സിനിമയിലൊരു ബ്യൂട്ടിഫുള്‍ വിജയം മേനോന്‍ കുമാരന് അനുപമമായി ലഭ്യമായത് ഇപ്പോഴാണ്. അതിലെന്താണ് ഇത്ര വലിയ കാര്യമെന്നു ചോദിക്കുന്നവരുണ്ടാകും, അവര്‍ക്കുവേണ്ടി പറയുകയാണ്. ഒരു വിജയം ലഭിച്ചാലുടന്‍ വിവാഹമെന്ന വാഗ്‌ദാനം ഇദ്ദേഹം ഒരു യുവതിക്ക് നല്‍കിയിരുന്നതായി ശ്രുതിയുണ്ട്. യുവതി അതിനനുസരിച്ചാണ് കാര്യങ്ങള്‍ നീക്കിപ്പോന്നതെന്ന് പറയപ്പെടുന്നു. ഇദ്ദേഹം സഹകരിച്ച എട്ട് ചിത്രങ്ങളിലും യുവതി അവര്‍ണനീയമാംവണ്ണം അഭിനയിച്ചിട്ടുണ്ടത്രെ.
വിവാഹം കഴിക്കാതെ ആണും പെണ്ണും ഒന്നിച്ച് ജീവിക്കുന്ന ലിവിംഗ് ടുഗെദര്‍ രീതിയെ എപ്പോഴും പ്രശംസിച്ച് സംസാരിക്കുന്ന ആളാണ് നായകന്‍. പുതിയ സമൂഹത്തിലെ ഈ ജീവിതരീതിയെ പ്രശംസിച്ചു സംസാരിച്ചിരുന്ന ആളായി ചാനലുകളിലും പത്രങ്ങളിലും ഇദ്ദേഹത്തിന്റെ അഭിമുഖം വരാറുണ്ട്. അപ്പോഴൊക്കെ നായകന്‍ ഈ ജീവിതരീതിയെ പുറത്തുനിന്നു പിന്തുണയ്‌ക്കുന്ന ആളായാണ് പലരും കരുതിയതെങ്കിലും അതേ രീതിയില്‍ ജീവിക്കുന്ന ആളാണെന്ന് അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ അറിയാമായിരുന്നുള്ളൂവത്രെ.
ഈ ജീവിതരീതി പരസ്യമാകുന്നതിനോട് നായകന് കടുത്ത എതിര്‍പ്പാണുള്ളതെന്ന് പറയപ്പെടുന്നു. അപ്പോഴും ഒരു വിജയം തന്റെ പങ്കാളി ഉണ്ടാക്കിയാല്‍ പരസ്യമായി വിവാഹച്ചടങ്ങ് നടത്തി ഒന്നിച്ചുള്ള ജീവിതം തുടരാമെന്നായിരുന്നു നായിക പ്രതീക്ഷിച്ചുപോന്നത്. ഒരു ബ്യൂട്ടിഫുള്‍ വിജയം ഉണ്ടായിട്ടും പരസ്യവിവാഹത്തിന് നായകന്‍ തയാറാകാത്തതിലെ വിഷമം നായിക സുഹൃത്തുക്കള്‍വശം പ്രകടിപ്പിച്ചതായി കേള്‍ക്കുന്നുണ്ട്.
നാടകത്തില്‍നിന്നും സിനിമയിലെത്തിയ കഥാനായിക സൂപ്പര്‍താരം നാടകവേഷം കെട്ടി ഭീമന്‍ വിജയം കൊയ്‌ത നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. നിര്‍ഭാഗ്യംകൊണ്ട് കര്‍ണപീയുഷമായി തോന്നേണ്ട നായികയുടെ നാടകാഭിനയത്തെ കര്‍ണഭാരമായി നായകന്‍ കണ്ടാല്‍ എങ്ങനെയൊരു ബ്യൂട്ടിഫുള്‍ ദാമ്പത്യജീവിതം സാധ്യമാകും? വെറും കോക്‌ടെയില്‍ പാര്‍ട്ടികളില്‍ തളച്ചിടാനുള്ളതല്ല സ്‌ത്രീപുരുഷബന്‌ധമെന്നും ആജീവനാന്തം തുടരേണ്ട ദാമ്പത്യബന്‌ധമാണ് നമ്മുടെ സംസ്‌കാരം വിളംബരം ചെയ്യുന്നതെന്നും പ്രചരിപ്പിക്കുവാന്‍ ബാധ്യസ്‌ഥരായവര്‍തന്നെ അതിനു പുറംതിരിഞ്ഞു നിന്നാലോ?
നായകനുമായി ഒന്നിച്ചുതന്നെ നീങ്ങുകയല്ലാതെ നായികയ്‌ക്ക് വേറെ പോംവഴിയില്ല. യുവാവും യുവതിയുമെന്നൊക്കെ ആലങ്കാരികമായി പറയാമെങ്കിലും രണ്ടു പേരും മധ്യവയസിലേക്ക് പ്രവേശിക്കുകയാണ്. ഇതിനിടെ എപ്പോഴും ഒന്നിച്ചുണ്ടെങ്കിലും ഇവര്‍ തമ്മില്‍ വേറെ ബന്‌ധമൊന്നുമില്ലെന്ന് നായകനടന്റെ ഉറ്റസുഹൃത്തായ നടന്‍ സൂര്യന്റെ പേരില്‍ സത്യം ചെയ്‌തത് ജയം കണ്ടിട്ടില്ലെന്നാണ് വിവരം. വിവാഹം പരസ്യമായി നടത്താന്‍ നായകന്‍ തയാറാകാതിരുന്നാലും ഒന്നും മിണ്ടാതെ ഇപ്പോഴത്തെ നിലയില്‍ മുന്നോട്ട് പോകുകമാത്രമാണ് നായികയ്‌ക്ക് മുന്നിലുള്ള ഏക പോംവഴി. കുടുംബജീവിതത്തെ പവിത്രമായി കാണുന്നവര്‍ക്ക് ഒന്നിച്ചു കഴിഞ്ഞാല്‍ മാത്രം പോരാ, വിവാഹച്ചടങ്ങും വേണമെന്ന അഭിപ്രായമുണ്ടാകും. നായികയും ഇതേ അഭിപ്രായക്കാരിയാണെന്ന് പറയപ്പെടുന്നു. വിവാഹച്ചടങ്ങില്ലാതെയുള്ള ദാമ്പത്യബന്‌ധം അപൂര്‍ണമാണെന്നാണ് ആ നടിയുടെ അഭിപ്രായമത്രെ.
പി.ഇ. ആനന്ദ്