.

    Follow by Email

    കൂടുതല്‍ ഇവിടെ ...

160 x 600 Ad Section

ഞാന്‍ കണ്ണൂരുകാരി, രക്‌തത്തിളപ്പു കൂടുതലുണ്ട്,സനൂഷകണ്ണൂര്‍ താണെയില്‍നിന്ന്‌ ഇടത്തോട്ടു നീളുന്ന മെലിഞ്ഞ റോഡിലൂടെ നടന്നാല്‍ 'സ്വപ്‌ന'ത്തിലെത്താം. അതു നടി സനൂഷയുടെ സ്വപ്‌നങ്ങള്‍ക്കു ചിറകേകുന്ന ഇടമാണ്‌. സനൂഷയുടെ സ്വന്തം വീട്‌.

ബാല്യത്തിന്റെ നിഷ്‌കളങ്കതയോടെ മലയാളപ്രേക്ഷകര്‍ക്കിടയിലേക്കു കടന്നുവന്ന കൊച്ചുമിടുക്കിയില്‍ നിന്നു സനൂഷ ഇപ്പോള്‍ ഏറെ വളര്‍ന്നു. യൂണിഫോമണിയുന്ന പ്ലസ്‌ടുക്കാരി ഇന്നു സിനിമയില്‍ സാരിയണിയുന്ന നായിക കൂടിയാണ്‌.

ഒട്ടേറെ തമിഴ്‌സിനിമകളില്‍ നായികയായി കസറിയശേഷമാണു 'മിസ്‌റ്റര്‍ മരുമകനി'ലൂടെ മലയാളത്തിലേക്കുള്ള സനൂഷയുടെ വരവ്‌. 'അഭ്രപാളിയില്‍ അമ്പതു കല്ല്യാണം കഴിഞ്ഞ' ദിലീപാണു മലയാളത്തിലെ ആദ്യനായകന്‍. അമ്മയായി വേഷമിടുന്ന ഖുശ്‌ബുവിനു ചിത്രീകരണത്തിനിടെ വീണു പരുക്കേറ്റതിനാല്‍ ഷൂട്ടിംഗ്‌ നിര്‍ത്തിവച്ചിരിക്കുകയാണിപ്പോള്‍. ഈ ഇടവേള പ്ലസ്‌ടു പരീക്ഷയ്‌ക്കു തയ്യാറെടുക്കാന്‍ ഉപയോഗിക്കുകയാണു സനൂഷ.

കാവ്യയെപ്പോലെ സനൂഷയും നീലേശ്വരത്തു ജനിച്ചു നമ്മുടെ കണ്‍മുന്നില്‍ വളര്‍ന്ന കുട്ടിയാണ്‌. കാഴ്‌ച, മാമ്പഴക്കാലം തുടങ്ങി ഒരുപാടു സിനിമകളില്‍ ബാലതാരമായിരുന്ന സനൂഷ അല്‍പ്പനേരത്തേക്കു പാഠപുസ്‌തകം അടച്ചുവച്ചു കൗതുകംനിറഞ്ഞ സിനിമാ ജീവിതം തുറക്കുന്നു.? മലയാളത്തില്‍ നായികയാകാന്‍ ഇത്തിരി വൈകിപ്പോയോ.

ഞാനിപ്പോള്‍ പ്ലസ്‌ ടുവിലല്ലേ പഠിക്കുന്നത്‌. ഇത്ര ചെറിയ പ്രായത്തിലേ നായികയായില്ലേ... അതുകൊണ്ടു വൈകിയെന്നൊന്നും എനിക്കു തോന്നുന്നില്ല. പിന്നെ തമിഴില്‍ ഒരുപാടു സിനിമയുണ്ടായിരുന്നു. അതൊക്കെ ചെയ്‌തുതീര്‍ക്കേണ്ടതിനാല്‍ മലയാളത്തില്‍ വന്നഅവസരങ്ങളൊന്നും മുമ്പു സ്വീകരിക്കാന്‍ പറ്റിയില്ല. പ്ലസ്‌ ടുവായതുകൊണ്ടു പഠിക്കാനും ഏറെയുണ്ടായിരുന്നു. സിനിമ എല്ലാക്കാലത്തും ഉണ്ടാവില്ലല്ലോ. നമ്മുടെ നാട്ടില്‍ നായികമാര്‍ക്കു പെട്ടെന്നു പ്രായമാകും. അതുകൊണ്ടു പഠനം വിട്ടൊരു കളിയുമില്ല.

? ഛോട്ടാ മുംബൈയ്‌ക്കു ശേഷമാണു മലയാളത്തില്‍ കാണാതായത്‌. ബോധപൂര്‍വ്വമായ പിന്മാറ്റമായിരുന്നോ.

ബോധപൂര്‍വം തന്നെയായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണു ഞാന്‍ ഛോട്ടാ മുംബൈയില്‍ അഭിനയിച്ചത്‌. എട്ടു കഴിഞ്ഞിട്ടും ബാലതാരം തന്നെയായി നില്‍ക്കുന്നതു ശരിയല്ലല്ലോ. എല്‍.കെ.ജി യില്‍ തുടങ്ങിയതാണ്‌ അഭിനയം. നായികയാവാറായി എന്നു തോന്നിത്തുടങ്ങിയപ്പോള്‍ 'ഇനി ബാലതാരമായി ഇല്ലെന്ന്‌' എല്ലാവരും കേള്‍ക്കെ പറഞ്ഞാണു പഠനത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചത്‌.

എങ്കിലും മറ്റൊരു കാരണം കൂടിയുണ്ട്‌ കേട്ടോ... വീട്ടില്‍നിന്നു മാറിനിന്നിട്ടു വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുവരുമ്പോള്‍ നമ്മളോട്‌ എല്ലാവര്‍ക്കും ഭയങ്കര സ്‌നേഹമായിരിക്കും. തൊട്ടുതലോടി നീയങ്ങു മെലിഞ്ഞു പോയല്ലോ എന്നൊക്കെ പറഞ്ഞ്‌ ഓമനിക്കും. ആ സ്‌നേഹമൊന്ന്‌ അറിയാമെന്നു കരുതിക്കൂടിയാണു ഞാന്‍ മാറിനിന്നത്‌.

? എപ്പോഴുമുള്ള ഈ ചിരിയുടെ രഹസ്യം.


ചെറുപ്പംമുതലേ എന്റെ മുഖത്തു ചിരിയുണ്ട്‌. എന്നെ അങ്ങനെ കാണാനാണ്‌ എല്ലാവര്‍ക്കും ഇഷ്‌ടം. ഞാന്‍ സീരിയലിലുണ്ടായിരുന്ന സമയത്തു കരയുന്ന കഥാപാത്രത്തെയെങ്ങാനും അവതരിപ്പിച്ചാല്‍ പലരും വിളിച്ചുപറയുമായിരുന്നു: 'സനൂഷേ... മോളു കരയരുത്‌. ചിരിക്കുന്ന കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ചാല്‍ മതി' എന്ന്‌. എന്റെ പ്ലസ്‌പോയിന്റ്‌ ഈ ചിരിയാണ്‌. ബാലനടിയായിരുന്നപ്പോള്‍ ഉണ്ടായിരുന്ന ചിരി ഇപ്പോള്‍ നായികയാകുമ്പോഴും ഞാന്‍ കൈവിട്ടിട്ടില്ല. പക്ഷേ ദേഷ്യം വന്നാല്‍ എനിക്കു പ്രശ്‌നമാണ്‌. നിയന്ത്രിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടും.? ആദ്യമായി മലയാളനായിക ആകുമ്പോള്‍ പരിഭ്രമമുണ്ടോ.

എന്തിനു പരിഭ്രമം...ഞാനിവിടത്തെതന്നെയുള്ള കുട്ടിയല്ലേ. ജനിച്ചുവളര്‍ന്നതുതന്നെ മലയാള സിനിമയിലാണെന്നു പറയാം. ദാദാസാഹിബും വാര്‍ ആന്‍ഡ്‌ ലൗ വുമൊക്കെ എന്റെ എല്‍.കെ.ജി കാലത്തെ പടങ്ങളാണ്‌. കണ്ണൂര്‍ ജില്ലാ കലോത്സവത്തില്‍ അവതരിപ്പിച്ച നൃത്തത്തിന്റെ ഫോട്ടോ പത്രത്തില്‍ കണ്ടിട്ടാണു വിനയന്‍ സാര്‍ എന്നെ സിനിമയിലേക്കു വിളിച്ചത്‌. അന്നുമുതല്‍ എനിക്ക്‌ എല്ലാവരുടേയും സ്‌നേഹം കിട്ടി. ഇന്നും അതു തുടരുന്നുണ്ട്‌. സെറ്റിലുള്ള എല്ലാവരും പരിചയക്കാരാണ്‌. അതുകൊണ്ട്‌ അന്യതാബോധം ഒട്ടും തോന്നിയില്ല. തമിഴ്‌സിനിമകളിലൊക്കെ ഞാന്‍ നായികയായി അഭിനയിച്ചിട്ടുമുണ്ടല്ലോ.

? ഷീല... ദിലീപ്‌...ഖുശ്‌ബു...

നായികയുടെ അംഗചലനങ്ങളെക്കുറിച്ചും കണ്ണുകള്‍ ചലിപ്പിക്കേണ്ടതിനെക്കുറിച്ചുമൊക്കെ ഷിലാമ്മ പറഞ്ഞുതന്നു. നല്ല കമ്പനിയാണവര്‍. എന്നെ നന്നായി കെയര്‍ ചെയ്യുന്നുണ്ട്‌. എല്ലാ കാര്യങ്ങളും പറഞ്ഞുതരും. വലിയ നടിയല്ലേ... എത്രകാലമായി ഫീല്‍ഡിലുള്ളതാണ്‌! ഇന്നും അവരുടെ സൗന്ദര്യത്തിന്‌ ഒരു കോട്ടവും തട്ടിയിട്ടില്ല. ഖുശ്‌ബു ആന്റിയും കാര്യങ്ങളൊക്കെ നന്നായി പറഞ്ഞുതരും.

ദിലീപേട്ടനും കാവ്യേച്ചിയും നായകനും നായികയുമായി അഭിനയിച്ച മീശമാധവനില്‍ ഞാനുമുണ്ടായിരുന്നു. കാവ്യേച്ചിയുടെ അനുജത്തിയായിരുന്നു ഞാനതില്‍. കാവ്യേച്ചി ആദ്യം നായികയായ 'ചന്ദ്രനുദിക്കുന്ന ദിക്കി'ല്‍ ഞാനാണു ചേച്ചിയുടെ കുട്ടിക്കാലം അവതരിപ്പിച്ചത്‌. ആ സിനിമയിലും ദിലീപേട്ടനായിരുന്നല്ലോ നായകന്‍. മിസ്‌റ്റര്‍ മരുമകന്റെ സെറ്റില്‍വച്ചു ദിലീപേട്ടന്‍ പറയുവാ...'എന്റെ നായികയായിട്ടേ സമാധാനമുള്ളൂ എന്നു പറഞ്ഞ്‌ ഈ കൊച്ച്‌ എന്നെ വിടാതെ കാത്തിരിക്കുകയായിരുന്നു' എന്ന്‌.

? ദിലീപിന്റെ നായികയായിത്തന്നെ തുടങ്ങണമെന്ന്‌ ആഗ്രഹിച്ചിരുന്നോ.

അങ്ങനെയൊന്നുമില്ല. നേരത്തേ വന്ന സിനിമകളൊന്നും ശരിയാവാതിരുന്നതുകൊണ്ടാണു മലയാളത്തില്‍ ഞാന്‍ നായികയാവുന്ന ആദ്യചിത്രമായി മിസ്‌റ്റര്‍ മരുമകന്‍ മാറിയത്‌. ദിലീപേട്ടനൊപ്പം ആദ്യം നായികയാകുന്നതു ഭാഗ്യമാണെന്നു കരുതുന്നവരുണ്ട്‌. അങ്ങനെ വന്നാല്‍ രക്ഷപ്പെട്ടുവെന്നാണു ചിലര്‍ പറയുക. മഞ്‌ജുച്ചേച്ചി, കാവ്യച്ചേച്ചി, മീരാനന്ദന്‍, മീരാജാസ്‌മിന്‍... എത്ര പേരെ വേണമെങ്കിലും ഉദാഹരണമായി പറയാം. അക്കൂട്ടത്തില്‍ സനൂഷ എന്ന പേരുകൂടെ വരുന്നതില്‍ എനിക്കു വിരോധമില്ലെന്നേ... (ചിരിക്കുന്നു)

? ദിലീപിന്റെ സ്‌ഥിരം നായികയാണു കാവ്യ. സനൂഷ ആ സ്‌ഥാനത്തേക്കു വന്നപ്പോള്‍ കാവ്യയ്‌ക്കു കുശുമ്പു തോന്നിക്കാണുമോ.

പാവമാണു കാവ്യേച്ചി. എന്റെ അച്‌ഛന്റെ വീട്‌ നീലേശ്വരത്താണ്‌. ഞാന്‍ വളര്‍ന്നതൊക്കെ നീലേശ്വരത്താണ്‌. അക്കാലം മുതലേ കാവ്യേച്ചിയെ അറിയാം. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ നൃത്തമത്സരത്തില്‍ എനിക്കു സമ്മാനം കിട്ടിയിരുന്നു. സ്‌കൂളില്‍ നടന്ന ആ പരിപാടിയില്‍ സമ്മാനം തന്നതു കാവ്യേച്ചിയാണ്‌. അന്നു കാവ്യേച്ചി രണ്ടുമൂന്നു സിനിമകളിലൊക്കെ അഭിനയിച്ചു നില്‍ക്കുന്ന സമയമാണ്‌.

ഞാന്‍ നായികയാകാന്‍ പോവുകയാണെന്നു കാവ്യേച്ചിയോടു പറഞ്ഞിരുന്നു. നല്ല കാര്യമാണെന്നും നിലനില്‍ക്കാന്‍ നന്നായി ശ്രദ്ധിക്കണമെന്നുമൊക്കെ പറഞ്ഞു. ഫോണില്‍ പലപ്പോഴും സംസാരിക്കാറുണ്ട്‌. എന്റെ നല്ല ഫ്രണ്ടാണു കാവ്യേച്ചി. ചേച്ചി മൂകാംബികയില്‍ വരുമ്പോള്‍ പലപ്പോഴും ഞാനും പോകാറുണ്ട്‌.

? ഏതെങ്കിലും സിനിമ കണ്ടിട്ട്‌ അതിലെ നായികയെപ്പോലെ അഭിനയിക്കണമെന്നു തോന്നിയിട്ടുണ്ടോ.

മണിച്ചിത്രത്താഴില്‍ ശോഭനയാന്റി അവതരിപ്പിച്ച നാഗവല്ലിയും നന്ദനത്തില്‍ നവ്യച്ചേച്ചി അവതരിപ്പിച്ച ബാലാമണിയും എനിക്ക്‌ ഏറെ ഇഷ്‌ടപ്പെട്ട കഥാപാത്രങ്ങളാണ്‌. നൃത്തത്തോടു വളരെ ഇഷ്‌ടമാണെനിക്ക്‌. ചെറുപ്പം മുതലേ നൃത്തം പഠിക്കാന്‍ പോയിത്തുടങ്ങി. എല്ലാത്തരം നൃത്തവും ചെയ്യും. ക്ലാസിക്കലും സിനിമാറ്റിക്കും എല്ലാം. നൃത്തത്തോടുള്ള ഈ താല്‍പ്പര്യമാണ്‌ നാഗവല്ലിയോടുള്ള അടുപ്പത്തിനും കാരണം. കൃഷ്‌ണനോടുള്ള ഇഷ്‌ടം ബാലാമണിയെ സ്‌നേഹിക്കാന്‍ കാരണമായി.

ഒരു പ്രത്യേക ഇഷ്‌ടമാണു കൃഷ്‌ണനോടെനിക്ക്‌.

? എന്നിട്ടാണോ കൃഷ്‌ണന്റെ അമ്പലത്തിനടുത്തുള്ള വീടുവിട്ടു താണെയിലേക്കു മാറിയത്‌.

പുതിയ വീടുവയ്‌ക്കാന്‍ സ്‌ഥലം നോക്കിയപ്പോള്‍ ഇവിടെയാണ്‌ ഒത്തുവന്നത്‌. എന്നാലും പള്ളിക്കുന്നില്‍ ആദ്യം താമസിച്ചിരുന്ന വാടകവീട്‌ ഞങ്ങള്‍ ഒഴിഞ്ഞിട്ടൊന്നുമില്ല. അവിടെയടുത്താണു സ്‌കൂള്‍. ഇവിടെനിന്നു സ്‌കൂളില്‍ പോകാന്‍ വലിയ ബുദ്ധിമുട്ടാണ്‌. ഒരു റെയില്‍വേഗേറ്റുണ്ട്‌. വണ്ടിപോകാനുള്ളതുകൊണ്ടു മിക്കപ്പോഴും അത്‌ അടഞ്ഞുകിടക്കും. പിന്നെ സ്‌കൂളിലെത്തുമ്പോഴേക്കും വൈകും. അതുകൊണ്ടു പലപ്പോഴും പള്ളിക്കുന്നിലാണ്‌ ഉണ്ടാവാറുള്ളത്‌. അവിടെയടുത്തുള്ള കൃഷ്‌ണന്റമ്പലത്തില്‍ മിക്കദിവസവും പോകാറുമുണ്ട്‌. ഏറെ ആഗ്രഹിച്ചു സ്വന്തമാക്കിയ ഈ വീടും എനിക്ക്‌ ഒരുപാട്‌ ഇഷ്‌ടമാണ്‌.

? സ്വപ്‌നത്തിലുണ്ടായിരുന്ന വീടായതുകൊണ്ടാണോ വീട്ടുപേരും 'സ്വപ്‌ന'മെന്നായത്‌.

സത്യത്തില്‍ ഇതെന്റെ സ്വപ്‌നവീടു തന്നെയാണ്‌. ഞാന്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ള സ്വപ്‌നം ഒരുപക്ഷേ വീടിനെക്കുറിച്ചായിരിക്കും. പല നിറത്തിലും തരത്തിലുമുള്ള വീടുകള്‍ സ്വപ്‌നങ്ങളില്‍ നിറഞ്ഞിരുന്നു. പല വീടുകളില്‍ ഞാന്‍ താമസിച്ചിട്ടുണ്ട്‌. അതെല്ലാം വാടകവീടായിരുന്നു. ഇതാണു സ്വന്തമായുള്ള ഞങ്ങളുടെ ആദ്യവീട്‌. സിനിമയില്‍നിന്നുള്ള എന്റെ സമ്പാദ്യംകൊണ്ടു നിര്‍മ്മിച്ചതാണ്‌. എന്റെ ആദ്യസീരിയലിന്റെ പേരും സ്വപ്‌നം എന്നായിരുന്നു. ആദ്യമായി എന്നെ കാമറയ്‌ക്കു മുന്നില്‍ കൊണ്ടുവന്നത്‌ ആ സീരിയലായിരുന്നല്ലോ. ഇതെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ വീടിന്റെ പേര്‌ 'സ്വപ്‌നം' എന്നുതന്നെയാക്കി.

? ഇപ്പോള്‍ കാറും സ്വന്തമാക്കി അല്ലേ...

നേരത്തേ ഒരു കാറുണ്ടായിരുന്നു. അതു വിറ്റ്‌ ഇപ്പോള്‍ പുതിയൊരെണ്ണം വാങ്ങിച്ചതാണ്‌. പ്ലസ്‌ടുവിനു പഠിക്കുമ്പോള്‍ത്തന്നെ ഒരു വീടുവയ്‌ക്കാനും കാര്‍ വാങ്ങാനും സാധിച്ചതില്‍ എനിക്കഭിമാനമുണ്ട്‌. പോക്കറ്റ്‌ മണിപോലും എനിക്കു ചോദിക്കേണ്ടി വരാറില്ല. പ്ലസ്‌ടു പഠിക്കുന്ന ഒരു കുട്ടിക്ക്‌ ഇതു സാധിക്കുന്നതു ഭാഗ്യമല്ലേ... കാറിനൊപ്പം എനിക്കൊരു സ്‌കൂട്ടറുമുണ്ട്‌. ചിലപ്പോഴൊക്കെ അതില്‍ കയറി പുറത്തോട്ടു പോകും. അധികം ദൂരേക്കൊന്നും പോകാറില്ല. കാരണം എനിക്കു ലൈസന്‍സില്ല. പോലീസ്‌ പിടിച്ചാല്‍ പണിയാവില്ലേ...

? സ്‌കൂളില്‍ താരപദവി കിട്ടുന്നുണ്ടോ.

ഏയ്‌... ഞാന്‍ എല്‍.കെ.ജി മുതല്‍ പഠിച്ചുവളര്‍ന്ന സ്‌കൂളാണ്‌. എല്ലാവരും എന്നെ അന്നുമുതല്‍ കാണാന്‍ തുടങ്ങിയതാണ്‌. അന്നത്തെ മിസ്‌മാരൊക്കെത്തന്നെയാണ്‌ ഇന്നും അവിടെയുള്ളത്‌. എല്‍.കെ.ജി മുതല്‍ ഒപ്പം പഠിക്കുന്നവരാണു ക്ലാസിലുള്ളപലരും. അവര്‍ക്കൊക്കെ ഞാന്‍ സനൂഷ മാത്രമാണ്‌. അവരുടെ സഹപാഠിയായ സനൂഷ. പക്ഷേ ടൗണിലോട്ടൊക്കെ ഇറങ്ങിയാല്‍ പലരും കൗതുകത്തോടെ നോക്കിനില്‍ക്കുന്നതു കാണാം. ചിലര്‍ അടക്കം പറയും. മറ്റുചിലര്‍ അടുത്തുവന്നു സനൂഷയല്ലേയെന്നു ചോദിക്കും. കൊച്ചിയിലെപ്പോലെ ഇവിടെ കണ്ണൂരിലൊന്നും ഒരു പാടു സിനിമാനടിമാരില്ലല്ലോ...

? ബാലനടിയെന്ന ലേബല്‍ മാറിയതോടെപ്രണയാഭ്യര്‍ത്ഥനയൊക്കെ വരുന്നുണ്ടോ.

ഞാന്‍ പറഞ്ഞില്ലേ... എന്റെ സ്‌കൂളിലെ ആര്‍ക്കും എന്നെ അങ്ങനെയൊന്നും കാണാന്‍ പറ്റില്ല. ആണ്‍കുട്ടികളുമായി നല്ല ഫ്രണ്ട്‌ഷിപ്പാണ്‌. അല്ലാതെ ആരുമായും 'ലൗ'വൊന്നുമില്ല. അങ്ങനെയാരും ഇതുവരെ പറഞ്ഞിട്ടുമില്ല. അതിനുള്ള പ്രായമൊന്നും ആയിട്ടില്ലല്ലോ. ഞാന്‍ പറഞ്ഞില്ലേ, ഡ്രൈവിംഗ്‌ലൈസന്‍സ്‌ എടുക്കാനുള്ള പ്രായംപോലും എനിക്കില്ല. ഒരു കൊല്ലംകൂടെ കഴിഞ്ഞാല്‍ ലൈസന്‍സുമെടുക്കാം, വോട്ടും ചെയ്യാം.

? കാവ്യ വോട്ടുചെയ്യാന്‍ പോയതുപോലെ വിവാദം സൃഷ്‌ടിക്കാനാണോ.

കാവ്യേച്ചീടെ കാര്യം... പാവമല്ലേ...! കഷ്‌ടായി പ്പോയി. എനിക്കു വോട്ടുചെയ്യാന്‍ മാത്രമല്ല, രാഷ്‌ട്രീയത്തില്‍ സജീവമായി ഇറങ്ങാനും ആഗ്രഹമുണ്ട്‌. സമൂഹത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം. അതിനു രാഷ്‌ട്രീയംതന്നെയാണു നല്ലത്‌. നിയമം ലംഘിക്കുന്നവര്‍ക്കു കടുത്ത ശിക്ഷതന്നെ നല്‍കണം.

? നക്‌സലൈറ്റാണോ...

ഏയ്‌... അങ്ങനെയൊന്നുമില്ല. രക്‌തത്തിനു കുറച്ചു തിളപ്പു കൂടുതലുണ്ട്‌. കണ്ണൂരല്ലേ സ്‌ഥലം. ഏതു രാഷ്‌ടീയപ്പാര്‍ട്ടിയോടാണു താല്‍പ്പര്യമെന്നൊന്നും ഇപ്പോള്‍ പറയുന്നില്ല. വോട്ടവകാശമായിട്ട്‌ അതൊക്കെ പറയുന്നുണ്ട്‌. ഇങ്ങനെയൊക്കെയാണെങ്കിലും കളിയും ചിരിയുമായി നടക്കുന്ന ഒരു സാധാരണ പെണ്‍കുട്ടികൂടിയാണു ഞാന്‍ കേട്ടോ...

? പ്രണയിച്ചിട്ടില്ലാത്ത സനൂഷ പ്രണയം അഭിനയിക്കുമ്പോള്‍ നാണിക്കുമോ.

ഏയ്‌.. എന്തിനാ നാണിക്കുന്നേ? അതൊക്കെ അഭിനയമല്ലേ. അഭിനയം വേ... റിയല്‍ ലൈഫ്‌ റേ...കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിലൊക്കെ നമ്മള്‍ അഭിനയിക്കേണ്ടതല്ലേ? പ്രണയം അഭിനയിക്കണമെങ്കില്‍ ജീവിതത്തില്‍ പ്രണയിക്കണമെന്നൊന്നുമില്ല. കാമറയ്‌ക്കു മുന്നില്‍ വരുമ്പോള്‍ അതൊക്കെ ശരിയായിക്കോളും. പിന്നെ എനിക്കു പരിചയമുള്ളവരൊക്കെയാണല്ലോ സെറ്റിലുമുള്ളത്‌. അതുകൊണ്ടു നാണമൊന്നും തോന്നിയില്ല.

? ദിലീപിന്റേത്‌ അമ്പതാമത്തെ കല്ല്യാണമായിരുന്നു മിസ്‌റ്റര്‍ മരുമകനില്‍. സനൂഷയുടെ ആദ്യ മിന്നുകെട്ടും...

അതേ. ദിലീപേട്ടന്‍ ഇതിനുമുമ്പു പല സിനിമകളിലായി അമ്പതു കല്ല്യാണങ്ങളാണു കഴിച്ചത്‌. സെറ്റില്‍വച്ചാണു ഞാനീ വിവരമറിഞ്ഞത്‌. എനിക്കു തമിഴ്‌സിനിമകളില്‍വച്ചു 'കല്ല്യാണ'മൊക്കെ കഴിഞ്ഞതാണ്‌. എന്നാല്‍ അതൊക്കെ മാലചാര്‍ത്തല്‍ മാത്രമായിരുന്നു. മിസ്‌റ്റര്‍ മരുമകനില്‍വച്ചു ദിലീപേട്ടന്‍ എന്നെ ആദ്യമായി താലികെട്ടി! അതിനാല്‍ ഇനി താലികള്‍ കഴുത്തില്‍ ഒരുപാടു വീഴുമെന്ന്‌ ഞാന്‍ അപ്പോള്‍ത്തന്നെ പറഞ്ഞിട്ടുമുണ്ട്‌. ദിലീപേട്ടന്‍ സെറ്റില്‍ ഒരു ഓള്‍റൗണ്ടറാണ്‌. എല്ലായിടത്തുമുണ്ടാകും. കിച്ചണില്‍.. കാമറയ്‌ക്കു മുന്നില്‍...പിന്നില്‍... എന്നുവേണ്ട എവിടെ നോക്കിയാലും കാണാം. ദിലീപേട്ടന്‍ ഉള്ള സെറ്റ്‌ നല്ല രസാ...

? സിനിമയിലെ കൂട്ടുകാരികള്‍.

ചേച്ചിമാരാണ്‌ എന്റെ ഫ്രണ്ട്‌സ്. കാവ്യേച്ചി അധിക സമയവും വിളിക്കും. ഭാവനച്ചേച്ചിയും ആന്‍ ചേച്ചിയും ഭാമച്ചേച്ചിയുമൊക്കെ നല്ല കൂട്ടാണ്‌. ഭാമച്ചേച്ചി എന്നെപ്പോലെ ഒരു അമ്പലവാസിയാണു കേട്ടോ... അമ്പലങ്ങളെകുറിച്ചൊക്കെ എന്നോടു സംസാരിക്കാറുണ്ട്‌.

? ബാലനടിയിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍...

നല്ല അനുഭവമായിരുന്നു. എല്ലാവരും എന്നെ അറിഞ്ഞില്ലേ. പിന്നെ ഒരുപാട്‌ അംഗീകാരങ്ങളും ലഭിച്ചല്ലോ. 'കാഴ്‌ച'യിലെ അഭിനയത്തിനു സംസ്‌ഥാന അവാര്‍ഡ്‌ കിട്ടി. ഒരുപാടു സ്‌ഥലങ്ങളില്‍ പോകാനും കഴിഞ്ഞിട്ടുണ്ട്‌. 'കുരുക്ഷേത്ര'യില്‍ അഭിനയിക്കാന്‍ കാശ്‌മീരിലൊക്കെ പോയതു ഭയങ്കര റിസ്‌ക്കെടുത്തിട്ടാണ്‌. നല്ല തണുപ്പായിരുന്നു അവിടെ. കിടുകിടാ വിറച്ചുപോകും. കുറച്ചുദിവസം അവിടെ നിന്നപ്പോഴേക്കും എന്റെ കവിളൊക്കെ ചുവന്നുതടിച്ചു കാശ്‌മീരികളെപ്പോലെയായി.

? നായികയായപ്പോള്‍ വരുത്തിയ മാറ്റങ്ങള്‍...

കാര്യമായിട്ടൊന്നും മാറിയില്ല. ശരീരം മെലിയുന്നതാണു നല്ലതെന്നൊക്കെ എനിക്കറിയാം. അതിപ്പോള്‍ നായികയായാലും അല്ലെങ്കിലും ആരോഗ്യത്തിനു നല്ലതു പൊണ്ണത്തടിയില്ലാത്തതാണ്‌. ഞാന്‍ കുറച്ചുദിവസമൊക്കെ ഇവിടെയടുത്തൊരു ഹെല്‍ത്ത്‌ ക്ലബ്ബില്‍ പോയിരുന്നു. പിന്നെ രാവിലെ എഴുന്നേല്‍ക്കാന്‍ മടിയായി. അതോടെ വ്യായാമം നിലച്ചു.

എന്തുകിട്ടിയാലും വാരിവലിച്ചു തിന്നുന്നത്‌ എന്റെയൊരു ശീലമാണ്‌. കെ.എം.സി (കണ്ണൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍) എന്നാണു ഞാന്‍ എന്നെത്തന്നെ വിശേഷിപ്പിക്കാറ്‌. എന്തു സാധനമായാലും എന്റെ മുന്നിലേക്കു വച്ചുതന്നാല്‍മതി. നിമിഷനേരംകൊണ്ടു ഞാന്‍ അകത്താക്കും.

? തമിഴില്‍...

റെനിഗുണ്ടയില്‍ നായികയായിരുന്നു. ദന്തി, എത്തന്‍ തുടങ്ങിയ സിനിമകളൊക്കെ റിലീസ്‌ ചെയ്‌തു. പരിമണതിരൈ അരംഗം എന്ന പടം അടുത്തമാസം റിലീസ്‌ ചെയ്യും. 'നാടെ നമതെ'യുടെ ഷൂട്ടിംഗ്‌ നടന്നുകൊണ്ടിരിക്കുന്നു.

(ഇന്റര്‍വ്യൂ പുരോഗമിക്കുമ്പോഴൊക്കെ ഒരാള്‍ ഞങ്ങള്‍ക്കു മുന്നില്‍ കുട്ടിക്കരണം മറിഞ്ഞും 'അല്ലു അര്‍ജജുന്‍' ആയും ശ്രദ്ധിയാകര്‍ഷിച്ചുകൊണ്ടിരുന്നു. എന്നിട്ടൊന്നും രക്ഷയില്ലാതെ വന്നതോടെ എളിയില്‍ കൈതാങ്ങി 'എന്തേ, ഞാനുമൊരു സൂപ്പര്‍സ്‌റ്റാറല്ലേ' എന്ന മട്ടിലായി നില്‍പ്പ്‌. മറ്റാരുമല്ല, സനൂഷയുടെ ഏകസഹോദരന്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന സനൂപ്‌ എന്ന ഉണ്ണി. രണ്ടു സിനിമയിലും ഒരു സീരിയലിലും ഈ കൊച്ചുമിടുക്കന്‍ ഇതിനകം അഭിനയിച്ചുകഴിഞ്ഞു)

? ചേച്ചിയുടെ ഏതു സിനിമയാണ്‌ ഉണ്ണിക്ക്‌ ഏറെയിഷ്‌ടം.

മാമ്പഴക്കാലം.. (ഉടന്‍ വന്നു ഉത്തരം. ഒപ്പം സനൂഷയുടെ വക കൂട്ടിച്ചേര്‍ക്കലും. 'അവനു ഞാന്‍ സിനിമയില്‍ കരയുന്നതു കാണാന്‍ ഇഷ്‌ടമല്ല. അവനും കൂടെയിരുന്നു കരയും.')

? ആരുടെ കൂടെ അഭിനയിക്കാനാണ്‌ ഇഷ്‌ടം.

ചേച്ചിയുടെ അനുജനായി അഭിനയിക്കാനാ ഇഷ്‌ടം..

(ഇവനാണ്‌ എന്റെ ആദ്യ വിമര്‍ശകന്‍ എന്നു സനൂഷയുടെ സാക്ഷ്യം. ''സിനിമ നന്നായെങ്കിലും ഇല്ലെങ്കിലും ഇവന്‍ തുറന്നു പറയും. ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണു കൂടെ അഭിനയിക്കാന്‍ ഒരു ആണ്‍കുട്ടിയെ വേണ്ടിവന്നത്‌. അങ്ങനെ ഇവനെ പിടികൂടി സിനിമയിലിട്ടു. വിചാരിച്ചതിലും നന്നായി അഭിനയിച്ചു. സംവിധായകരൊക്കെ നല്ല അഭിപ്രായമാണു പറഞ്ഞത്‌. പിന്നെ ഒരു സീരിയല്‍ ഷൂട്ടിംഗുകാര്‍ വന്നപ്പോഴും കണ്ടിഷ്‌ടപ്പെട്ട്‌ അവരും അഭിനയിപ്പിച്ചു. അവനു ചിലപ്പോള്‍ സ്‌പോര്‍ട്‌സ്കാരനാകാനാണു മോഹം..മറ്റു ചിലപ്പോള്‍ അല്ലു അര്‍ജ്‌ജുനാകാന്‍...''- കുഞ്ഞനുജന്റെ വിശേഷണങ്ങള്‍ പറയുമ്പോള്‍ സനൂഷയ്‌ക്ക് നൂറുനാവ്‌..)

ജിനേഷ്‌ പൂനത്ത്‌

New Update

പേജ്‌കാഴ്‌ചകള്‍

Hits ..... Jayachandran

Hot....

Hot....

Muktha

Muktha

Blogger templates

Followers

ചിത്ര വിശേഷം. Blogger പിന്തുണയോടെ.

NeoCounter

ONLINE COUNTER

VISITOR COUNTER

..

..

Featured Posts

ഞങ്ങള്‍ ഇപ്പോള്‍ സികളരിയിലും

ജാലകം

@@

INFUTION Blog

Blog Promotion By
INFUTION

Lorem ipsum

Malayalam Old Hits

Google വാര്‍ത്ത

Andholanam

Popular Posts