.

    കൂടുതല്‍ ഇവിടെ ...

160 x 600 Ad Section

പെറ്റമ്മയോടു കെഞ്ചിയിട്ടില്ല പിന്നല്ലേ, ഈ അമ്മ , തിലകന്‍ .


(തിലകന്‍ അഭിമുഖം രണ്ടാം ഭാഗം)

കണ്ണുതുറക്കാത്ത ദൈവങ്ങള്‍ക്കു നേരേ വിരല്‍ചൂണ്ടി ഗര്‍ജ്‌ജിക്കാനുള്ള ആര്‍ജ്‌ജവം. അപകടങ്ങളുടെ പെരുമഴയിലും നടുങ്ങിനില്‍ക്കാതെ മരണത്തിനുനേര്‍ക്കു പോലും വെല്ലുവിളിയുയര്‍ത്തിയ കരളുറപ്പ്‌. കലാകാരന്‍മാരില്‍ ഏറെയൊന്നും കണ്ടിട്ടില്ലാത്ത ഈ ധീരത തിലകന്‍ ആര്‍ജ്‌ജിച്ചെടുത്തതു പരുക്കന്‍ ജീവിതാനുഭവങ്ങളില്‍നിന്നാണ്‌. തോല്‍ക്കാന്‍ മനസില്ലായിരുന്നു തിലകന്‌. വേണമെങ്കില്‍ കൊല്ലാമെന്നു നെഞ്ചില്‍ കൈചേര്‍ത്തു തിലകന്‍ പറയുമ്പോള്‍ ആരുടെയും മനമൊന്നിടറും. വിലക്കില്‍ തകര്‍ന്ന തന്റെ സൗഹൃദങ്ങളെ കുറിച്ചും ജീവിതത്തില്‍ ഒപ്പംകൂടിയ കഥാപാത്രങ്ങളെ കുറിച്ചുമൊക്കെ തിലകന്‍ തുടരുന്നു...

? സൂപ്പര്‍സ്‌റ്റാറുകള്‍ക്കൊപ്പം അഭിനയിക്കുമ്പോഴുള്ള അനുഭവം.

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കുമ്പോള്‍ വ്യത്യസ്‌തമായ അനുഭവമാണ്‌. മമ്മൂട്ടിയുടെ അച്‌ഛനായി അഭിനയിക്കുമ്പോള്‍ അയാള്‍ ഒരിക്കലും എന്റെ മകനായി എനിക്കു ഫീല്‍ ചെയ്യാറില്ല. അതുകൊണ്ടുതന്നെ സീനുകളില്‍നിന്നു സീനുകളിലേക്കുള്ള മാറ്റം പലപ്പോഴും യാന്ത്രികമായിപ്പോകും. അതേസമയം ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ ലാല്‍ എന്റെ സ്വന്തം മകനായിട്ടു തന്നെയാണു ഫീല്‍ ചെയ്യാറുള്ളത്‌. അതുകൊണ്ട്‌ അഭിനയത്തില്‍ സ്വഭാവികത കൂടും. ഞാനും ലാലും തമ്മിലുള്ള കെമിസ്‌ട്രിയൊന്നും എനിക്കു പറയാനറിയില്ല. അങ്ങനെയാണു സംഭവിക്കുന്നതെന്നു മാത്രം. ലാലിനൊപ്പം എത്ര നേരം വേണമെങ്കിലും അഭിനയിക്കാം. ഷൂട്ടിംഗ്‌ തീരാതെ നീണ്ടുപോകാന്‍ ആഗ്രഹിച്ചുപോകും. നാടകത്തില്‍ അങ്ങനെയൊരാളെയേ ഞാന്‍ കണ്ടിട്ടുള്ളൂ; അതു മരിച്ചുപോയ അബൂബക്കറാണ്‌. അബൂബക്കറിനൊപ്പം അഭിനയിക്കുമ്പോള്‍ കര്‍ട്ടന്‍ വീഴാതെ രംഗം നീണ്ടുപോകാന്‍ ആഗ്രഹിക്കുമായിരുന്നു.

? അമ്മയുടെ ജന. സെക്രട്ടറിയെന്ന നിലയ്‌ക്കു ലാലില്‍ നിന്നുണ്ടായ പെരുമാറ്റം വേദനിപ്പിച്ചോ.

ലാലും ഞാനും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷേ, ലാലിനു ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളാണ്‌ അയാളെ എല്ലാത്തില്‍നിന്നും അകറ്റിനിര്‍ത്തുന്നത്‌. ഈ ഉപഗ്രഹങ്ങള്‍ തന്നെയാണ്‌ അയാള്‍ക്കു വിനയാകുന്നതും. അഭിനയത്തിന്റെ കാര്യത്തില്‍ ഒരാനയാണു മോഹന്‍ലാലെന്നു ഞാന്‍ പറയും. ആനയ്‌ക്കു പക്ഷേ, അതിന്റെ വലിപ്പം അറിയില്ലല്ലോ.. ലാലിന്റെ കാര്യത്തില്‍ സംഭവിക്കുന്നതും അതുതന്നെയാണ്‌. അയാള്‍ക്ക്‌ അയാളുടെ പവര്‍ അറിയില്ല. കാമറ പ്രേക്ഷകനാണ്‌. 'കാമറ' എന്ന സാധനം എന്നുവിചാരിച്ച്‌ അതിനുമുമ്പില്‍ നില്‍ക്കരുത്‌. ലാല്‍ വന്നുനില്‍ക്കുന്നതു പ്രേക്ഷകനു മുന്നിലെന്നപോലെയാണ്‌.

അമ്മയുടെ യോഗത്തില്‍ പങ്കെടുത്തു വിശദീകരണം നല്‍കാന്‍ വിലക്കിനു മുമ്പ്‌ എനിക്കു കത്തെഴുതിയത്‌ ഇത്തിരിപ്പോന്ന പിള്ളേരായിരുന്നു. ഞാന്‍ മറുപടി നല്‍കിയില്ല. അവസാനം ലാല്‍ നേരിട്ട്‌ എഴുതിയപ്പോഴാണു ഞാന്‍ ചെന്നത്‌. ആ യോഗത്തില്‍ മോഹന്‍ലാല്‍ എനിക്ക്‌ അനുകൂലമായ നിലപാടൊന്നും എടുത്തില്ല. അയാള്‍ ഉപഗ്രഹങ്ങളുടെ പിടിയിലായിരുന്നു. അതുകൊണ്ടുള്ള പ്രശ്‌നമായിരിക്കും.

? ഫെഫ്‌ക്കയുടെ വിലക്കു നീങ്ങിയതില്‍പിന്നെ മറ്റുള്ളവര്‍ സൗഹൃദം കൂടാറുണ്ടോ.

ആരും കൂട്ടിനു വരാറില്ല. വരുന്നവര്‍ക്കുതന്നെ പേടിയാണ്‌. ഒളിച്ചും പാത്തും വരുന്നതുപോലെയാണ്‌. ഇന്നു രാവിലെ അന്‍വര്‍ റഷീദിന്റെ സിനിമയുടെ പൂജയായിരുന്നു. സരോവരത്തില്‍വച്ച്‌. പൂജയ്‌ക്ക് ഉണ്ണികൃഷ്‌ണനു (ഫെഫ്‌ക്ക ജന.സെക്രട്ടറി)മുണ്ടായിരുന്നു. എന്നെ കണ്ടിട്ടും കാണാത്ത ഭാവത്തില്‍ പോയി. ഇതുവരെ എന്നോട്‌ അയാള്‍ മിണ്ടിയിട്ടില്ല. പൂജാ സ്‌ഥലത്തു നടന്‍ കുഞ്ചനുമുണ്ടായിരുന്നു. അയാള്‍ എന്റെ അടുത്തു വന്നിരുന്നത്‌, മുള്ളിന്‍മേല്‍ ഇരിക്കുന്നതുപോലെയാണ്‌. ആരെങ്കിലും കാണുമോയെന്ന ആശങ്കയായിരുന്നു അയാള്‍ക്ക്‌. ഞാനയാളോടു പറഞ്ഞു; 'ഇനി എന്നോടു സംസാരിച്ച്‌ ഉള്ള അവസരം കൂടി കളയണ്ട. പേടിയുണ്ടെങ്കില്‍ പൊക്കോളൂ'എന്ന്‌. സംഘടിതമായുള്ള വിലക്കിനെ മറികടക്കാനുള്ള പ്രയാസമുണ്ട്‌ എല്ലാവര്‍ക്കും. നിശ്‌ചയദാര്‍ഢ്യമുണ്ടെങ്കില്‍ ഇതൊന്നും പ്രശ്‌നമല്ല. 'കിഴവനും കടലും' എന്ന നോവലിലെ വൃദ്ധനെ ഓര്‍മയില്ലേ.. എട്ടു തവണ കടല്‍ എടുത്തെറിഞ്ഞിട്ടും പിന്നെയും പിന്നെയും കടലിലേക്കു തന്നെ തുഴഞ്ഞ വൃദ്ധന്‍. അയാളെ അവസാനം കടല്‍ വിഴുങ്ങി. അയാളെ കൊല്ലാനേ കടലിന്‌ സാധിച്ചുള്ളൂ; തോല്‍പ്പിക്കാനായില്ല. അതുകൊണ്ടുതന്നെ സുഖമില്ലെങ്കിലും ഞാനിതൊക്കെ അങ്ങു തരണം ചെയ്യും.

? അസുഖം അവസരങ്ങള്‍ക്കു തടയിടുമോ.

അഭിനയത്തെ ബാധിക്കുന്ന തരത്തിലുള്ള അസുഖമൊന്നുമില്ല. നടക്കാന്‍ പ്രയാസമുണ്ട്‌. ഊന്നുവടിയുടെ സഹായത്തോടെയാണു റൂമില്‍പോലും നടക്കുന്നത്‌. എന്നാല്‍ 'ഇന്ത്യന്‍ റുപ്പി'യില്‍ അഭിനയിച്ചപ്പോള്‍ ഒരൊറ്റ സീനില്‍ പോലും ഞാന്‍ ഊന്നുവടി ഉപയോഗിച്ചിട്ടില്ല. അത്‌ അഭിനയത്തിന്റെ ഒരു സാധ്യതയാണ്‌. അഭിനയം അത്രമാത്രം ഊര്‍ജ്‌ജമാണ്‌ എനിക്കു തരുന്നത്‌. പിന്നെ കാലിനു ബാലന്‍സ്‌ കുറയുന്നതിനാല്‍ ഓടാനൊക്കെ ബുദ്ധിമുട്ടുണ്ട്‌. അതുകൊണ്ട്‌ അത്തരം കഥാപാത്രങ്ങളെ ഏറ്റെടുക്കാനും ബുദ്ധിമുട്ടാണ്‌.

മുമ്പു വീണു കിടപ്പിലായപ്പോള്‍ രണ്ടു നടന്‍മാര്‍ തമ്മിലുണ്ടായ സംഭാഷണം ഞാന്‍ മറ്റൊരു വിശ്വസ്‌തന്‍ വഴി അറിഞ്ഞിരുന്നു. തിലകന്‍ചേട്ടന്‍ വീണതിന്റെ ഗുണം കിട്ടിയത്‌ എനിക്കാണെന്ന്‌ ഒരാളും അതല്ല എനിക്കാണെന്നു മറ്റേ ആളും പറഞ്ഞത്രെ. ഇപ്പോള്‍ ഈ രണ്ടു നടന്‍മാരും ജീവിച്ചിരിപ്പില്ല. ഇതില്‍ ഒരാളെ ഞാനാണു നാടകരംഗത്തു നിന്നു കൈപിടിച്ചു സിനിമയിലേക്കു കൊണ്ടുവന്നത്‌. ഇയാളോടു ഞാന്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ നിഷേധിക്കുകയായിരുന്നു. പക്ഷേ, അയാള്‍ പറഞ്ഞിട്ടുണ്ടെന്ന്‌ എനിക്കുറപ്പുമാണ്‌. രണ്ടാമത്തെ നടനുമായി വ്യക്‌തിപരമായ അകല്‍ച്ചയുണ്ടായിരുന്നതിനാല്‍ ഞാന്‍ ചോദിച്ചില്ല. അച്‌ഛന്‍വേഷം കെട്ടുന്ന വേറെ ചില നടന്‍മാരും എന്നെ പുറത്താക്കി വേഷങ്ങള്‍ സ്വന്തമാക്കാന്‍ നമ്പറുകള്‍ ഇറക്കിയിരുന്നു. അതൊക്കെ തരണം ചെയ്‌താണു ഞാനിപ്പോഴും അഭിനയരംഗത്തു സജീവമായി നില്‍ക്കുന്നത്‌. ഇന്ത്യന്‍റുപ്പിക്കു ശേഷം അന്‍വര്‍ റഷീദിന്റെ സിനിമയിലാണ്‌ അഭിനയിക്കുന്നത്‌. മമ്മൂട്ടിയുടെ മകനാണു നായകന്‍. ഡെയ്‌റ്റ് ചോദിച്ചു കോളുകള്‍ ഏറെ വരുന്നുണ്ട്‌. എന്നെ തളര്‍ത്താന്‍ ഒരാള്‍ക്കും ഒരു സംഘടനയ്‌ക്കും സാധിക്കില്ല.

? ഇതിനകം ഒട്ടേറ തവണ അപകടത്തില്‍ പെട്ടിട്ടുണ്ടല്ലോ.

അപകടത്തില്‍പെട്ടതും അതേപോലെ രക്ഷപ്പെട്ടതുമൊക്കെ ദൈവാധീനം കൊണ്ടാണെന്നു നിങ്ങള്‍ പറയും. പക്ഷേ, എനിക്കതു തികച്ചും യാദൃശ്‌ചികമായ സംഭവങ്ങളാണ്‌. ഒന്നും രണ്ടും തവണയല്ല അഞ്ചു തവണ ഞാന്‍ അപകടത്തില്‍പെട്ടിട്ടുണ്ട്‌. ആദ്യത്തെ അപകടം 'മാമാട്ടിക്കുട്ടിയമ്മ' തിയേറ്ററിലെത്തി 90-ാം ദിവസമായിരുന്നു. 1982 ല്‍. അന്ന്‌ അഞ്ചു വാരിയെല്ലുകളാണ്‌ ഒടിഞ്ഞത്‌. മൂന്നര ദിവസം അബോധാവസ്‌ഥയില്‍ ആശുപത്രിയില്‍ കിടന്നു. ഞാന്‍ ഓടിച്ചിരുന്ന കാര്‍ ഫാസ്‌റ്റ് പാസഞ്ചറുമായി കൂട്ടിയിടിക്കുകയായിരുന്നു. അന്നത്തെ അപകടം ആലപ്പുഴ മെഡിക്കല്‍ കോളജിനു മുന്നില്‍ വച്ചായിരുന്നതിനാല്‍ രക്ഷപ്പെട്ടു. '87-ല്‍ ചാലക്കുടിയില്‍ വച്ചും അപകടത്തില്‍പെട്ടു. അന്നു തലയ്‌ക്കാണു പരുക്കേറ്റത്‌. കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു ഞാന്‍ റോഡിലേക്കു തെറിച്ചുവീണു. വീണതു ലോറിക്ക്‌ അടിയിലേക്കും. ശരീരത്തില്‍ ടയര്‍ കയറിയിറങ്ങാതിരുന്നതു ഞാന്‍ ഡീസല്‍ ടാങ്കില്‍ പിടിച്ചു തൂങ്ങിക്കിടന്നതുകൊണ്ടു മാത്രമാണ്‌. 26 ദിവസം ആശുപത്രിയില്‍ കിടന്നു. ആ അപകടത്തിലും അഞ്ചാറു വാരിയെല്ലുകള്‍ ഒടിഞ്ഞു. പിന്നീടൊരിക്കല്‍ പാലായില്‍ വച്ചു കയ്യാലപ്പുറത്തേക്കു കാറ്‌ പാഞ്ഞുകയറി വലിയൊരു അപകടമുണ്ടായി. അവസാനം നടന്നത്‌, അടുത്തിടെ വിലക്കു നിലവിലുള്ളപ്പോള്‍ അലി അക്‌ബര്‍ എന്നെ വച്ചു സംവിധാനം ചെയ്‌ത 'ഐഡിയല്‍ കപ്പിള്‍' എന്ന സിനിമയുടെ ഷൂട്ടിംഗ്‌ കഴിഞ്ഞു വരുമ്പോഴായിരുന്നു. കാര്‍ തകര്‍ന്നെങ്കിലും എനിക്കു കൂടുതലൊന്നും പറ്റിയില്ല. ഇതിനകം ഒട്ടേറെ തവണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. അപകടമല്ലാതെ മറ്റു വിധത്തിലും മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട്‌. '92ലാണു ചെന്നൈയില്‍ ബൈപ്പാസ്‌ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായത്‌. അപ്പോഴും മരണം അടുത്തെത്തി ഒപ്പം കൂട്ടാതെ മടങ്ങി. രക്‌തത്തില്‍ യൂറിയയുടെ അളവു കൂടി അബോധാവസ്‌ഥയില്‍ എട്ടു ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ കിടന്നത്‌ '99 ലാണ്‌. കാലിനൊക്കെ ഓപ്പറേഷന്‍ നടത്തി. ഇപ്പോഴും ഞാന്‍ അഭിനയരംഗത്തു സജീവംതന്നെയല്ലേ... ഈ അസുഖവും അപകടവുമൊന്നും എന്നെ തെല്ലും തളര്‍ത്തിയിട്ടില്ലെന്നു ബോധ്യമായില്ലേ...

? ശരീരം നടന്റെ ആയുധമല്ലേ.

അങ്ങനെ പറയാന്‍ പറ്റില്ല. അവനവന്റെ ശരീരം അവനവന്റെ ആയുധമാണ്‌ എന്നു പറയണം. നല്ല ശരീരവും സുന്ദരനുമായിരിക്കുന്നവര്‍ക്കു മാത്രമേ അഭിനയിക്കാന്‍ സാധിക്കുകയുള്ളൂവെന്നു പറയുമ്പോള്‍ ഇന്ദ്രന്‍സിനെ പോലുള്ളവര്‍ക്കു സിനിമയില്‍ വരാന്‍ പറ്റുമോ...? ഞാന്‍ എത്ര മഹത്തായ അഭിനയം കാഴ്‌ചവയ്‌ക്കുന്ന നടനായാലും ശരി എനിക്കു യേശുവായി അഭിനയിക്കാന്‍ സാധിക്കില്ല. പകരം യൂദാസായി വേണമെങ്കില്‍ അഭിനയിക്കാന്‍ പറ്റും. എന്റെ ശരീരപ്രകൃതിയുടെ അവസ്‌ഥയാണിത്‌. അതേപോലെതന്നെയാണു ലാലിന്റേതും. പ്രായത്തിനൊത്തുള്ള വേഷം മാത്രം സ്വീകരിക്കുന്നത്‌ അഭിനയമല്ല. ഞാന്‍ പത്തൊമ്പതാം വയസില്‍ അഭിനയിച്ച നാടകത്തില്‍ ജോസ്‌ പ്രകാശിന്റെ അച്‌ഛനായാണു വേഷമിട്ടത്‌. ജോസ്‌ പ്രകാശിനന്നു 30 വയസുകാണും. 22-ാമത്തെ വയസില്‍ വൃദ്ധനായ 'ഔതച്ചേട്ടന്‍' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ഞാന്‍ കൈയടി നേടിയിട്ടുണ്ട്‌. ഞാനാണ്‌ ആ കഥാപത്രത്തെ അവതരിപ്പിച്ചതെന്നറിഞ്ഞു കാണികള്‍ക്കു വിസ്‌മയമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പു നെടുങ്കണ്ടത്ത്‌ ഒരു നാടകം കളിച്ചതിന്റെ ഓര്‍മ ഇപ്പോഴുമുണ്ട്‌. മഴക്കാലമായിരുന്നു. നല്ല മഴയുടെ കോളുകണ്ടപ്പോള്‍ നാടകത്തിന്റെ സമയം കുറച്ചു. പക്ഷേ, കാണികള്‍ക്കതു പിടികിട്ടി. അവര്‍ സ്‌റ്റേജിനടുത്തെത്തി നാടകം മുഴുവന്‍ കളിക്കണമെന്ന്‌ നിര്‍ബന്ധിച്ചു.

? കിരീടത്തിലെ 'അച്‌ഛനാടാ പറയുന്നെ...' എന്ന ഡയലോഗ്‌ കാലത്തെ അതിജീവിച്ചതാണ്‌. ചിത്രീകരണസമയത്ത്‌ അത്രമാത്രം ബോധവാനായിരുന്നോ.

ഷൂട്ടിംഗ്‌ സമയത്ത്‌ ഈ ഡയലോഗ്‌ എഴുതിയിരുന്നില്ല. മോഹന്‍ലാല്‍ കീരിക്കാടന്‍ ജോസിനെ കുത്തിവീഴ്‌ത്തി വിഭ്രാന്തി ബാധിച്ച അവസ്‌ഥയില്‍ നില്‍ക്കുകയാണ്‌. അപ്പോള്‍ സ്‌ഥലത്തെത്തിയ പോലീസിന്‌ അയാളെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. എസ്‌.ഐക്കു നേരേപോലും 'അടുക്കരുതെന്ന്‌'പറഞ്ഞ്‌ അയാള്‍ കത്തിവീശുന്നുണ്ട്‌. ഞാനും യൂണിഫോമിലല്ലാതെ അവിടെയെത്തിയെങ്കിലും എന്നിലും അയാള്‍ കാണുന്നത്‌ ഒരു പോലീസുകാരനെതന്നെയാണ്‌.

ചിത്രീകരിച്ചുകൊണ്ടിരുന്നപ്പോള്‍ സേതുവിന്റെ (ലാലിന്റെ കഥാപാത്രം) കൈയില്‍നിന്നു കത്തി എങ്ങനെ താഴെ വീഴ്‌ത്തുമെന്ന കാര്യത്തില്‍ ചര്‍ച്ച നടന്നു. തിരക്കഥാകൃത്തു ലോഹിതദാസും സംവിധായകന്‍ സിബി മലയിലും ഞാനും ചേര്‍ന്നാണു ചര്‍ച്ച. കത്തി താഴെയിടെടാ... എന്നു നാലു തവണ നാലു ഭാവത്തില്‍ പറയാനും അവസാനം 'അച്‌ഛനാടാ പറയുന്നെ' യെന്നതിലേക്കു മാറ്റാനും ഞാന്‍ തന്നെയാണു നിര്‍ദ്ദേശം വച്ചത്‌. അതു വിജയിക്കുമോയെന്ന്‌ അവര്‍ക്കു സംശയമുണ്ടായിരുന്നു. ഞാന്‍ പറഞ്ഞും അഭിനയിച്ചും തെളിയിച്ചുകൊടുത്തു. ഇങ്ങനെ നാലു തവണ വ്യത്യസ്‌ത ഭാവത്തോടെയും ശബ്‌ദത്തോടെയും ഒരേ സീനില്‍ ഒരേ ഡയലോഗ്‌ ആര്‍ക്കെങ്കിലും പറയാന്‍ സാധിച്ചാല്‍ ഞാന്‍ അംഗീകരിച്ചുകൊടുക്കാം. ഇക്കാര്യത്തില്‍ എനിക്കു വെല്ലുവിളിക്കാന്‍ സാധിക്കും.

? ചെറുപ്പംമുതലേ കൂടെയുള്ളതാണോ ഈ പരുക്കന്‍ ഭാവം.

ഞാന്‍ പരുക്കനാണോ..? ഇത്രയും സൗഹാര്‍ദ്ദമായി നമ്മള്‍ സംസാരിച്ചതു ചിരിച്ചും ചിന്തിച്ചുമല്ലേ..? നാടോടിക്കാറ്റില്‍ എന്റെ കഥാപാത്രം പോലീസിനെ ഭയന്നു കഴിയുന്ന ഒരു കള്ളക്കടത്തുകാരനാണ്‌. നിന്നനില്‍പ്പില്‍ തീവണ്ടിവേണമെങ്കിലും അയാള്‍ കടത്തിക്കളയും. എന്നാലോ പേടി വേട്ടയാടുന്ന കണ്ണുകളും ഭാവവുമായാണു കഴിയുന്നതും. വാതില്‍ കൊട്ടിയടയുമ്പോഴും ഫോണ്‍ബെല്ലടിക്കുമ്പോഴും അയാള്‍ പ്രത്യേക ഭാവത്തില്‍ ഞെട്ടുന്നുണ്ട്‌. അതൊന്നും സീനില്‍ എഴുതിവച്ചതല്ല. അപ്പപ്പോള്‍ ഞാന്‍ ചെയ്‌തതാണ്‌. ഇതുകണ്ടു സത്യനു (സംവിധായകന്‍ സത്യന്‍ അന്തിക്കാട്‌) ചിരിയടക്കാന്‍ വയ്യായിരുന്നു.

ഞാനാര്‍ക്കും ചാഞ്ഞു കൊടുക്കാറില്ല. അഭിമാനബോധത്തെ അടിയറവയ്‌ക്കാറുമില്ല. ചാഞ്ഞു നില്‍ക്കുന്ന മരമാണെന്നു കരുതി എല്ലാവര്‍ക്കും ഓടിക്കയറാന്‍ നിന്നുകൊടുത്തിട്ടില്ല. തെറ്റ്‌ എവിടെ കണ്ടാലും തുറന്നുപറയും. ഈ നാട്ടിലെ ഒരു പൗരനാണു ഞാന്‍. അനീതികണ്ടാല്‍ പ്രതികരിക്കാന്‍ എനിക്കു ബാധ്യതയുണ്ട്‌. അതുകൊണ്ട്‌ എനിക്കു മിണ്ടാതിരിക്കാനാവില്ല. പ്രതികരിക്കുന്നതുകൊണ്ട്‌ അവസരങ്ങള്‍ നഷ്‌ടപ്പെടുന്നുണ്ടോയെന്നത്‌ എനിക്കൊരു പ്രശ്‌നമല്ല. പിന്നെ കുട്ടിക്കാലവും എന്നെ സ്വാധീനിച്ചിട്ടുണ്ടാകാം. എസ്‌റ്റേറിലെ ജീവിതമാണ്‌ എനിക്കു കുട്ടിക്കാലത്തെ അനുഭവമായി ഓര്‍ക്കാനുള്ളത്‌. വീടിനു പുറത്തിറങ്ങുന്നതു കുറവ്‌. തേയിലയും റബ്ബറും മാത്രമായിരുന്നു ചുറ്റിലും. വീട്ടിലുണ്ടായിരുന്ന 35 പശുക്കളുമായിട്ടായിരുന്നു ചങ്ങാത്തം കൂടുതലും. മനുഷ്യന്റെ സ്‌നേഹം അനുഭവിച്ചറിഞ്ഞതു ചുരുക്കം. ഞാന്‍ അനുഭവിച്ചതിലേറെയും ജീവിതത്തിന്റെ പരുക്കന്‍ മുഖംതന്നെയായിരുന്നു. നാടകത്തില്‍ അഭിനയിച്ചതുകൊണ്ടു നാടുവിട്ടുപോകേണ്ടിവന്നു. പിന്നെ ജീവിക്കാനായി അല്‍പ്പസ്വല്‍പ്പം ഗുണ്ടായിസമൊക്കെ വേണ്ടിവന്നു. ചന്തപ്പിള്ളേരെപ്പോലെ കറങ്ങിനടപ്പ്‌. കള്ളുഷാപ്പില്‍തന്നെയായി കിടപ്പും ഉറക്കവും. അവിടെ എല്ലാവരും സമന്‍മാരാണ്‌. അവര്‍ക്കിടയില്‍ രഹസ്യങ്ങളില്ല. വലുപ്പച്ചെറുപ്പങ്ങളില്ല. കള്ളുകുടിയന്‍മാരുടെ മാനറിസങ്ങള്‍ ഞാന്‍ പകര്‍ത്തിയെടുത്തു. പിന്നീടുള്ള അഭിനയയാത്രയില്‍ അതെനിക്കേറെ ഗുണകരവുമായി.

? ഇത്രയും കാലത്തിനിടയിലെ ഏറ്റവും മികച്ച കഥാപാത്രം.

അങ്ങിനെ പ്രത്യേകമായി ഒന്നുമാത്രം ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ല. 'കുടുംബവിശേഷ'ത്തില്‍ മരിച്ച ഭാര്യയുടെ തല മടിയിലെടുത്തുവച്ച്‌ ആകെ തകര്‍ന്ന അവസ്‌ഥയില്‍ വള്ളത്തില്‍ പോകുന്ന ഒരു രംഗമുണ്ട്‌. പലപ്പോഴായി, പല ദിവസങ്ങളിലായാണ്‌ ഈ രംഗം ഷൂട്ട്‌ ചെയ്‌തത്‌. കട്ട്‌ പറഞ്ഞു പിന്നെ ലൈറ്റും സെറ്റുമൊക്കെ ശരിയാക്കി വേണം ഷൂട്ട്‌ തുടരാന്‍. അപ്പോഴൊക്കെയും അതേ ഭാവത്തില്‍ ഞാന്‍ വള്ളത്തില്‍ വീണ്ടുമിരിക്കണം. അതേപോലെയാണു 'മാമാട്ടിക്കുട്ടിയമ്മ'യില്‍ കുഞ്ഞിനെ തിരികെ ചോദിക്കാനായി ഞാന്‍ ചെല്ലുന്ന രംഗം. ബസില്‍ നീണ്ട യാത്രക്കിടയിലാണ്‌ ആ വീട്ടിലെത്തുന്നത്‌. വീട്ടിലെത്തുമ്പോള്‍ കുട്ടി അവളുടെ കളിപ്പാട്ടങ്ങളും വസ്‌ത്രങ്ങളും മറ്റും ഓടിനടന്നു കാണിച്ചുതരികയാണ്‌. കുട്ടിയെ തിരിച്ചുതന്നില്ലെങ്കില്‍ പള്ളിയില്‍ ചെന്നു കാത്തുനില്‍ക്കുന്ന സ്‌ത്രീയോട്‌ എന്തു പറയുമെന്ന മാനസിക സംഘര്‍ഷം പേറുന്ന നിഷ്‌കളങ്കനായ വികാരിയുടെ കഥാപാത്രം. അങ്ങനെയൊരുപാട്‌ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തെടുക്കാനുണ്ട്‌.

? ഏതെങ്കിലും കഥാപാത്രം പിന്നീടു വേട്ടയാടിയിട്ടുണ്ടോ.

മേയ്‌ക്കപ്പണിഞ്ഞാല്‍പിന്നെ ഞാന്‍ കഥാപാത്രമാണ്‌. തിലകനല്ല. പിന്നെ മനസ്‌ ഏകാഗ്രതമാകും. അപ്പോള്‍ പിന്നെ മറ്റൊന്നും ആലോചിക്കില്ല. കഥാപാത്രങ്ങളുടെ മാനറിസങ്ങള്‍ നമ്മള്‍ ഉള്‍കൊള്ളണം. 'ജാതകം' എന്ന സിനിമയില്‍ മരുമകളെ കൊന്നു കിണറ്റിലിട്ട കഥാപാത്രമാണ്‌ എന്റേത്‌. എന്നാല്‍ ഈ വിവരം പ്രേക്ഷകന്‍ അറിയുന്നത്‌ സിനിമയുടെ അവസാനത്തിലാണ്‌. അതുവരെ എന്റെ എല്ലാ സീനിലും ഞാന്‍ നെറ്റിതടവിക്കൊണ്ടിരിക്കുകയാണ്‌. ഈ പ്രകടനം മരുമകളെ കൊന്നതിലുള്ള കുറ്റബോധംകൊണ്ടാണെന്നു പ്രേക്ഷകന്‍ തിരിച്ചറിയുന്നത്‌ അവസാന സീനിലാണ്‌. അതാണു കഥാപാത്രത്തെ ഉള്‍കൊള്ളുന്നതിലെ പ്രത്യേകത.

(കട്ടിലിനു സമീപത്തെ മേശമേലുള്ള ഡിജിറ്റല്‍ കാമറ കൈയിലെടുത്തു തിലകന്‍ ചിത്രങ്ങള്‍ പരിചയപ്പെടുത്തിതുടങ്ങി. കാനഡയിലെ നഗരക്കാഴ്‌ചയും നാട്ടിലെ മഴക്കാലവും സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം കാമറയുടെ സ്‌ക്രീനില്‍ തെളിഞ്ഞു)

? ഫോട്ടോഗ്രഫി ഇപ്പോഴുമുണ്ടോ.


എവിടെ പോയാലും ഈ കാമറ കൂടെയുണ്ടാകും. ഒരു മൂവികാമറയുമുണ്ട്‌. കഴിഞ്ഞ തവണ കാനഡയില്‍ പോയപ്പോള്‍ കണ്ടതത്രയും പകര്‍ത്തിയിട്ടുണ്ട്‌. എന്റെ ഫ്രെയിം എന്റേതു മാത്രമാണ്‌. ഇതുപോലെ മറ്റൊരാള്‍ക്കും പകര്‍ത്താന്‍ പറ്റില്ല. (സ്‌ഥാനം തെറ്റിയ ജാലകവിരിയിലൂടെ അരിച്ചെത്തുന്ന അസ്‌തമയകിരണങ്ങള്‍ മുന്നില്‍ ചിത്രം നെയ്യവെ, തിലകന്‍ കാമറയിലേക്ക്‌ അവ അതിസൂക്ഷ്‌മം ആവാഹിക്കുന്നു)

? ഇനി അമ്മയില്‍ അംഗത്വത്തിനായി അപേക്ഷ നല്‍കുമോ.

ഇനി അമ്മയിലേക്കില്ല. മുമ്പു പെറ്റമ്മ തള്ളിപ്പറഞ്ഞപ്പോള്‍ അവരോടുപോലും കെഞ്ചിനിന്നിട്ടില്ല. അന്ന്‌ പെറ്റമ്മയാണല്ലോ എന്നോര്‍ത്തു വിട്ടു. പിന്നല്ലേ, ഈ 'അമ്മ'. എനിക്കാരുടെയും ഔദാര്യവും അംഗത്വവും വേണ്ട. അല്ലാതെയും ജീവിക്കാന്‍ എനിക്കറിയാം...



തയ്യാറാക്കിയത്‌: ജിനേഷ്‌ പൂനത്ത്‌

New Update

പേജ്‌കാഴ്‌ചകള്‍

Hits ..... Jayachandran

Hot....

Hot....

Muktha

Muktha

Blogger templates

Followers

ചിത്ര വിശേഷം. Blogger പിന്തുണയോടെ.

NeoCounter

ONLINE COUNTER

VISITOR COUNTER

..

..

Featured Posts

ഞങ്ങള്‍ ഇപ്പോള്‍ സികളരിയിലും

ജാലകം

@@

INFUTION Blog

Blog Promotion By
INFUTION

Lorem ipsum

Malayalam Old Hits

Google വാര്‍ത്ത

Andholanam

Popular Posts