാര്‍ഡി’നെ തമിഴില്‍ വിജയിനെയും അസിനെയുംവെച്ച കാവലന്‍ എന്ന പേരില്‍ ഹിറ്റാക്കി മലയാളത്തിലെ നഷ്ടം അദ്ദേഹം നികത്തി. തമിഴിന്വേണ്ടുന്ന ചേരുവകളൊക്കെ ചേരുംപടി ചേര്‍ക്കുകയും ചെയ്തു. മാത്രമല്ല ഹിന്ദിയില്‍ സല്‍മാന്‍ഖാനെയും കരീനാ കപൂറിനെയും വെച്ച് ‘ബോഡിഗാര്‍ഡ്’ എന്ന പേരില്‍തന്നെ സിനിമയൊരു സംഭവമാക്കി മാറ്റാനും സിദ്ദീഖിന് കഴിഞ്ഞു. എന്നിട്ടും നിര്‍ത്താന്‍ ഭാവമില്ല. തെലുങ്കിലും ബോഡിഗാര്‍ഡിനെ ഇറക്കി പരീക്ഷിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ സിദ്ദീഖ്.
സിദ്ദീഖിന് മുമ്പ് ഈ തന്ത്രം പയറ്റിത്തെളിഞ്ഞത് പ്രിയദര്‍ശനായിരുന്നു. സ്വന്തം പടവും മറ്റ് പലരുടെ ചിത്രങ്ങളും പ്രിയന്‍ ഹിന്ദിപ്പരുവത്തിലാക്കി വിജയിപ്പിച്ചെടുത്തു.
ഇതേ ഗണത്തില്‍ മറ്റൊരു ചിത്രം കൂടിയിറങ്ങുകയാണ്. 2003ല്‍ ഗൗതംമേനോന്‍ സംവിധാനം ചെയ്ത് സൂര്യയും ജ്യോതികയും മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ച തമിഴിലെ സൂപ്പര്‍ ഹിറ്റായ ‘കാക്കാ കാക്കാ’ ഹിന്ദിയില്‍ ഇറങ്ങുന്നു. ‘ഫോഴ്സ്’ എന്ന് പേരിട്ട ഈ ചിത്രത്തില്‍ ജോണ്‍ എബ്രഹാമും ജെനീലിയ ഡിസൂസയും സൂര്യയുടെയും അസിന്‍െറയും വേഷം കടമെടുക്കുന്നു. നിഷികാന്ത് കാമത്താണ് സംവിധാനം ചെയ്യുന്നത്. ഇതിനായി റൊമാന്‍റിക് ഹീറോ പര്യവേഷം തല്‍ക്കാലം മാറ്റിവെച്ചാണ് ജോണ്‍ പ്രത്യക്ഷപ്പെടുന്നത്.
കാക്കാ കാക്കാ ഇറങ്ങി അധികം വൈകാതെ ഈ ചിത്രത്തിലെ രണ്ട് പാട്ടുസീനുകള്‍ ഏതാണ്ട് അതേപോലെ വിനയന്‍ ‘സത്യം’ എന്ന സിനിമയിലേക്ക് കോപ്പിയടടിച്ചിരുന്നു.
മലയാളത്തില്‍ എട്ടുനിലയില്‍ പൊട്ടിയ സിനിമകളില്‍ പലതും ഇങ്ങനെ ഒലവക്കോടിനപ്പുറത്തേക്ക് കൊണ്ടുപോയി വിജയിപ്പിച്ചെടുക്കാനുള്ള ശ്രമം ഇപ്പോള്‍ പലരും തകൃതിയായി ആലോചിച്ചുകൊണ്ടിരിക്കുന്നുണ്ട്. ബ്ളസിയുടെ അടുത്തിറങ്ങിയ ‘പ്രണയം’വും, ദേശീയ പുരസ്കാരങ്ങള്‍ നേടിയ സലിം അഹമ്മദിന്‍െറ ‘ആദാമിന്‍െറ മകന്‍ അബു’വും ഹിന്ദിയിലേക്ക് വെച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ്.
പണ്ട് ജോലി തേടി മലയാളികള്‍ ബേംബേയിലേക്കും മദിരാശിയിലേക്കുമൊക്കെ പോയതുപോലൊരു സാമ്പത്തികശാസ്ത്രം ഇതിന്‍െറ പിന്നിലുമുണ്ട്. മലയാളത്തില്‍ ഏതാനും ലക്ഷത്തിന് കച്ചവടം ചെയ്ത സിനിമയുടെ തിരക്കഥയ്ക്ക് മറുനാട്ടില്‍ കോടികളാണ് വില. മധു മുട്ടത്തിന് വെറും ആയിരങ്ങള്‍ കൊടുത്ത് സ്വന്തമാക്കിയ മണിച്ചിത്രത്താഴിന് ലക്ഷങ്ങളാണ് സംവിധായകന് കിട്ടിയത്. ഹോമിക്കാന്‍ കൊടുത്തത് വായില്‍ പോയോ തീയില്‍ പോയോ എന്ന് നോക്കേണ്ട എന്ന് കരുതി പാവം മധു മുട്ടം സമാധാനമടയുകയായിരുന്നു.
ശാന്തന്‍

'കണ്ണും കണ്ണും തമ്മില്‍ തമ്മില്‍' എന്ന ഗാനം റീമേക്ക് ചെയ്യുന്നു


സിനിമകള്‍ക്കു പുറമെ സംഗീതത്തിലും ഇത് റീമേക്കിന്റെ കാലമാണ്. 'തേജാഭായി'യിലെ ഒരു മധുരക്കിനാവിന്‍ ലഹരിയിലലെങ്ങോ' എന്ന ഗാനം റീമേക്കു ചെയ്തതിനു പിന്നാലെ ജയന്‍ നായകനായ 'അങ്ങാടി' എന്ന ചിത്രത്തിലെ 'കണ്ണും കണ്ണും തമ്മില്‍ തമ്മില്‍' എന്ന ഗാനവും റീമേക്ക് ചെയ്യുന്നു. മമ്മൂട്ടി നായകനായ 'വെനീസിലെ വ്യാപാരി' എന്ന ചിത്രത്തിനു വേണ്ടിയാണ് 'കണ്ണും കണ്ണും' എന്ന ഗാനം റീമേക്ക് ചെയ്യുന്നത്. മമ്മൂട്ടിയും പൂനം ബജ്‌വയുമായിരിക്കും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മൈസൂരിലും ഊട്ടിയിലുമായിരിക്കും ഗാനചിത്രീകരണം.
ജയറാം നായകനായ ആദ്യത്തെ കണ്‍മണി എന്ന ചിത്രത്തില്‍ 'അകലെ അകലെ നീലാകാശം'എന്ന പഴയ സിനിമാഗാനം റീമേക്ക് ചെയ്തതതോടെയാണ് സംഗീത റീമേക്കിനു തുടക്കമാകുന്നത്. പിന്നീട് ഛോട്ടാമുംബൈയില്‍ 'ചെട്ടികുളങ്ങര ഭരണി നാളില്‍', ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തില്‍ 'പൂമുഖവാതില്‍ക്കല്‍ സ്‌നേഹം തുളുമ്പുന്ന, 'ലൗഡ്‌സ്‌പീക്കറില്‍ 'അല്ലിയാമ്പല്‍ക്കടവില്‍ '...എന്നിങ്ങനെ ഒടുവില്‍ തേജാഭായി വരെ എത്തി നിന്നു സംഗീത റീമേക്കുകള്‍. ജയന്‍ അഭിനയിച്ച ആ ഗാനരംഗത്തില്‍ ഇനി മമ്മൂട്ടിയെയായിരിക്കും പ്രേക്ഷകര്‍ കാണുക. സിനിമയില്‍ കഥയില്ലായ്മ വന്നതു പോലെ പാട്ടിലും പാട്ടില്ലായ്മ വന്നു തുടങ്ങിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഷക്കീല,വീണ്ടും വരുന്നു.,.



മലയാളത്തില്‍ വീണ്ടും ഷക്കീല തരംഗം. ഇക്കുറി രതിചിത്രങ്ങളിലൂടെയല്ല, ഷക്കീല മലയാളി സിനിമാ പ്രേക്ഷകരെ കീഴടക്കുന്നതെന്നു മാത്രം. മലയാളത്തിലേക്കുള്ള രണ്ടാം വരവില്‍ ക്യാരക്‌ടര്‍ റോളുകളാണ്‌ ഷക്കീലയെ കാത്തിരിക്കുന്നത്‌. തേജാ ഭായി ആന്‍ഡ്‌ ഫാമിലി എന്ന ചിത്രത്തില്‍ മികച്ച കഥാപാത്രമാണ്‌ ഷക്കീലയ്‌ക്കുള്ളത്‌. ഇതിനു പിന്നാലെ മികച്ച ഒരുപിടി കഥാപാത്രങ്ങളുമായി ഷക്കീല ഒരിക്കല്‍ കൂടി കേരള മണ്ണില്‍ കാലുകുത്തുകയാണ്‌.

ഷക്കീലയുടെ രണ്ടു ചിത്രങ്ങള്‍ക്കൂടി പിന്നലെയെത്തുകയാണ്‌. അക്കൂട്ടത്തില്‍ വര്‍ഷങ്ങളായി പെട്ടിയിലിരുന്ന ചിത്രവുമുണ്ട്‌. നവാഗത സംവിധായകനായ അലക്‌സ് തങ്കച്ചന്‍ സംവിധാനം ചെയ്‌ത ഈ അഭയതീരം എന്ന ചിത്രവും കോമഡി റോള്‍ ചെയ്യുന്ന ഒന്നരക്കള്ളന്‍ എന്ന ചിത്രവും ഉടന്‍ റിലീസാകും എന്നാണ്‌ സൂചന. അഭയതീരം എന്ന ചിത്രത്തില്‍ സിസ്‌റര്‍ മേരി മാഗ്‌ദലന്റ്‌ എന്ന കേന്ദ്ര കഥാപാത്രത്തെയാണ്‌ ഷക്കീല അവതരിപ്പിക്കുന്നത്‌. എയ്‌ഡ്സ്‌ ബാധിതര്‍ എന്ന്‌ സംശയിക്കപ്പെടുന്ന കുട്ടികളെ ഏറ്റെടുത്ത്‌ വളര്‍ത്തുന്ന അനാഥാലയത്തിന്റെ ചുമതലക്കാരിയുടെ റോളാണ്‌ ഈ ചിത്രത്തില്‍ ഷക്കീലയുടേത്‌.

ഏതാണ്ട്‌ അഞ്ചു വര്‍ഷം മുമ്പ്‌ ഷൂട്ടിംഗ്‌ തുടങ്ങിയ ചിത്രം വെളിച്ചം കാണാതെയിരിക്കുവായിരുന്നു. സെക്‌സ് ബോംബായിരുന്ന ഷക്കീലയുടെ ഇമേജ്‌ പുതിയ കഥാപാത്രത്തിന്‌ തിരിച്ചടിയാകുമോയെന്നു അണിയറപ്രവര്‍ത്തകര്‍ക്കും സഹതാരങ്ങള്‍ക്കും ആശങ്കയുണ്ടായിരുന്നു. അതാണ്‌ ചിത്രം പുറംലോകം കാണാതെയിരുന്നത്‌. ജഗദീഷാണ്‌ ചിത്രത്തില്‍ ഷക്കീലയുടെ നായകന്‍. ഉര്‍വശിക്കായി നീക്കിവച്ചിരുന്ന റോളാണ്‌ പിന്നീട്‌ ഷക്കീലയ്‌ക്ക് ലഭിച്ചത്‌.

ഷക്കീല ചിത്രത്തിലെ നായകന്‍ ആയി അറിയപ്പെടുന്നതില്‍ അന്ന്‌ ജഗദീഷിനും വിഷമം ഉണ്ടായിരുന്നതായി കേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷക്കീലയുടെ ഇമേജിന്‌ മാറ്റം വരുകയും തേജാഭായിലൂടെ ഇടവേള ബ്രേക്ക്‌ ചെയ്യുകയും ചെയ്‌തതോടെ ഈ അഭയതീരം പുതിയ ചിത്രമെന്ന നിലയില്‍ റിലീസ്‌ ചെയ്യുകയാണ്‌.തെങ്ങുഴപണയില്‍ ഫിലിംസിന്റെ ബാനറില്‍ സ്‌നേബ കെ ബോസ്‌ നിര്‍മിക്കുന്ന ഈ അഭയതീരം എന്ന ചിത്രത്തില്‍ ജോസ്‌ പ്രകാശും അഭിനയിച്ചിട്ടുണ്ട്‌.

വിവാദകഥയുമായി വീണ്ടും രാംഗോപാല്‍വര്‍മ


നീരജ് ഗ്രോവര്‍വധം ആസ്പദമാക്കിയ രാംഗോപാല്‍വര്‍മചിത്രം "നോട്ട് എ ലവ് സ്റ്റോറി" വിവാദത്തില്‍ . ടെലിവിഷന്‍ എക്സിക്യൂട്ടീവായ നീരജ് ഗ്രോവറെ മലയാളിയായ നാവികസേന ഓഫീസര്‍ എമില്‍ ജെറോമും പ്രതിശ്രുത വധുവും കന്നട നടിയുമായ മരിയ സൂസെരാജും ചേര്‍ന്ന് കൊന്ന് കഷണങ്ങളാക്കി കാട്ടിലുപേക്ഷിച്ചെന്ന കേസാണ് സിനിമയ്ക്ക് ആധാരം. സൂസെരാജ് ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. എമില്‍ ജെറോം ജയിലില്‍ . ചിത്രത്തിനെതിരെ എമിലി ജെറോം കോടതിയെ സമീപിച്ചതോടെ സിനിമയുടെ വെള്ളിയാഴ്ചത്തെ റിലീസിങ് മുടങ്ങി. 10 കോടി മുടക്കി നിര്‍മിച്ച ചിത്രത്തിന്റെ പ്രിന്റ് തിയറ്ററുകളില്‍ എത്തിച്ചശേഷമാണ് റിലീസിന് വിലക്കുണ്ടായത്. സിനിമയ്ക്ക് നീരജ് ഗ്രോവര്‍ സംഭവവുമായി ബന്ധമില്ലെന്നാണ് നിര്‍മാതാവ് സുനില്‍ ബൊഹ്റയുടെ വാദം

പ്രഭുദേവ ഗുരുവായൂരില്‍; വിവാഹം ഉടന്‍? ‍‍



നടി നയന്‍താരയുമൊത്ത് ഗുരുവായൂരിലെത്തിയ നടനും സംവിധായകനുമായ പ്രഭുദേവ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടാകുമെന്ന്‌ അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ്‌ ഇവര്‍ ഗുരുവായൂരിലെത്തിയത്‌. എന്നാല്‍ ക്രിസ്‌തുമത വിശ്വാസിയായ നയന്‍താര ക്ഷേത്രത്തിനുള്ളില്‍ കടന്നില്ല. നയന്‍താരയെ കാറിലിരുത്തി പ്രഭുദേവ മാത്രമാണ്‌ ക്ഷേത്രത്തിനുള്ളില്‍ കടന്നത്‌. ക്ഷേത്രത്തില്‍ തൊഴുത പ്രഭുദേവ കാഴ്‌ചക്കുല സമര്‍പ്പിക്കുകയും ചെയ്‌താണ്‌ മടങ്ങിയത്‌. ഉടന്‍ തന്നെ ഇവരുടെ വിവാഹം ഉണ്ടാകുമെന്നാണ്‌ നടനുമായി അടുത്ത വൃത്തങ്ങളില്‍നിന്ന്‌ ലഭിക്കുന്ന സൂചന.

ഈ മാസം നാലാം തീയതിയാണ്‌ ആദ്യ ഭാര്യ റംലത്തുമായി പ്രഭുദേവയ്‌ക്ക് വിവാഹമോചനം ലഭിച്ചത്‌. കോടിക്കണക്കിന്‌ രൂപയുടെ സ്വത്തുകളും മറ്റും നഷ്‌ടപരിഹാരമെന്ന നിലയില്‍ നല്‍കിയതിനു ശേഷമാണ്‌ റംലത്തിനെ പ്രഭുദേവ ഒഴിവാക്കിയത്‌. വില്ല്‌ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ്‌ പ്രഭുദേവയും നയന്‍താരയും പ്രണയത്തിലായത്‌. പിന്നീട്‌ പൊതുവേദികളില്‍ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടതോടെ വാര്‍ത്തയ്‌ക്ക് സ്‌ഥിരീകരണമായിരുന്നു.

തൊട്ടുപിന്നാലെ പ്രഭുദേവ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്‌തു. എന്നാല്‍ ജീവന്‍ പോയാലും വിവാഹമോചനത്തിന്‌ വഴങ്ങില്ലെന്ന നിലപാടാണ്‌ റംലത്ത്‌ സ്വീകരിച്ചിരുന്നത്‌. ഒടുവില്‍ ഇടനിലക്കാര്‍ മുഖേന നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ അവര്‍ വിവാഹമോചനത്തിന്‌ വഴങ്ങുകയായിരുന്നു. രണ്ടു മക്കളാണ്‌ പ്രഭുദേവയ്‌ക്കുള്ളത്‌. വിവാഹത്തോടെ നയന്‍താര സിനിമ അഭിനയത്തില്‍നിന്ന്‌ വിടവാങ്ങുമെന്നാണ്‌ സൂചന. തെലുങ്കില്‍ സീതയുടെ വേഷമാണ്‌ നയന്‍സ്‌ അവസാനമായി ചെയ്‌തത്‌. ഷൂട്ടിങ്‌ അവസാനിച്ച ദിവസം സംവിധാകന്റെയും നിര്‍മാതാവിന്റെയും കാല്‍തൊട്ട്‌ വന്ദിച്ചാണ്‌ നയന്‍സ്‌ അഭിനയ ജീവിതത്തിന്‌ തിരശീലയിട്ടത്‌.

മനോജ്‌ ഗുരുവായൂര്‍

രമ്യാ നമ്പീശന്‍ ചാപ്പാ കുരിശില്‍ വീണ്ടും ഹോട്ട്‌!



ട്രാഫിക്കിലൂടെ കരിയറിലെ രണ്ടാം ഇന്നിങ്‌സിനു തുടക്കം കുറിച്ച രമ്യാ നമ്പീശന്‍ ചാപ്പാ കുരിശില്‍ വീണ്ടും 'ബോള്‍ഡാകുന്നു'. ചിത്രത്തില്‍ ബെഡ്‌ റൂം സീനിലും ചുംബന സീനിലും സ്‌ക്രീനിലെത്തിയാണ്‌ രമ്യ തന്റെ ബോള്‍ഡ്‌നെസ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. ചിത്രത്തില്‍ ഫഹദ്‌ ഫാസിലുമോത്തുള്ള സീനാണ്‌ കാണികളുടെ രക്‌തത്തില്‍ ചൂടുനിറയ്‌ക്കുന്നത്‌. ചാപ്പാ കുരിശിന്റെ ട്രെയിലറുകളില്‍ രമ്യയുടെ ഹോട്ട്‌ സീനുകള്‍ കാണിക്കുന്നുണ്ട്‌. ക്യാമറാമാന്‍ ആയ സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രമ്യയ്‌ക്കും ഫഹദിനും പുറമേ വിനീത്‌ ശ്രീനിവാസന്‍, റോമ എന്നിവരും പ്രധാന വേഷങ്ങളില്‍ വരുന്നുണ്ട്‌.

കഥയും കഥാപാത്രങ്ങളും ആവശ്യപ്പെടുന്ന ചില ഒഴിവാക്കാനാവാത്ത സ്വീക്ക്വന്‍സുകളില്‍ താനല്‌പം ചങ്കൂറ്റം കാട്ടിയെന്നു രമ്യ തന്നെ പറയുന്നു. എന്നുവെച്ച്‌ ഒരു കോടി രൂപ തന്നാലും ബിക്കിനിയിടാനോ സെന്‍സില്ലാത്ത ചുംബനരംഗത്തിലഭിനയിക്കാനോ തന്നെകിട്ടില്ലെന്ന്‌ രമ്യ ഉറപ്പിച്ച്‌ പറയുന്നു. എന്നാല്‍ ആരും കോടി വാഗ്‌ദാനം ചെയ്‌തു നോക്കിയിട്ടുണ്ടോ എന്നു വ്യക്‌തമല്ല.

New Update

പേജ്‌കാഴ്‌ചകള്‍

Hits ..... Jayachandran

Hot....

Hot....

Muktha

Muktha

Blogger templates

Followers

ചിത്ര വിശേഷം. Blogger പിന്തുണയോടെ.

NeoCounter

ONLINE COUNTER

VISITOR COUNTER

..

..

Featured Posts

ഞങ്ങള്‍ ഇപ്പോള്‍ സികളരിയിലും

ജാലകം

@@

INFUTION Blog

Blog Promotion By
INFUTION

Lorem ipsum

Malayalam Old Hits

Google വാര്‍ത്ത

Andholanam

Popular Posts

Labels