.

    Follow by Email

    കൂടുതല്‍ ഇവിടെ ...

160 x 600 Ad Section

ദൈവത്തെ വിളിച്ചിട്ടില്ല ഇനിയൊട്ടു വിളിക്കുകയുമില്ല..തിലകന്‍കൊച്ചിയിലെ ഹോട്ടല്‍മുറിയില്‍ കൈലിമുണ്ടുടുത്തു കട്ടിലില്‍ കമിഴ്‌ന്നു കിടക്കുകയായിരുന്നു തിലകന്‍. പരുക്കന്‍ മുഖവും കഷണ്ടി കയറിയ തലയും ചുരുണ്ട രോമങ്ങള്‍ കെട്ടുപിണഞ്ഞ ശരീരവും. എന്നാല്‍ ഇതിനൊട്ടും യോജിക്കാത്ത തരത്തില്‍ ശോഷിച്ചതായിരുന്നു ഇരു കാലുകളും. കാല്‍പത്തി ഇരുവശങ്ങളിലേക്കും മുകളിലേക്കും താഴേക്കും കറക്കിക്കൊണ്ടായിരുന്നു തിലകന്റെ കിടപ്പ്‌.

''കാലിനു ബാലന്‍സ്‌ കുറവാണ്‌. പല വിധത്തിലുള്ള മരുന്നുകളും പ്രയോഗിച്ചുനോക്കി. ശര്യാവുന്നില്ല. ഇപ്പോഴുമുണ്ട്‌ അലോപ്പതിയും ആയുര്‍വേദവുമായി മരുന്നുകളേറെ..'' കട്ടിലിന്റെ ഇരുവശങ്ങളിലും മരുന്നുകുപ്പികളും പായ്‌ക്കറ്റുകളും നിരത്തിവച്ചിട്ടുണ്ട്‌. ചുമരിനോടു ചാരി ഊന്നുവടിയും.

തിലകനെന്ന നടനെ നോക്കിയിരിക്കെ, ഓര്‍മകളില്‍ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ കടന്നുപോയി. വെള്ളിത്തിരയുടെ മിനുപ്പില്‍ പരുക്കന്‍ ഭാവങ്ങളോടെ തലയുയര്‍ത്തിനിന്നു മനസിലേക്കു കുടിയേറിയ ഒട്ടേറെ കഥാപാത്രങ്ങള്‍... 'അച്‌ഛനാടാ പറയുന്നെ കത്തി താഴെയിടാന്‍...' എന്ന കിരീടത്തിലെ ഡയലോഗ്‌ കാതിലപ്പോള്‍ മുഴങ്ങി.

മണിച്ചിത്രത്താഴു തുറന്നു പുറത്തു കടന്ന നാഗവല്ലിയെ കുടിയേറിയ ദേഹത്തുനിന്ന്‌ ഒഴിപ്പിക്കാനായി അഭിനയത്തിന്റെ മാന്ത്രികവിദ്യ പ്രകടമാക്കിയ ഈ അതുല്യ നടനെ ചിലരൊക്കെ ചേര്‍ന്നു മണിച്ചിത്രത്താഴിട്ടു പൂട്ടിയതു മലയാള സിനിമാ ചരിത്രത്തിലെ വേദനിക്കുന്ന അനുഭവമായി. ഉള്ളില്‍ പിടഞ്ഞ കഥാപാത്രങ്ങളെ പുറത്തിറക്കാനാവാതെ ഈ മനുഷ്യന്‍ നാടുമുഴുക്കെ അലഞ്ഞു. മെലിഞ്ഞു തുടങ്ങിയ കാലുകള്‍ ഇടറിയെന്നാലും പതറിയില്ല മനമൊരു മാത്ര പോലും.

''അമ്മയുടെ ഓഫീസിലെത്തി ഒരു സോറി പറഞ്ഞാല്‍ മാത്രം മതിയായിരുന്നു, എനിക്കു ഡാം 999 ല്‍ അഭിനയിക്കാന്‍. പക്ഷേ, കീഴടങ്ങാന്‍ എനിക്കു മനസില്ലായിരുന്നു. ഇപ്പോഴുമില്ല. ഒടുവില്‍ എനിക്കുള്ള വിലക്കു നീക്കാന്‍ ഫെഫ്‌ക്ക തയ്യാറായില്ലേ... അതാണു കലാകാരന്റെ വിജയം...'' ഇടറാത്ത മനസ്സോടെ തിലകന്‍ ഇന്നലെകളുടെ നിലവറയിലേക്കു കുത്തുവിളക്കുമായി പതിയെ ഇറങ്ങുകയാണ്‌. ഇരുളും വെളിച്ചവും കെട്ടുപിണയുന്ന നിലവറക്കാഴ്‌ചകളില്‍ പലതും രസിക്കാത്ത സത്യങ്ങളുമാണ്‌...

? ഹോളിവുഡില്‍പോലും ചര്‍ച്ചയായ 'ഡാം 999' ല്‍നിന്നു തിലകന്‍ചേട്ടനെ മാറ്റിയതു വിലക്കു കൊണ്ടു മാത്രമായിരുന്നോ.

ആ സിനിമയിലേക്ക്‌ എന്നെ ക്ഷണിച്ചുകൊണ്ടു സംവിധായകന്‍ സോഹന്‍റോയി നേരിട്ടു വന്നു കാണുകയായിരുന്നു. ഡാം പൊട്ടുമെന്നു പ്രവചിക്കുന്ന സുപ്രധാന കഥാപാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്‌. എന്നെ മനസില്‍ കണ്ടാണ്‌ ആ കഥാപാത്രത്തെ രൂപപ്പെടുത്തിയതും തിരക്കഥയെഴുതിയതുമെന്നാണു സോഹന്‍ പറഞ്ഞത്‌. ഞാന്‍ എന്തായാലും സിനിമയില്‍ അഭിനയിക്കണമെന്നും നിര്‍ബന്ധിച്ചു. അങ്ങനെയാണു കരാറില്‍ ഒപ്പിട്ടത്‌.

അപ്പോഴാണ്‌ എനിക്കു ഫെഫ്‌ക്കയുടെ വിലക്കു വന്നത്‌. ആലപ്പുഴയിലെ ഹോട്ടലില്‍ ഞാന്‍ അഞ്ചു ദിവസം താമസിച്ചു. ആദ്യദിവസം ആരും വന്നു ഷൂട്ടിംഗിനു വിളിച്ചില്ല. അഞ്ചാം ദിവസവും ഷൂട്ടിംഗിന്‌ എന്നെ വിളിക്കാതായപ്പോള്‍ സംവിധായകനെ നിര്‍ബന്ധമായും കാണണമെന്നു ഞാന്‍ പറഞ്ഞു. അങ്ങനെ മുറിയിലെത്തിയ സോഹന്‍ എന്റെ മുന്നില്‍ നിലത്തിരുന്നു മുട്ടില്‍ കൈവച്ച്‌, 'ഞാന്‍ കാറു വിളിക്കാം, നമുക്കു തിരുവനന്തപുരം വരെ ഒന്നു പോയി അമ്മയുടെ ഓഫീസിലെത്തി 'സോറി' എന്നൊരു വാക്കു പറയാം' എന്നു പറഞ്ഞു. പറഞ്ഞില്ലെങ്കിലോ എന്നായി ഞാന്‍.

ഇല്ലെങ്കില്‍ ചേട്ടനെ അഭിനയിപ്പിക്കരുതെന്നും അഭിനയിപ്പിച്ചാല്‍ മറ്റുള്ളവരൊന്നും സഹകരിക്കില്ലെന്നുമാണു ഫെഫ്‌ക്കയുടെ നിലപാടെന്നു സോഹന്‍ പറഞ്ഞു. 'ഞാന്‍ സോറി പറയില്ല, അപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുമെന്നാ'യി ഞാന്‍. 'എങ്കില്‍ വേറെ ആളെക്കൊണ്ട്‌ അഭിനയിപ്പിക്കേണ്ടിവരുമെന്ന്‌' സോഹന്‍ നിസ്സഹായതയോടെ പറഞ്ഞു. 'എങ്കില്‍ അങ്ങനെ തന്നെയായിക്കോ' എന്നു ഞാനും പറഞ്ഞു. അത്രതന്നെ.

? ആ സിനിമയുടെ ട്രെയിലര്‍ പ്രദര്‍ശനത്തിനു താങ്കളെയാണു മുഖ്യാഥിതിയായി ക്ഷണിച്ചത്‌. സിനിമ കണ്ടപ്പോള്‍ എന്തു തോന്നി.

കലാരംഗത്തു കലാകാരന്റെ കണ്ണീര്‍ വീഴരുത്‌. വീണാല്‍ അതു കലാരംഗത്തിന്റെ മൊത്തം നാശത്തിനു കാരണമാകും. വെറുതെ പറയുന്നതല്ല. അതാണ്‌ അനുഭവം. മനസു നൊന്തു പറഞ്ഞാല്‍ അതേല്‍ക്കും. സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ഞാന്‍ കണ്ടു. അവിടെ കൂടിയിരുന്നവരൊക്കെയും കണ്ടു. എന്നാല്‍ അവരില്‍നിന്നെല്ലാം വ്യത്യസ്‌തമായിരുന്നു എന്റെ മനസ്‌. അതില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്ന എനിക്കതിനു സാധിക്കാതെ പോയതു സംഘടനകളുടെ വിലക്കിനെ തുടര്‍ന്നു മാത്രമാണ്‌. കലാകാരന്‍മാരെ സ്വതന്ത്രമായി വിടണം. അല്ലാതെ വിലക്കിന്റെ കയറുകൊണ്ടു വരിഞ്ഞുമുറുക്കരുത്‌. ഓസ്‌ക്കാര്‍ നോമിനേഷന്‍ ലഭിക്കുന്ന ഒരു സിനിമയില്‍ അഭിനയിക്കാനുള്ള ഭാഗ്യമാണ്‌ എനിക്കു ലഭിക്കാതെ പോയത്‌. അതൊക്കെ പൊറുക്കാന്‍ പറ്റുന്നതാണോ..? വിലക്കിയവര്‍ക്കു തിരിച്ചു തരാന്‍ പറ്റുന്നതാണോ..? സംഘടനയ്‌ക്കു ഞാനെതിരല്ല. എന്നാല്‍ അതിന്‌ ഒരു എത്തിക്‌സ് വേണം. ഇപ്പോള്‍ മലയാള സിനിമയില്‍ ചില സ്വാര്‍ത്ഥ താല്‍പ്പര്യക്കാര്‍ക്കു വേണ്ടിയാണു സംഘടന രൂപീകരിച്ചിട്ടുള്ളത്‌.

? സിനിമാ മേഖലയില്‍ വന്ന മാറ്റം...

നിങ്ങളൊക്കെ പറയാറില്ലേ, മലയാള സിനിമയുടെ വസന്തകാലമാണ്‌ എണ്‍പതുകളെന്ന്‌. അക്കാലത്തും തിലകന്‍ മലയാള സിനിമയുടെ ഭാഗമായിരുന്നു. ഇന്നുമുണ്ട്‌. എന്നാല്‍ അന്നത്തേതില്‍നിന്നു സിനിമ ഏറെ മാറി. പ്രേക്ഷകര്‍ക്കു നല്‍കാന്‍ സിനിമയില്‍ അന്നൊരു സന്ദേശമുണ്ടായിരുന്നു. അതു നന്മയുടെ സന്ദേശമായിരുന്നു. എന്നാലിന്നോ, ക്രൂരതയുടെ സന്ദേശമാണു മലയാള സിനിമ മുന്നോട്ടുവയ്‌ക്കുന്നത്‌. നിയമത്തെ ലംഘിക്കാനാണു സിനിമ വിളംബരം ചെയ്യുന്നത്‌. ഇതാണോ സിനിമയുടെ വഴിയെന്ന്‌ ഓരോരുത്തരും സ്വയം ചോദിച്ചു വിലയിരുത്തണം.

? അഭിനയിക്കാത്ത രണ്ടു വര്‍ഷം... എങ്ങനെ ചെലവഴിച്ചു.

ഒരിടത്തും അഭിനയിക്കാന്‍ സമ്മതിക്കില്ലെന്ന വാശിയിലായിരുന്നു സംഘടനകള്‍. ഫെഫ്‌ക്കയാണു വിലക്കിയതെങ്കിലും താരസംഘടനയായ 'അമ്മ'യ്‌ക്കു വേണ്ടിയായിരുന്നു ആ വിലക്ക്‌. അഭിനയമാണ്‌ എന്റെ തൊഴില്‍. തൊഴിലില്ലാതായപ്പോള്‍ സാമ്പത്തിക പ്രായസവും ഏറി. സിനിമയില്ലെങ്കില്‍ സീരിയലില്‍ അഭിനയിച്ചെങ്കിലും ജീവിക്കാമെന്നു കരുതിയാണു കഥകേട്ട്‌, അഡ്വാന്‍സ്‌ വാങ്ങിയത്‌. എന്നാല്‍ അതിനും അവര്‍ സമ്മതിച്ചില്ല. ഇന്നത്തെ മന്ത്രി കെ. ബി. ഗണേഷ്‌കുമാറായിരുന്നു സീരിയല്‍ നടന്‍മാരുടെ സംഘടനയായ 'ആത്മ'യുടെ അന്നത്തെ പ്രസിഡന്റ്‌. സീരിയലിലേക്കുള്ള എന്റെ വേഷത്തിന്‌ ആവശ്യമായ ഡ്രസ്സ്‌ തയ്‌പ്പിക്കാന്‍ രാത്രി 12 മണി കഴിഞ്ഞാണു സീരിയലിന്റെ ആളുകള്‍ വീട്ടിലെത്തി എന്റെ അളവെടുത്തത്‌. എന്നാല്‍ പിറ്റേദിവസം അവര്‍ പറയുന്നത്‌, ചേട്ടനെ അഭിനയിപ്പിക്കാന്‍ സാധിക്കില്ലെന്നാണ്‌. ഞാന്‍ അഭിനയിച്ചാല്‍ മറ്റുള്ളവര്‍ അഭിനയിക്കില്ലത്രെ. സീരിയലുകാരും ഞാനും തമ്മില്‍ ഒരു പ്രശ്‌നവുമില്ലല്ലോ, പിന്നെന്തിനാണ്‌ ഇവിടെയും വിലക്കുന്നതെന്നു ചോദിച്ചപ്പോള്‍, ഫെഫ്‌ക്കയുടെ വിലക്കുണ്ടെങ്കില്‍ ഇവിടെയും വിലക്കാണെന്നാണു മറുപടി പറഞ്ഞത്‌. ഇങ്ങനെ ഒരുതരത്തിലും അഭിനയിക്കാന്‍ സമ്മതിക്കാതെ, മുന്നില്‍ നിന്നപ്പോഴാണു ഞാന്‍ ഇവരെ 'മാഫിയ' എന്നു വിശേഷിപ്പിച്ചത്‌.

? സിനിമയിലേക്കു വീണ്ടുമെത്തിയത്‌...

ഇതിനിടെ ഞാന്‍ പഴയ നാടകവേദിയിലേക്കുതന്നെ മടങ്ങി. ഒരു നാടകത്തില്‍ അഭിനയിച്ചു. ശക്‌തമായ വേഷമായിരുന്നു. മറ്റൊന്ന്‌ ഇപ്പോള്‍ ഒരുങ്ങിക്കഴിഞ്ഞു. ഇതിനിടെയാണു രഞ്‌ജിത്‌ എന്റെ മകനെ വിളിച്ച്‌ 'ഇന്ത്യന്‍ റുപ്പി'യില്‍ ഞാന്‍ അഭിനയിക്കുമോയെന്ന്‌ അന്വേഷിച്ചത്‌. നേരിട്ടു വിളിക്കാന്‍ പറയെന്നു ഞാനും പറഞ്ഞു. മുമ്പു ്‌ഞ്ജിത്തിന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ അസിസ്‌റ്റന്റുമായി പ്രശ്‌നമുണ്ടായിരുന്നു. അന്നു രഞ്‌ജിത്ത്‌ അസിസ്‌റ്റന്റിന്റെ ഭാഗത്താണു നിന്നത്‌. ആ പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നു കരുതിയിട്ടാണ്‌ എന്നെ നേരിട്ടു വിളിക്കാന്‍ മടിച്ചത്‌. പിന്നീട്‌ എന്നെ നേരിട്ടു വിളിച്ചുതന്നെ കാര്യം പറഞ്ഞു. മുമ്പത്തെ സംഭവമൊക്കെ അപ്പോള്‍ തന്നെ വിട്ടതാണെന്നു ഞാനും പറഞ്ഞു. ഈ വേഷം ഞാന്‍ തന്നെ ചെയ്യണമെന്നു രഞ്‌ജിത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. ഒരു ഫ്രോഡ്‌ ഓള്‍ഡ്‌ മാന്റെ വേഷമായിരുന്നെനിക്ക്‌.

? ഫെഫ്‌ക്കയുടെ വിലക്ക്‌ അപ്പോഴേക്കും അവസാനിച്ചത്‌ അനുകൂലമായി അല്ലേ.

രഞ്‌ജിത്തിന്‌ ആ കഥാപാത്രം അവതരിപ്പിക്കാന്‍ ഞാന്‍ തന്നെ വേണമായിരുന്നു. അക്കാര്യത്തില്‍ ഒരു കോമ്പ്രമൈസിനും രജ്‌ഞിത്ത്‌ തയ്യാറാവില്ലെന്നും അവര്‍ക്കറിയാം. വിലക്കുണ്ടെങ്കിലും രഞ്‌ജിത്ത്‌ എന്നെ അഭിനയിപ്പിക്കുമെന്നു തീര്‍ച്ചയാണ്‌. അതു മനസിലാക്കിയാണു ഫെഫ്‌ക്ക എനിക്കുള്ള വിലക്കു നീക്കി രംഗത്ത്‌ വന്നത്‌. അല്ലാതെ അവരുടെ മനസിന്റെ വലുപ്പമൊന്നുമല്ല.

? മന്ത്രി ഗണേഷ്‌കുമാറുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നോ.

ഒരിക്കലുമില്ല. ഗണേഷ്‌കുമാറിനെയൊന്നും അംഗീകരിക്കാനാവില്ല. ഒരു നല്ല ഭരണാധികാരിയല്ല താനെന്ന്‌ അയാള്‍ മന്ത്രിയായി മാസങ്ങള്‍ കൊണ്ടുതന്നെ തെളിയിച്ചുകഴിഞ്ഞു. പിന്നെ അമ്മയുടെ ഭാരവാഹിയായി നില്‍ക്കുമ്പോഴുള്ള അവസ്‌ഥ പറയേണ്ടതുണ്ടോ..? അമ്മയുടെ രൂപീകരണത്തിലടക്കം ഗണേഷ്‌കുമാറിനു നല്ല പങ്കുണ്ട്‌. ഗണേഷ്‌കുമാറിനു വ്യക്‌തമായ രാഷ്‌ട്രീയമുണ്ട്‌. ഈ രാഷ്‌ട്രീയം അമ്മയുടേതുമാക്കാനുള്ള ശ്രമമാണു ഗണേഷ്‌കുമാര്‍ തുടക്കത്തിലേ നടത്തിയത്‌. അതിലയാള്‍ വിജയിക്കുകയും ചെയ്‌തു. ഈ വസ്‌തുതയാണു തിരിച്ചറിയാതെ പോകുന്നതും.

? മനംമടുത്ത്‌ ഇനി അഭിനയിക്കാനില്ലെന്ന്‌ എപ്പോഴെങ്കിലും തോന്നിയിരുന്നോ.

ഒരിക്കലുമില്ല. അഭിനനയമാണ്‌ എനിക്കു ജീവിതം. മറ്റെങ്ങുനിന്നും ലഭിക്കാത്ത അനുഭൂതിയാണ്‌ എനിക്ക്‌ അഭിനയത്തില്‍ നിന്നു ലഭിക്കുന്നത്‌. 19-ാം വയസില്‍ നാടകവേദിയിലൂടെ അഭിനയരംഗത്തെത്തിയവനാണു ഞാന്‍. ഒരുപാട്‌ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. നാടകവേദിയില്‍നിന്നും സിനിമയില്‍നിന്നും ഒരുപാട്‌ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. അഭിനയം എനിക്കൊരു ധ്യാനമാണ്‌. ദൈവത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ട്‌ അഭിനയം ദൈവികമാണെന്നു ഞാന്‍ പറയില്ല. മറിച്ച്‌, ഒരു പ്രതിഭാസമാണ്‌. ധ്യാനമൂര്‍ഛയിലൂടെ നമുക്കു കിട്ടുന്ന ആനന്ദമില്ലേ, അതുതന്നെയാണ്‌ അഭിനയത്തിലൂടെ എനിക്കു ലഭിക്കുന്നതും. ചിലര്‍ക്കു കള്ളുകുടിക്കുമ്പോഴാകും ഈ ലഹരി ലഭിക്കുക. നമ്മെത്തന്നെ മറന്നു പോകുന്ന അവസ്‌ഥ. ആ എകാഗ്രതയാണ്‌ അഭിനയിക്കുമ്പോഴുണ്ടാകുന്നത്‌. ഷൂട്ടിംഗ്‌ സമയത്തു ഞാന്‍ ഈയൊരവസ്‌ഥയിലേക്കാണു മാറിപ്പോകുന്നത്‌. അപ്പോള്‍ എന്റെ മകന്‍ മുന്നില്‍വന്നു നിന്നാല്‍പോലും ഞാനറിയാറില്ല. അതുകൊണ്ടുതന്നെ അഭിനയം വിട്ടു മറ്റൊന്നും ആലോചിക്കാനും എനിക്കു സാധിച്ചിട്ടില്ല.

? അഭിനയിക്കാതിരുന്നാല്‍ സിദ്ധി നഷ്‌ടപ്പെടുമോ എന്ന ആശങ്കയാണെന്നു മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്‌.

ഏയ്‌, അങ്ങനെ നഷ്‌ടപ്പെടുന്നതല്ല ഈ സിദ്ധി. ഇതു കൂടപ്പിറപ്പാണ്‌. എത്രകാലം കഴിഞ്ഞാലും ഇതേ ഭാവത്തിലും അവസ്‌ഥയിലും ഞാന്‍ അഭിനയിക്കും. ലാല്‍ അങ്ങനെ പറയുന്നത്‌ ഓടിനടന്ന്‌ അഭിനയിക്കുന്നതിനുള്ള കാരണമായിട്ടായിരിക്കും. അതു പണത്തിനു വേണ്ടിയാണ്‌. കലാകാരന്‍ പണം കൂടുതല്‍ ആഗ്രഹിക്കരുത്‌. രണ്ടു വര്‍ഷമാണ്‌ എനിക്കു വിലക്കു മൂലം പുറത്തു നില്‍ക്കേണ്ടിവന്നത്‌. എന്നിട്ട്‌ എനിക്ക്‌ അഭിനയിക്കാനുള്ള കഴിവ്‌ നഷ്‌ടമായോ..? 'ഇന്ത്യന്‍ റുപ്പി'യില്‍ എനിക്കു തിളങ്ങാന്‍ സാധിച്ചതും ഈയൊരു വസ്‌തുത കൊണ്ടുതന്നെയാണ്‌. വിലക്കു വന്നാലും ശരി, ഞാനിനിയും പറയും. സംഘടനകള്‍ ഉണ്ടാക്കുന്ന പ്രതിസന്ധി എന്റെ അഭിനയത്തെ ബാധിക്കുന്ന ഘടകമല്ല.

? ഇത്രയേറെ പ്രതിസന്ധിയുണ്ടായിട്ടും ഒരിക്കല്‍പോലും ഈശ്വരനെ വിളിച്ചിട്ടില്ലേ.

ഞാനൊരു ദൈവവിശ്വാസിയല്ല. ഇന്നും ഒരു കറകളഞ്ഞ കമ്യൂണിസ്‌റ്റാണു ഞാന്‍. ഗണേഷ്‌കുമാര്‍ പറഞ്ഞാലൊന്നും ഞാന്‍ കമ്മ്യൂണിസ്‌റ്റല്ലാതാകില്ല. ഗണേഷന്‍ മുട്ടില്‍ ഇഴയുന്ന പ്രായത്തില്‍ കമ്മ്യൂണിസ്‌റ്റായവനാണു ഞാന്‍. പിന്നെ പിച്ചവച്ചു നടക്കാന്‍ പഠിച്ചു കുറേകഴിഞ്ഞാണു ഗണേഷന്‍ രാഷ്‌ട്രീയക്കാരനും മന്ത്രിയുമൊക്കെയായത്‌. ദൈവം എന്ന ഒന്നുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. നിങ്ങള്‍ പറയുന്ന ഈ ദൈവമുണ്ടല്ലോ, അതു നമ്മുടെ മനസാണ്‌. മനസാണു നമ്മെ പലതും മുന്‍കൂട്ടി അറിയിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമൊക്കെ. അത്‌ ഈ പ്രപഞ്ചത്തിന്റെ മനസാണ്‌. അതീന്ദ്രിയജ്‌ഞാനത്തിനു കാരണവും പരമാത്മാവും ഇതുതന്നെ. ഞാനൊരിക്കലും ദൈവത്തെ വിളിച്ചിട്ടില്ല. ഇനി വിളിക്കുകയമില്ല. ദൈവത്തിനു മുന്നില്‍ കള്ളത്തരമാകാം. എന്നാല്‍ മന:സാക്ഷിക്കുമുന്നില്‍ കഴിയില്ല. എന്നാലിപ്പോള്‍ പലരും 'ദൈവങ്ങളേ... ഈശ്വരന്‍മാരേ' എന്നൊക്കെയാണു വിളിക്കുന്നത്‌. എന്റെയൊക്കെ കുട്ടിക്കാലത്തു ദൈവമേ.. എന്നു മാത്രമേ വിളിച്ചുകേട്ടിരുന്നുള്ളൂ. വന്നുവന്നു സൂപ്പര്‍സ്‌റ്റാറുകളെപ്പോലും ദൈവമായി കണ്ടുതുടങ്ങി. പാലഭിഷേകവും പൂവിതറലുമൊക്കെയായില്ലേ...!

? സൂപ്പര്‍സ്‌റ്റാറുകളോട്‌ എന്തിനാണിത്ര പക.

അതു പകയല്ല. സിനിമ നശിപ്പിക്കപ്പെടുന്നതു കാണുമ്പോഴുള്ള വേവലാതിയാണ്‌. സൂപ്പര്‍സ്‌റ്റാര്‍ എന്ന ഒരു പദവിയില്ല. ഒരു സിനിമ വിജയിച്ചാല്‍ സൂപ്പര്‍സ്‌റ്റാറാകുമെങ്കില്‍ അടുത്ത സിനിമകള്‍ പരാജയപ്പെട്ടാല്‍ സൂപ്പര്‍സ്‌റ്റാര്‍ അല്ലാതെയും ആകേണ്ടതല്ലേ...? അതു സംഭവിക്കുന്നില്ലല്ലോ..? സ്‌റ്റാര്‍ഡം എന്ന വാക്കൊക്കെ കച്ചവട സിനിമയുടേതാണ്‌. കോടികളാണ്‌ അവരുടെ പ്രതിഫലം. മലയാള സിനിമയ്‌ക്കു താങ്ങാനാവുന്നതല്ല ഇത്‌.

? സൂപ്പര്‍താരങ്ങള്‍ വേണ്ടന്ന നിലപാടു തന്നെയാണോ.

സൂപ്പര്‍താരമായി ആരും അഭിനയിക്കേണ്ട ആവശ്യമേയില്ല. എല്ലാവരും നടന്‍മാരാണ്‌. കച്ചവടക്കാരന്റെ തെറ്റിധാരണ മാത്രമാണു സൂപ്പര്‍താര പ്രേമം. സൂപ്പര്‍താരങ്ങള്‍ക്കു പുതുമ നല്‍കാന്‍ സാധിക്കുന്നില്ല. ഈ നായകസങ്കല്‍പ്പംതന്നെയാണു മലയാള സിനിമയിലെ പ്രധാന പ്രതിസന്ധിയും. സൂപ്പര്‍താരങ്ങളെ സ്‌ക്രീനില്‍ കാണുമ്പോള്‍ ശ്രദ്ധിച്ചാലറിയാം. 'ഉപഗ്രഹ'ങ്ങളില്‍ മിക്കതും കൂടെ കാണും. ജനങ്ങള്‍ക്കു മടുത്തുതുടങ്ങി. അതുകൊണ്ടുതന്നെയാണു സൂപ്പര്‍താര ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതും. പുതു പരീക്ഷണങ്ങള്‍ പ്രേക്ഷകന്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നില്ലേ... ട്രാഫിക്കും സോള്‍ട്ട്‌ ആന്റ്‌ പെപ്പറുമൊക്കെ ഇങ്ങനെയല്ലേ വിജയം നേടിയത്‌. സിനിമയുടെ നിലവാരത്തകര്‍ച്ചയ്‌ക്കു മാത്രമേ സൂപ്പര്‍താര ഇമേജ്‌ ഉപകരിക്കുകയുള്ളൂവെന്നാണ്‌ എന്റെ വിശ്വാസം.

? ഇന്ത്യന്‍ റുപ്പിയുടെ നിര്‍മാതാവുകൂടിയായ പൃഥ്വിരാജും സൂപ്പര്‍സ്‌റ്റാറെന്നാണു സ്വയം വിശേഷിപ്പിക്കുന്നത്‌.

അവനും(പൃഥിരാജിന്‌)മാറ്റങ്ങള്‍ വന്നിട്ടുണ്ട്‌. സൂപ്പര്‍സ്‌റ്റാര്‍ ആണെന്നൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ടാകാം. അവന്‍ കൂളിംഗ്‌ഗ്ലാസൊക്കെ വച്ചു തുടങ്ങിയിട്ടുണ്ട്‌. അതിനര്‍ത്ഥം ഇതുതന്നെയാണ്‌. നമ്മള്‍ ഇങ്ങനെ നിരീക്ഷണത്തിലൂടെയാണ്‌ ആളുകളെ വിലയിരുത്തുന്നത്‌. സുകുമാരന്റെയല്ലേ മോന്‍. അവന്റെ അമ്മയാണ്‌ അവനെ വഷളാക്കുന്നത്‌. എനിക്കും ലാലിനുമൊക്കെ ഒരു ഗുണമുണ്ടായിരുന്നു; നിരീക്ഷണം. സമൂഹത്തിലുള്ള ഓരോ തരക്കാരെയും നിരീക്ഷിക്കും. കഥാപാത്രങ്ങളെ ഏറ്റെടുക്കുമ്പോള്‍ ഈ ശീലം ഏറെ ഗുണം ചെയ്യും. 'മൂന്നാംപക്ക'ത്തില്‍ ഞാന്‍ അഭിനയിക്കുമ്പോള്‍ മുന്നില്‍ കണ്ടത്‌ എന്റെ മുത്തച്‌ഛനെയായിരുന്നു. 'സ്‌ഫടിക'ത്തിലെ ചാക്കോമാഷ്‌ എന്റെ അച്‌ഛന്‍ തന്നെയായിരുന്നു. ഇന്നു ലാലിനും എനിക്കുമൊന്നും അതു നടക്കില്ല. കാരണം, പുറത്തേക്കിറങ്ങുമ്പോഴേക്കും ആളുകൂടും. പൃഥ്വി ആദ്യം ചെയ്യേണ്ടത്‌ ഇത്തരത്തില്‍ നിരീക്ഷണ പാടവം ഉണ്ടാക്കിയെടുക്കലാണ്‌. അവനൊക്കെ സിനിമയിലേക്കു വന്നിട്ടേയുള്ളൂ. കുറേ കാര്യങ്ങള്‍ ഇനിയും പഠിക്കാനുണ്ട്‌. അതിനുമുന്നെ സൂപ്പര്‍സ്‌റ്റാര്‍ കളിച്ചു നടന്നാല്‍ അവനുതന്നെയാണു ദോഷം. ജിനേഷ്‌ പൂനത്ത്‌

New Update

പേജ്‌കാഴ്‌ചകള്‍

Hits ..... Jayachandran

Hot....

Hot....

Muktha

Muktha

Blogger templates

Followers

ചിത്ര വിശേഷം. Blogger പിന്തുണയോടെ.

NeoCounter

ONLINE COUNTER

VISITOR COUNTER

..

..

Featured Posts

ഞങ്ങള്‍ ഇപ്പോള്‍ സികളരിയിലും

ജാലകം

@@

INFUTION Blog

Blog Promotion By
INFUTION

Lorem ipsum

Malayalam Old Hits

Google വാര്‍ത്ത

Andholanam

Popular Posts